പാതിവില തട്ടിപ്പ് കേസ്; ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകി ആനന്ദകുമാർ, വിശദീകരണം തേടി

പാതിവില തട്ടിപ്പുമായി തനിക്ക് ബന്ധമില്ലെന്നും എൻ ജി ഒ കോൺഫെഡറേഷന്‍റെ ചെയർമാൻ എന്ന നിലയിലാണ് പ്രവർത്തിച്ചതെന്നും ആനന്ദകുമാറിന്‍റെ ജാമ്യാപേക്ഷയിലുണ്ട്. ഹർജി സർക്കാരിന്‍റെ മറുപടിയ്ക്കായി മാറ്റി.

Half price fraud case  Saigramam trust chairman Ananda Kumar files bail plea in High Court

തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസിൽ അറസ്റ്റിലായ സായിഗ്രാം ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാർ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകി. ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ആനന്ദകുമാർ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിൽ ആശുപത്രിയിലാണ്. പാതിവില തട്ടിപ്പുമായി തനിക്ക് ബന്ധമില്ലെന്നും എൻ ജി ഒ കോൺഫെഡറേഷന്‍റെ ചെയർമാൻ എന്ന നിലയിലാണ് പ്രവർത്തിച്ചതെന്നും ആനന്ദകുമാറിന്‍റെ ജാമ്യാപേക്ഷയിലുണ്ട്. ഹൃദയസംബന്ധമായ അസുഖങ്ങൾ നേരത്തെ തന്നെയുണ്ടെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ആനന്ദകുമാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഹർജി സർക്കാരിന്‍റെ മറുപടിയ്ക്കായി മാറ്റി. ക്രൈംബ്രാഞ്ച് മറുപടി നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു. ജാമ്യാപേക്ഷ അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.

ജില്ലാ സെഷൻസ് കോടതി  മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ശാസ്തമംഗലത്തെ വീട്ടിൽ നിന്ന് ആനന്ദകുമാറിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിലെടുത്തത്. സായ് ഗ്രാമിന്റെ അക്കൗണ്ടിലേക്ക് വന്നിട്ടുള്ള പണം വിവിധ സംഘടനകളും വ്യക്തികളും സഹായിച്ചതാണെന്നും തട്ടിപ്പ് പണമല്ലെന്നുമായിരുന്നു മുൻകൂർ ജാമ്യാപേക്ഷയിൽ ആനന്ദ കുമാർ വാദിച്ചത്. എന്നാൽ തട്ടിപ്പിൽ വ്യക്തമായ പങ്കുണ്ടെന്ന് പ്രോസിക്യൂഷന്റെ വാദം പരിഗണിച്ചാണ് തിരുവനന്തപുരം സെഷൻസ് കോടതി ജാമ്യം തള്ളിയത്. തട്ടിപ്പിൽ ആനന്ദ കുമാറിന് നിർണായ പങ്കുണ്ടെന്നാണ് ഒന്നാം പ്രതി അനന്തു കൃഷ്ണന്റെ മൊഴി. സിഎസ്ആര്‍ ഫണ്ട് വാങ്ങാനായി രൂപീകരിച്ച കോണ്‍ഫഡറേഷൻ ഓഫ് എൻജിഒ എന്ന സംഘടനയുടെ പ്രസിഡൻ്റെന്ന നിലയിൽ ആനന്ദ് കുമാറിനെ എല്ലാ മാസവും പ്രതിഫലവും ലഭിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. 

Latest Videos

click me!