സൗദിയുടെ മധ്യസ്ഥതയിൽ റഷ്യയും യുക്രൈനും കരിങ്കടൽ കരാറിൽ ഒപ്പുവെച്ചു. ഇത് കപ്പലുകൾക്ക് സുഗമമായി കടന്നുപോകാൻ വഴിയൊരുക്കുന്നു.
റിയാദ്: സൗദിയുടെ സമാധാന മധ്യസ്ഥതയിൽ കരിങ്കടൽ കൂടി ശാന്തമാകുന്നു. ആക്രമണങ്ങളെ ഭയക്കാതെ കപ്പലുകൾക്ക് കടന്നുപോകാൻ റഷ്യയും യുക്രൈനും വെവ്വേറെ കരാറുകളിൽ ഒപ്പിട്ടു. ഒരു സമ്പൂർണ വെടിനിർത്തലല്ലെങ്കിലും അത്രതന്നെ പ്രധാന്യമുള്ളതാണ് ഈ കരാർ. എന്തുകൊണ്ട്? ലോകത്തിന്റെ വിശപ്പ് മാറ്റാൻ പോകുന്ന കരാറായിരിക്കും ഇതെന്നാണ് വിശേഷണം.
യുക്രൈൻ, റഷ്യ, ജോർജ്ജിയ, തുർക്കി, ബൾഗേറിയ, റൊമാനിയ ഇവയ്ക്കെല്ലാം തീരം നൽകുന്ന കരിങ്കടൽ. പ്രധാന കടൽപ്പാതകളിലേക്ക് റഷ്യയ്ക്കും യുക്രൈനും ഒരുപോലെ തന്ത്രപ്രധാന കവാടമാണിത്. യൂറോപ്പുമായും മിഡിൽ ഈസ്റ്റുമായും മെഡിറ്ററേനിയനിലേക്കും കണക്ഷൻ ഉറപ്പാക്കുന്ന കരിങ്കടലിലെ ആധിപത്യം കൂടിയായിരുന്നു റഷ്യ - യുക്രൈൻ യുദ്ധമെന്നത്.
30 ദിവസത്തേക്ക് കരിങ്കടലിൽ പരസ്പരം ആക്രമിക്കില്ലെന്നാണ് കരാർ. സാമ്പത്തികമായി റഷ്യയ്ക്കും യുക്രൈനും ലോകത്തിനും അനിവാര്യമായത്. കയറ്റുമതിയും വ്യാപാരവും തടസ്സപ്പെട്ട് റഷ്യയും യുക്രൈനും ഞെരുങ്ങിയിരുന്നു. ലോകത്താകെ ഭക്ഷ്യക്ഷാമ, വിലക്കയറ്റ ആശങ്ക മുകളിലേക്കാണ്. 2 വലിയ രാജ്യങ്ങളായ റഷ്യയിൽ നിന്നും യക്രൈനിൽ നിന്നും സുഗമമായി ഇന്ധനവും ധാന്യങ്ങളും ചരക്കുകളും പുറംലോകത്തെത്താൻ കരിങ്കടൽ വേണം. റഷ്യയ്ക്ക് മറ്റ് തീരങ്ങളുണ്ടെങ്കിലും കരിങ്കടൽ അതീവ തന്ത്രപ്രധാനമാണ്.
ഇനി, ലോകത്തിന്റെ വിശപ്പ് മാറ്റാൻ ആഫ്രിക്കൻ - ഏഷ്യൻ രാജ്യങ്ങളിലേക്ക് കൂടുതൽ ധാന്യങ്ങൾ റഷ്യയിൽ നിന്നും യുക്രൈനിൽ നിന്നും ഒരുപോലെ സുരക്ഷിതമായി എത്തും. ഭക്ഷ്യക്ഷാമം കുറയും. കാർഷിക - ഭക്ഷ്യ ഉൽപാദന മേഖലയാണ് രക്ഷപ്പെടുക. പകരം റഷ്യയ്ക്ക് മേലുള്ള ഉപരോധങ്ങൾ നീങ്ങും. കരാർ ഫലം കണ്ടാൽ റഷ്യയ്ക്ക് സ്വന്തം അഗ്രികൾച്ചർ ബാങ്കുൾപ്പടെ ബാങ്കിങ് മുഴുവനായി സ്വിഫ്റ്റ് ബാങ്കിങ് സിസ്റ്റത്തിൽ തിരിച്ചെത്താം.
ഉപരോധങ്ങൾ നീങ്ങി അന്താരാഷ്ട്ര വിപണിയിലേക്ക് പ്രവേശിക്കാം. കാർഷിക രംഗത്തേക്കുള്ള ഇറക്കുമതി നാറ്റോ രാജ്യങ്ങൾ തുടരുകയും വളം, ധാന്യ കയറ്റുമതിക്ക് രാജ്യങ്ങൾ വാതിൽ തുറക്കുകയും ചെയ്താൽ ലോകത്തിന് തന്നെ വലിയ നേട്ടമാകും. എളുപ്പമല്ലെങ്കിലും, 30 ദിവസത്തേക്ക് റിഫൈനറികൾ, പൈപ്പ് ലൈനുകൾ, സ്റ്റോറേജുകൾ, ന്യൂക്ലിയർ പ്ലാന്റുകൾ, ഡാമുകൾ, വൈദ്യുതി വിതരണം എന്നിവയ്ക്കെതിരായ ആക്രമണം റഷ്യ നിർത്തിവെക്കും.
യുക്രൈനും ഈ മേഖലയിൽ ആക്രമിക്കില്ല. എങ്കിലും ചില ആശയക്കുഴപ്പങ്ങൾ ഇപ്പോഴുമുണ്ട്. യുക്രൈന്റെ തീര നഗരങ്ങളും തുറമുഖങ്ങളും ആക്രമിച്ചും വഴിയടച്ചുമാണ് യുക്രൈനെ റഷ്യ ഞെരുക്കിയത്. തുറമുഖങ്ങൾക്ക് നേരെയുള്ള ആക്രമണം തുടരുമോ? അത്ര വേഗം റഷ്യയ്ക്ക് മേലുള്ള ഉപരോധങ്ങൾ പടിഞ്ഞാറൻ രാജ്യങ്ങൾ നീക്കാൻ തയാറാകുമോ? ഇതിനെല്ലാം ഇനിയും ഉത്തരം കിട്ടേണ്ടതുണ്ട്.