കൊച്ചിയിൽ രണ്ടിടങ്ങളിൽ നിന്നായി MDMA-യുമായി രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. എളമക്കരയിലും ആലുവയിലുമായിരുന്നു ലഹരി വേട്ട.
കൊച്ചി: കൊച്ചിയിൽ രണ്ടിടങ്ങളിൽ നിന്ന് എംഡിഎംഎയുമായി രണ്ടു പേർ അറസ്റ്റിൽ. എളമക്കരയിൽ മുഹമ്മദ് നിഷാദ് എന്ന യുവാവ് 500 ഗ്രാം എംഡിഎംഎയുമായി പിടിയിലായി. ഇയാളുടെ വീട്ടിൽ നിന്നാണ് ലഹരി മരുന്ന് കണ്ടെത്തിയത്. വിവരം ലഭിച്ചെത്തിയ ഡാൻസാഫ് സംഘം വീട്ടിൽ പരിശോധന നടത്തുകയായിരുന്നു. മുഹമ്മദ് നിഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ നഗരത്തിലെ ലഹരി എത്തിക്കുന്ന മൊത്തക്കച്ചവടക്കാരനാണെന്നാണ് പൊലീസ് നൽകുന്ന വിവരം.
ആലുവയിൽ മുട്ടം മെട്രോ ലോഡ്ജിന് സമീപമാണ് രണ്ടാമത്തെ ലഹരി വേട്ട നടന്നത്. കൊച്ചി ഡാൻസായും ആലുവ പൊലീസും ചേർന്ന് നടത്തിയ പരിശോധനയിൽ വൈപ്പിൻ ഓച്ചന്തുരുത്ത് പുളിക്കൽ വീട്ടിൽ ഷാജി എന്ന 53 കാരനെ പിടികൂടിയത്. ഇയാളുടെ പക്കൽ നിന്ന് നിന്ന് 47 ഗ്രാം എംഡിഎംഎ പിടികൂടി. ലഹരിക്കെതിരെ കേരള പൊലീസ് ആരംഭിച്ച ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി സംസ്ഥാനത്ത് ഉടനീളം പരിശോധനകൾ നടന്നുവരികയാണ്. കഴിഞ്ഞ ദിവസം മാത്രം 2128 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധ തരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 117 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 128 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (0.42 ഗ്രാം), കഞ്ചാവ് (3.231 കി.ഗ്രാം), കഞ്ചാവ് ബീഡി (81 എണ്ണം) എന്നിവ പോലീസ് പിടിച്ചെടുക്കുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം