ഏറെ നാടകീയത നിറഞ്ഞ നിമിഷങ്ങള്‍ക്കൊടുവിലാണ് താരം ബാംഗ്ലൂര്‍ ടീമിലേക്ക് പകരക്കാരന്‍റെ റോളില്‍ തിരിച്ചെത്തിയത് എന്നതാണ് വസ്‌തുത
മുംബൈ: ഐപിഎല്‍ പതിനാറാം സീസണിനിടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിലേക്ക് കേദാര്‍ ജാദവ് തിരിച്ചെത്തിയത് നാടകീയമായി. 2016, 2017 സീസണുകളില്‍ ആര്‍സിബിക്കായി കളിച്ചിട്ടുള്ള താരം ഇക്കുറി ഡേവിഡ‍് വില്ലിക്ക് പരിക്കേറ്റതോടെ പകരക്കാരനായി ടീമിലേക്ക് എത്തുകയായിരുന്നു. ഏറെ നാടകീയത നിറഞ്ഞ നിമിഷങ്ങള്‍ക്കൊടുവിലാണ് താരം ബാംഗ്ലൂര്‍ ടീമിലേക്ക് പകരക്കാരന്‍റെ റോളില്‍ തിരിച്ചെത്തിയത് എന്നതാണ് വസ്‌തുത. ഇതിനെ കുറിച്ച് കേദാര്‍ ജാദവ് തന്നെ വിശദീകരിച്ചു.
'ആര്‍സിബിയിലേക്ക് മടങ്ങിയെത്തിയത് വലിയ സര്‍പ്രൈസായിരുന്നു. എന്നാല്‍ സന്തോഷകരമായ ഒന്ന്. ടീമിലേക്ക് വിളിച്ചതിന് ആര്‍സിബിയുടെ സപ്പോര്‍ട്ട് സ്റ്റാഫിന് നന്ദിയറിയിക്കുന്നു. കഴിവിന്‍റെ 110 ശതമാനം മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് ഞാനുറപ്പ് തരുന്നു. ഞാന്‍ കമന്‍റേറ്ററായിരിക്കേ സഞ്ജയ് ബാംഗര്‍(ആര്‍സിബി മുഖ്യ പരിശീലകന്‍) വിളിക്കുകയായിരുന്നു. എന്താണ് ചെയ്യുന്നത് എന്ന് എന്നോട് ചോദിച്ചു, കമന്‍ററി പറയുകയാണ് എന്ന് ഞാന്‍ മറുപടി പറഞ്ഞു. ഇപ്പോഴും പരിശീലനം നടത്തുന്നുണ്ടോ എന്ന് ചോദിച്ചു. ആഴ്‌ചയില്‍ രണ്ടുവട്ടം ഉണ്ടെന്ന് പറഞ്ഞു. എന്‍റെ ഫിറ്റ്‌നസിനെ കുറിച്ച് ആരാഞ്ഞു. സ്ഥിരമായി ജിമ്മില്‍ പരിശീലനം നടത്താറുണ്ട് എന്നും നല്ല ഫിറ്റ്‌നസിലാണെന്നും വ്യക്തമാക്കി. കുറച്ച് സമയത്തിന് ശേഷം വിളിക്കാം എന്ന് പറഞ്ഞ് അദേഹം ഫോണ്‍ തട്ട് ചെയ്‌തു. ആര്‍സിബിക്കായി കളിക്കാന്‍ ക്ഷണിക്കുമെന്ന് ആ നിമിഷം എനിക്ക് വ്യക്തമായി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയപ്പോള്‍ മികച്ച പ്രകടനം കാഴ്‌ചവെക്കാനായി. പരിചയസമ്പത്ത് കൊണ്ടുള്ള പ്രയോജനമാണിത്. ഇരുപതുകളുടെ തുടക്കത്തില്‍ റണ്‍സ് കണ്ടെത്താനുള്ള അതേ ആവേശം എനിക്ക് ഇപ്പോഴുമുണ്ട്' എന്നും കേദാര്‍ ജാദവ് വ്യക്തമാക്കി.
undefined
ശനിയാഴ്‌ച്ച ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരെയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ അടുത്ത മത്സരം. മുമ്പ് രണ്ട് സീസണുകളിലായി 17 മത്സരങ്ങളില്‍ ആര്‍സിബിക്കായി കളിച്ച ജാദവ് 23.92 ശരാശരിയിലും 142.66 സ്ട്രൈക്ക് റേറ്റിലും 311 റണ്‍സ് നേടി. ഒന്‍പത് മത്സരങ്ങളില്‍ 10 പോയിന്‍റുമായി പട്ടികയില്‍ നിലവില്‍ അഞ്ചാം സ്ഥാനക്കാരാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍.
Read more: കരിയറില്‍ വലിയ റോള്‍ വഹിച്ച രണ്ടാളുടെ പേരുമായി യശസ്വി ജയ്‌സ്വാള്‍; സഞ്ജു സാംസണ്‍ അല്ല