കേന്ദ്രം കൽപ്പിച്ചാൽ ഏറാൻ മൂളുന്ന ഗവർണർമാർ മനസിലാക്കണം . പാഠം ഉൾക്കൊള്ളണമെന്നും ബിനോയ് വിശ്വം പറഞ്ഞു. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ബിനോയ് വിശ്വം.
തിരുവനന്തപുരം: ഗവർണറുടെ അധികാരം സംബന്ധിച്ച സുപ്രീംകോടതി വിധി കേന്ദ്ര സർക്കാരിന്റെ കരണക്കുറ്റിക്ക് ഏറ്റ അടിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇതുകൊണ്ടും മോദിയും അമിത്ഷായും പാഠം പഠിക്കുമെന്ന് തോന്നുന്നില്ല. കോടതി വിധിയുടെ അന്ത:സത്തയിൽ ജനാധിപത്യ ബോധത്തോടെ ഇനിയെങ്കിലും ഇടപെടണം. കേന്ദ്രം കൽപ്പിച്ചാൽ ഏറാൻ മൂളുന്ന ഗവർണർമാർ മനസിലാക്കണം . പാഠം ഉൾക്കൊള്ളണമെന്നും ബിനോയ് വിശ്വം പറഞ്ഞു. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ബിനോയ് വിശ്വം.
നിയമസഭക്കും സംസ്ഥാന സർക്കാരിനും ഉള്ള അധികാരങ്ങൾ വ്യക്തമാണ്. ബില്ലുകൾ തോന്നിവാസം പോലെ മാറ്റിവക്കുന്നവർക്ക് തിരിച്ചടിയാണിത്. വിഡ്ഢിവേഷം കെട്ടിയവർക്കും കെട്ടിച്ചവർക്കും തിരിച്ചടിയാണ്. വിധിയെ സിപിഐ സ്വാഗതം ചെയ്യുന്നു. സിപിഐ സമ്മേളനങ്ങളിൽ പാർട്ടിയുടെ നൻമക്ക് വേണ്ടി ചിലത് ചെയ്യും. മാധ്യമങ്ങളുമായി സംഘർഷത്തിനില്ല. പാർട്ടിക്ക് അകത്ത് വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.
നിയമസഭ പാസാക്കിയ ബില്ലുകൾ പിടിച്ചുവയ്ക്കുന്ന ഗവർണമാരുടെ നടപടിക്കെതിരായാണ് സുപ്രീംകോടതി വിധി. ഗവർണർക്ക് ബില്ലുകളിൽ തീരുമാനമെടുക്കാൻ കോടതി സമയപരിധി നിശ്ചയിച്ചു. ബില്ലുകളിൽ പരമാവധി മൂന്ന് മാസത്തിനുള്ളിൽ ഇനി തീരുമാനം എടുക്കണം. ബില്ലുകൾ വീണ്ടും പാസാക്കി നിയമസഭ തിരിച്ച് അയച്ചാൽ പരമാവധി ഒരു മാസത്തിനുള്ളിൽ തീരുമാനമെടുക്കണം. ബില്ല് തടഞ്ഞു വയ്ക്കുകയോ രാഷ്ട്രപതിക്ക് അയക്കാനായോ തീരുമാനിക്കുകയാണെങ്കിൽ ഒരു മാസത്തിനകം ഗവർണർ നടപടി സ്വീകരിക്കണം. അനുച്ഛേദം 200 അനുസരിച്ച് ഗവർണറുടെ വിവേചനാധികാരം എന്നൊന്നില്ല. സംസ്ഥാന സർക്കാരിൻറെ ഉപദേശത്തിന് അനുസരിച്ചാകണം ഗവർണർ പ്രവർത്തിക്കേണ്ടത്. ഗവർണർക്കെതിരായ തമിഴ്നാട് സർക്കാരിൻറെ ഹർജിയിലാണ് നിർണായക ഉത്തരവ്.
തമിഴ്നാട് ഗവർണർ തടഞ്ഞുവച്ച പത്തു ബില്ലുകളും സുപ്രീംകോടതി അംഗീകരിച്ചു. പത്തു ബില്ലുകൾക്കും അംഗീകാരം കിട്ടിയതായി കണക്കാക്കാം എന്ന് കോടതി വ്യക്തമാക്കി. ഒരു ഭരണഘടന എത്ര നല്ലതായാലും അത് നടപ്പാക്കുന്നവർ ശരി അല്ലെങ്കിൽ മോശമാണെന്ന് തോന്നുമെന്ന അംബേദ്ക്കറുടെ വാക്കുകൾ കോടതി വിധിയിൽ ഉദ്ധരിച്ചു. അനുച്ഛേദം 200 പ്രകാരം നടപടികളിൽ ഒന്ന് സ്വീകരിച്ചേ മതിയാകൂ എന്ന് സുപ്രീം കോടതി ഉത്തരവിൽ പറയുന്നു. നിയമങ്ങൾ ജനങ്ങളുടെ ആവശ്യത്തിനായി കൊണ്ടുവരുന്നതാണ്. ബില്ലുകൾ പിടിച്ചുവച്ച തമിഴ്നാട് ഗവർണറുടെ നടപടി നിയമവിരുദ്ധമാണ്. നിയമസഭ ബില്ലുകൾ വീണ്ടും പാസാക്കി അയച്ചാൽ രാഷ്ട്രപതിക്ക് വിടാൻ അവകാശമില്ല. ആദ്യ ബില്ലിൽ നിന്ന് വ്യത്യസ്തമെങ്കിലേ ഇതിന് അധികാരമുള്ളൂ. ഗവർണ്ണർക്ക് സമ്പൂർണ്ണ വീറ്റോ അധികാരമില്ല. ഭരണഘടനയിൽ വീറ്റോ അധികാരം നൽകിയിട്ടില്ല. ജനങ്ങളുടെ ക്ഷേമത്തിനായിട്ടാണ് സർക്കാരുകൾ നിയമം കൊണ്ടുവരുന്നത്. അതിൽ തടയിടുന്ന നിലപാട് ശരിയല്ല. സംസ്ഥാന സർക്കാരിനെ തടയുകയല്ല ഗവർണറുടെ ചുമതലയെന്നും കോടതി വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം