ട്രംപിന്‍റെ തീരുവക്ക് മറുപടിയായി അമേരിക്കൻ ഉത്പന്നങ്ങൾക്ക് 34% തീരുവ ചുമത്തി ചൈന. ഇത് ആഗോള വ്യാപാര യുദ്ധത്തിന് തുടക്കമിടുമോ എന്ന് ലോകം ഉറ്റുനോക്കുന്നു
ബെയ്ജിംഗ്: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പകര തീരുവ പ്രഖ്യാപനം ആഗോള തലത്തിലുള്ള വ്യാപാര യുദ്ധത്തിന് കാരണമാകുമോ എന്ന ആശങ്ക ശക്തമാകുന്നു. ട്രംപിന്‍റെ തീരുവ പ്രഖ്യാപനത്തിന് വിവിധ ലോക രാജ്യങ്ങളും അതേനാണയത്തിൽ തിരിച്ചടി തുടരുകയാണ്. ഏറ്റവും ഒടുവിലായി ചൈനയാണ് അമേരിക്കക്ക് തിരിച്ചടി നൽകിയിരിക്കുന്നത്. അമേരിക്ക പ്രഖ്യാപിച്ചത് പോലെ ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് 34 ശതമാനം തീരുവയാണ് ചൈനയും ചുമത്തിയിരിക്കുന്നത്. നിലവിലുള്ള തീരുവയ്ക്കു പുറമെയായിരിക്കും 34% പുതിയ തീരുവ ഏർപ്പെടുത്തുകയെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
നേരത്തെ ഗാഡോലിനിയം ഉൾപ്പെടെ 7 അപൂർവ ധാതുക്കൾ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നതിന് ചൈനീസ് വാണിജ്യ മന്ത്രാലയം നിയന്ത്രണങ്ങളേർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്‍റെ പകരത്തീരുവ നീക്കത്തിനെതിരെ 34 ശതമാനം ഇറക്കുമതി തീരുവ ചൈന പ്രഖ്യാപിച്ചത്. ട്രംപിന്‍റെ ഉത്തരവിനെതിരെ ലോക വ്യാപാര സംഘടനയെ സമീപിക്കുമെന്നും ചൈന വ്യക്തമാക്കിയിട്ടുണ്ട്.
അതിനിടെ അമേരിക്കയിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത പ്രസിഡന്റ് സ്ഥാനത്തേക്ക് മടങ്ങിയെത്തിയ ഡോണൾഡ് ട്രംപ് ആദ്യ വിദേശ സന്ദർശനം തീരുമാനിച്ചു എന്നതാണ്. രണ്ടാം വരവിലെ ട്രംപിന്‍റെ ആദ്യ സന്ദർശനം സൗദി അറേബ്യയിലേക്കായിരിക്കും. അടുത്ത മാസത്തോടെയാകും സൗദി സന്ദർശനം നടത്തുകയെന്ന് ട്രംപ് തന്നെയാണ് അമേരിക്കൻ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. സൗദി കൂടാതെ ഖത്തറും യു എ ഇയും സന്ദർശിക്കുമെന്നും വ്യക്തമായിട്ടുണ്ട്. 'സന്ദർശനം അടുത്ത മാസമാകാം, ചിലപ്പോൾ കുറച്ചു വൈകിയേക്കും, ഖത്തറിലേക്കും യു എ ഇയിലേക്കും സന്ദർശനം നടത്തുന്നുണ്ട്' - എന്നായിരുന്നു ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്. സാമ്പത്തിക സഹകരണം, നിക്ഷേപം തുടങ്ങിയ പ്രധാന മേഖലകളിൽ ട്രംപ് ഭരണകൂടവും സൗദിയും തമ്മിൽ ചർച്ച നടത്തുമെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഈ മേഖലകളിൽ കൂടുതൽ ശക്തിപ്പെടുത്താനുമാണ് സന്ദർശനം കൊണ്ട് ലക്ഷ്യമിടുന്നതെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം