പാക് സൈനിക വ്യൂഹത്തിന് നേരെ ബലൂച് ഭീകരാക്രമണം, 90 സൈനികരെ വധിച്ചെന്ന് ബിഎൽഎ; നിഷേധിച്ച് പാകിസ്ഥാൻ

3 സൈനികരടക്കം 5 പേർ മാത്രമാണ് കൊല്ലപ്പെട്ടതെന്നാണ് സൈന്യം പറയുന്നത്


ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ വീണ്ടും ഭീകരാക്രമണം. പാക് സൈനിക വ്യൂഹം ആക്രമിച്ചതായി ബലൂച് ലിബറേഷൻ ആർമി. ക്വറ്റയിൽ നിന്ന് തഫ്താനിലേക്ക് പോയ സൈനിക വ്യൂഹത്തിന് നേരെയാണ് ഭീകരാക്രമണം ഉണ്ടായത്. 90 പാക് സൈനികരെ വധിച്ചുവെന്ന് ബി എൽ എ അവകാശപ്പെട്ടു. എന്നാൽ ഇത് പാക് സൈന്യം നിഷേധിച്ചു. 3 സൈനികരടക്കം 5 പേർ മാത്രമാണ് കൊല്ലപ്പെട്ടതെന്നും സൈന്യം വ്യക്തമാക്കി. ഏറ്റുമുട്ടലിൽ 8 തീവ്രവാദികളെ കൊലപ്പെടുത്തിയതായും പാക് സൈന്യം പറഞ്ഞു. ബൂലൂച് ലിബറേഷൻ ആർമി പാകിസ്ഥാനിൽ ജാഫ‍ർ എക്സ്പ്രസ് ട്രെയിൻ തട്ടിയെടുത്ത് യാത്രക്കാരെ ബന്ദികളാക്കിയത് രണ്ട് ദിവസം മുൻപായിരുന്നു. ബന്ദികളെ മുഴുവൻ പാക് സൈന്യം മോചിപ്പിച്ചതിന് പിന്നാലെയാണ് പുതിയ ഭീകരാക്രമണത്തിന്‍റെ വാ‍ർത്ത എത്തുന്നത്.

ലഷ്കറെ ഭീകരൻ അബു ഖത്തൽ പാകിസ്ഥാനിൽ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

Latest Videos

അതിനിടെ പാകിസ്ഥാനിൽ നിന്നും പുറത്തുവന്ന വാർത്ത ലഷ്‌കര്‍ ഇ ത്വയ്ബയുടെ കൊടും ഭീകരൻ അബു ഖത്തല്‍ വെടിയേറ്റു മരിച്ചു എന്നതാണ്. ശനിയാഴ്ച രാത്രിയാണ് സംഭവം. ഇസ്ലാമാബാദിന് സമീപം ഒരു യോഗത്തിൽപങ്കെടുത്ത് ജീപ്പിൽ മടങ്ങുമ്പോൾ അജ്ഞാതരായ രണ്ടു പേർ ബൈക്കിൽ എത്തി അബു ഖത്തലിനെ വെടിവെച്ചു കൊല്ലുകയായിരുന്നു. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സയീദിന്റെ അടുത്ത ബന്ധുവും ഉറ്റ അനുയായിയും ആണ് കൊല്ലപ്പെട്ട അബു ഖത്തല്‍. സിയാവുർ റഹ്‌മാൻ എന്നാണ് ഇയാളുടെ യഥാർത്ഥ പേര്. ഭീകര സംഘടന ആയ ലഷ്‌കര്‍ ഈ ത്വയ്ബയുടെ ചീഫ് ഓപ്പറേഷണല്‍ കമാന്‍ഡറായി ഖത്തലിനെ നിയമിച്ചത് ഹാഫിസ് സയിദായിരുന്നു. ജമ്മു കശ്മീരില്‍ നടന്ന നിരവധി ഭീകരാക്രമണങ്ങളുടെ സൂത്രധാരനാണ് കൊല്ലപ്പെട്ട ഖത്തല്‍. ഇന്ത്യയിൽ ദേശീയ അന്വേഷണ ഏജന്‍സി കാലങ്ങളായി തെരയുന്ന ഭീകരവാദിയാണ് ഇയാൾ. കഴിഞ്ഞ രണ്ടു വർഷത്തിനിടെ പന്ത്രണ്ടിലേറെ ഭീകര സംഘടനാ നേതാക്കൾ ആണ് പാകിസ്ഥാനിൽ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!