ഭൂകമ്പം തകർത്ത മ്യാൻമറിനെ സഹായിക്കാനുള്ള ദൗത്യത്തിന് ഓപ്പറേഷൻ ബ്രഹ്മ എന്ന പേര് നൽകി കേന്ദ്ര സർക്കാർ. 80 അംഗ എൻഡിആർഎഫ് സംഘത്തെയും 118 പേരടങ്ങുന്ന മെഡിക്കൽ സംഘത്തെയും ഇന്ത്യ മ്യാൻമറിലേക്കയച്ചു.
ദില്ലി: ഭൂകമ്പം തകർത്ത മ്യാൻമറിനെ സഹായിക്കാനുള്ള ദൗത്യത്തിന് ഓപ്പറേഷൻ ബ്രഹ്മ എന്ന പേര് നൽകി കേന്ദ്ര സർക്കാർ. 80 അംഗ എൻഡിആർഎഫ് സംഘത്തെയും 118 പേരടങ്ങുന്ന മെഡിക്കൽ സംഘത്തെയും ഇന്ത്യ മ്യാൻമറിലേക്കയച്ചു. മ്യാൻമറിലെ 16,000 ഇന്ത്യക്കാർ സുരക്ഷിതരാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
പുലർച്ചെ മൂന്നു മണിക്കാണ് മ്യാൻമറിന് സഹായവുമായി ആദ്യ വ്യോമസേന വിമാനം ദില്ലിക്കടുത്തെ ഹിൻഡൻ താവളത്തിൽ നിന്ന് പറന്നത്. പിന്നീട് നാലു വിമാനങ്ങൾ കൂടി മ്യാൻമറിലേക്കയച്ചു. 15 ടൺ ദുരിതാശ്വാസ സാമഗ്രികളാണ് മ്യാൻമറിലെത്തിച്ചത്. എൺപതംഗ എൻഡിആർഎഫ് സംഘം രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാകും. ആഗ്രയിൽ നിന്ന് കരസേനയുടെ ഫീൽഡ് ആശുപത്രി സംഘവും മ്യാൻമറിലെത്തും.
ആറ് വനിത ഡോക്ടർമാരും സംഘത്തിലുണ്ട്. ആംബുലൻസുകളും ശസ്ത്രക്രിയയ്ക്കും എക്സ്റേക്കും ഉള്ള സൗകര്യങ്ങളും കരസേന എത്തിക്കും. നാല് നാവികസേന കപ്പലുകളും മ്യാൻമറിലേക്ക് തിരിച്ചു. 50 ടൺ ദുരിതാശ്വാസ സാമഗ്രികൾ ഈ കപ്പലുകളിൽ കൊണ്ടു പോകുന്നുണ്ട്. ആവശ്യമായ എല്ലാ സഹായവും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തെന്ന് സേന ഉദ്യോഗസ്ഥരുടെ സാന്നിധ്യതതിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ വിദേശകാര്യവക്താവ് രൺധീർ ജയ്സ്വാൾ അറിയിച്ചു.
മ്യാൻമറിലെ പതിനാറായിരത്തോളം ഇന്ത്യക്കാരുമായി സമ്പർക്കത്തിലാണെന്നും എല്ലാവരും സുരക്ഷിതരാണെന്നും ഇന്ത്യൻ എംബസി അറിയിച്ചു. ബാങ്കോക്കിൽ നടക്കുന്ന ബിംസ്റ്റെക് ഉച്ചകോടിക്കായി പ്രധാനമന്ത്രി പോകുന്നതിൽ മാറ്റമില്ലെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.