2013 ഒക്ടോബർ 29ന് അമ്മയും 2 കാമുകന്മാരും ചേർന്ന് 4 വയസ്സുകാരിയെ കൊലപ്പെടുത്തി എന്നാണ് കേസ്. യുവതിയുടെ ആദ്യ വിവാഹത്തിലെ കുട്ടിയാണ് കൊല്ലപ്പെട്ടത്.
ദില്ലി: ചോറ്റാനിക്കരയിൽ 4 വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ ശിക്ഷ കുറച്ച കേരള ഹൈക്കോടതി നടപടിക്കെതിരെ സംസ്ഥാനസർക്കാർ നൽകിയ അപ്പീലിൽ സുപ്രീംകോടതി നോട്ടീസ്. കേസിലെ പ്രതികളായ റാണി, ഇവരുടെ കാമുകൻ രഞ്ജിത്ത് എന്നിവർക്ക് വിചാരണക്കോടതി നൽകിയ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചിരുന്നു. ഒപ്പം കൊലപാതക കുറ്റം റദ്ദാക്കി പകരം മനഃപൂർവമല്ലാത്ത നരഹത്യയുമാക്കി. ഇതിനെതിരെയാണ് സംസ്ഥാനസർക്കാർ അപ്പീൽ നൽകിയത്. ജസ്റ്റിസ് പങ്കജ് മിത്തൽ, ജസ്റ്റിസ് എസ് വി എൻ ഭാട്ടി എന്നിവരുടെ ബെഞ്ചിന്റെയാണ് നടപടി.
2013 ഒക്ടോബർ 29ന് അമ്മയും 2 കാമുകന്മാരും ചേർന്ന് 4 വയസ്സുകാരിയെ കൊലപ്പെടുത്തി എന്നാണ് കേസ്. യുവതിയുടെ ആദ്യ വിവാഹത്തിലെ കുട്ടിയാണ് കൊല്ലപ്പെട്ടത്. തങ്ങളുടെ സ്വൈര്യജീവിതത്തിന് തടസ്സമാകുമെന്നു കരുതി മൂവരും ചേർന്ന് കുട്ടിയെ കൊലപ്പെടുത്തിയെന്ന് പ്രോസിക്യൂഷൻ വാദം. കേസിലെ ഒന്നാം പ്രതിയായ എറണാകുളം മീമ്പാറ കൊന്നംപറമ്പില്‍ രഞ്ജിത്തിന് വധശിക്ഷയും രണ്ടാം പ്രതിയും കുട്ടിയുടെ അമ്മയുമായ തിരുവാണിയുര്‍ ആലുങ്കല്‍ റാണി, സുഹൃത്ത് തിരുവാണിയൂര്‍ കുരിക്കാട്ടില്‍ ബേസിൽ കെ ബാബു എന്നിവർക്ക് ജീവപര്യന്തവുമാണ് വിചാരണ കോടതി വിധിച്ചത്. ഇതിനെതിരെ നൽകിയ അപ്പീലിലാണ് ഹൈക്കോടതി ശിക്ഷ കുറച്ചത്. ഒന്നാം പ്രതിക്കെതിരെ ചുമത്തിയിരുന്ന പോക്സോ കേസും കുട്ടിയുടെ അമ്മയ്ക്കെതിരെ ചുമത്തിയ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമുള്ള കുറ്റവും ഹൈക്കോടതി റദ്ദാക്കിയിരുന്നു റദ്ദാക്കി. 25 മുറിവുകളാണ് കുട്ടിയുടെ ശരീരത്തിൽ ഉണ്ടായിരുന്നത്. ഇതിൽ തലയ്ക്കേറ്റ ആഘാതമാണ് മരണത്തിലേക്ക് നയിച്ചതെന്നായിരുന്നു കണ്ടെത്തൽ. കേസിൽ സുപ്രീംകോടതിയിൽ സംസ്ഥാനസർക്കാരിനായി സ്റ്റാൻഡിംഗ് കൌൺസൽ ഹർഷദ് വി ഹമീദ് ഹാജരായി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം