സൈനിക നടപടി ചർച്ച ചെയ്യുന്ന അമേരിക്കൻ ഉന്നതരുടെ ഗ്രൂപ്പിൽ മാധ്യമപ്രവർത്തകൻ; ഉത്തരവാദിത്തം ഏറ്റെടുത്ത് വാൾട്സ്

ഹൂതികള്‍ക്കെതിരായ സൈനിക നീക്കം ചർച്ച ചെയ്യാൻ ട്രംപ് ഭരണകൂടം രൂപീകരിച്ച ഗ്രൂപ്പിൽ 'ദ അറ്റ്ലാന്റിക്' എഡിറ്റർ ഇൻ ചീഫ് ജെഫ്രി ഗോൾഡ്ബെർഗിനെയാണ് അബദ്ധത്തിൽ ഉൾപ്പെടുത്തിയത്.

journalist accidently added to the signal group of top American leaders discussing war plans in Yeman

ന്യൂയോർക്ക്: ഹൂതികള്‍ക്കെതിരായ സൈനിക നടപടി ചര്‍ച്ച ചെയ്യാന്‍ രൂപീകരിച്ച ട്രംപ് ഭരണകൂടത്തിലെ ഉന്നതരുടെ ഗ്രൂപ്പില്‍ മാധ്യമ പ്രവര്‍ത്തകന്‍ ഉള്‍പ്പെട്ടതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്സ്. വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് ഉൾപ്പെടെയുള്ളവർ അതീവ പ്രാധാന്യമുള്ള രഹസ്യ വിവരങ്ങൾ പരസ്പരം കൈമാറിയ ഗ്രൂപ്പിൽ 'ദ അറ്റ്ലാന്റിക്' മാഗസിൻ എഡിറ്റർ ഇൻ ചീഫ് ജെഫ്രി ഗോൾഡ്ബെർഗിനെയാണ് അബദ്ധത്തിൽ ഉൾപ്പെടുത്തിയത്. അതേസമയം സിഗ്നൽ ചാറ്റിലെ കൂടുതൽ വിവരങ്ങൾ അറ്റ്‍ലാന്റിക് മാഗസിൻ പുറത്തുവിട്ടു. 

മാധ്യമ പ്രവർത്തകനെ ഗ്രൂപ്പിൽ ഉൾപ്പെടുത്തിയതിന്റെ പൂർണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്നും താനാണ് ആ ഗ്രൂപ്പ് ഉണ്ടാക്കിയതെന്നും മൈക്ക് വാൾട്സ് ഒരു ടെലിവിഷൻ ചാനലിനോട് സംസാരിക്കവെ പറഞ്ഞു. അപമാനകരമായ സംഭവമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവം വലിയ സുരക്ഷാ വീഴ്ചയായി വിലയിരുത്തപ്പെടുന്നുണ്ടെങ്കിലും രഹസ്യ വിവരങ്ങളൊന്നും ചോർന്നിട്ടില്ലെന്നും സുരക്ഷാ പ്രശ്നമില്ലെന്നുമാണ് ഇന്റലിജൻസ് തലവന്മാരുടെ അവകാശവാദം. മൈക്ക് വാൾട്സ് എന്ന പേരിൽ നിന്ന് തന്നെയാണ് തന്നെ സിഗ്നൽ ആപ്പിലെ ഗ്രൂപ്പിൽ ആഡ് ചെയ്തതെന്ന് ദ അറ്റ്ലാന്റിക് എഡിറ്റർ ഇൻ ചീഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. 

Latest Videos

യെമനിൽ ഹൂതികൾക്കെതിരെ അമേരിക്ക നടത്താൻ പദ്ധതിയിട്ട ആക്രമണങ്ങൾ സംബന്ധിച്ച അതീവ രഹസ്യമായ വിവരങ്ങൾ, ആയുധങ്ങളുടെ വിശദാംശങ്ങൾ, സമയം, ലക്ഷ്യസ്ഥാനം എന്നിങ്ങനെയുള്ള എല്ലാ വിവരങ്ങളും ആക്രമണത്തിന് രണ്ട് മണിക്കൂർ മുമ്പ് തന്നെ ഗ്രൂപ്പ് വഴി തനിക്ക് ലഭിച്ചതായി ജെഫ്രി ഗോൾഡ്ബെർഗ് അവകാശപ്പെട്ടു. ഗ്രൂപ്പിലെ നിരവധി വിവരങ്ങൾ അറ്റ്ലാന്റിക് മാഗസിൻ പുറത്തുവിടുകയും ചെയ്തു. ഹൂതികൾക്കെതിരായ ആക്രമണത്തെക്കുറിച്ച് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് ചില ആശങ്കകൾ പങ്കുവെയ്ക്കുന്ന ചാറ്റുകളും പുറത്തുവന്നതിൽ ഉൾപ്പെടുന്നു.

അതേസമയം ജെഫ്രി ഗോൾഡ്ബെർഗ് എങ്ങനെ ഗ്രൂപ്പിൽ ഉൾപ്പെട്ടുവെന്ന് ടെലിവിഷൻ ചാനലിനോട് സംസാരിക്കുമ്പോഴും ദേശീയ സുരക്ഷാ ഉപദേഷ്ടാവിന് വിശദീകരിക്കാനായില്ല. ഇക്കാര്യം സാങ്കേതിക വിദഗ്ദർ പരിശോധിക്കുമെന്നും ജെഫ്രിയുടെ നമ്പർ തന്റെ ഫോണിൽ ഉണ്ടായിരുന്നില്ലെന്നും ജെഫ്രിയെ തനിക്ക് തീരെ അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കൻ പ്രതിരോധ സെക്രട്ടറി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് എന്നിങ്ങനെ നിരവധി ഉന്നതരാണ് ഈ ഗ്രൂപ്പിൽ വിവരങ്ങൾ കൈമാറിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

vuukle one pixel image
click me!