ഗർഭഛിദ്രം നടത്താൻ സുകാന്ത് വ്യാജ വിവാഹ സർട്ടിഫിക്കറ്റും ക്ഷണക്കത്തുമുണ്ടാക്കി; കൂടുതൽ തെളിവുകൾ പുറത്ത്

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗത്തിൽ നിന്നും ജോലി കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷമാണ് യുവതി ട്രെയിനു മുന്നിൽ ചാടിയത്.


തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ പ്രതിചേർക്കപ്പെട്ട സഹപ്രവർത്തകൻ സുകാന്ത് സുരേഷിനെതിരെ പൊലീസിന് കൂടുതൽ തെളിവുകൾ കിട്ടി. ഉദ്യോഗസ്ഥയെ ഗർഭഛിദ്രം നടത്താൻ സുകാന്ത് ആശുപത്രിയിൽ വ്യാജരേഖകൾ ഹാജരാക്കിയെന്നാണ് കണ്ടെത്തൽ. ഇരുവരും വിവാഹിതരാണെന്ന് കാണിക്കാൻ വ്യാജക്ഷണക്കത്ത് വരെ ഉണ്ടാക്കിയെന്നാണ് പൊലീസ് കണ്ടെത്തിയത്.

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗത്തിൽ നിന്നും ജോലി കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷമാണ് യുവതി ട്രെയിനു മുന്നിൽ ചാടിയത്. ആരോപണവിധേയനായ സഹപ്രവർത്തകനും സുഹൃത്തുമായ സുകാന്ത് സുരേഷിനെതിരെ കഴിഞ്ഞ ദിവസം പീഡനക്കുറ്റം ചുമത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സുകാന്തിനെതിരെ പ്രധാനപ്പെട്ട വിവരങ്ങൾ ലഭിക്കുന്നത്. ട്രെയിനിംഗ് സമയത്താണ് ഇവരുവരും അടുപ്പത്തിലായത്. തിരുവനന്തപുരത്ത് ജോലി ചെയ്തിരുന്ന യുവതിയെ എറണാകുളത്തേക്ക് സുകാന്ത് വിളിച്ചുവരുത്തുമായിരുന്നു. ഗർഭിണിയായ പെൺകുട്ടിയെ കഴിഞ്ഞ ജൂലായിൽ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി ഗർഭഛിദ്രം നടത്തി. ഇരുവരും വിവാഹിതരാണന്ന തെളിയിക്കാൻ വിവാഹ സർട്ടിഫിക്കറ്റ് വ്യാജമായി ഉണ്ടാക്കിയെന്നാണ് പൊലീസ് കണ്ടെത്തൽ. ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ ബാഗിൽ നിന്നാണ് ഈ രേഖകൾ പൊലീസിന് ലഭിക്കുന്നത്. 

Latest Videos

മരിച്ച പെൺകുട്ടിക്ക് വിവാഹം വാഗ്ദാനം നൽകിയെന്നാണ് വിവരം. ഈ ബന്ധം ഉള്ളപ്പോൾ തന്നെ സുകാന്ത് മറ്റൊരു പെൺ കുട്ടിയുമായും അടുപ്പം പുലർത്തി. ഗർഭഛിദ്രത്തിന് ശേഷം ബന്ധത്തിൽ നിന്നും പിൻമാറാൻ സുകാന്ത് ശ്രമിച്ചു. പെൺകുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് വിവാഹത്തിൽ നിന്നും പിൻമാറുന്നതായി അയച്ച സന്ദേശം പൊലീസിന് ലഭിച്ചു. മൂന്നു കാൽ ലക്ഷം രൂപ പെൺകുട്ടിയുടെ അക്കൗണ്ടിൽ നിന്നും സുകാന്തിൻെറ അക്കൗണ്ടിലേക്ക് മറ്റിയതിൻെറ തെളിവുകളും പൊലീസ് ശേഖരിച്ചു. സുകാന്ത് ഇപ്പോഴും ഒളിവിലാണ്. മുൻകൂർ ജാമ്യം തേടി സുകാന്ത് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. സുകാന്തിനെതിരായ തെളിവ് നിരത്തിയുള്ള വിശദമായ റിപ്പോർട്ട് അന്വേഷണ സംഘം ഹൈക്കോടതിയിൽ നൽകും.

പാൻ കാർഡ് ഉടമകൾക്ക് മുന്നറിയിപ്പുമായി സിബിഡിടി; ഈ തീയതി മുതൽ പ്രവർത്തനരഹിതമായേക്കാം കാരണം ഇത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

 


 

click me!