ഈ വർഷം ഫെബ്രുവരി 2 ന് ആണ് 30 വയസുകാരിയായ ശാലിനിയുടെയും 32കാരനായ പ്രണവിന്റെയും വിവാഹം കഴിഞ്ഞത്.
ലഖ്നൗ: മുസാഫർനഗറിൽ മാർച്ച് 30 മുതൽ ഭർത്താവിന്റെ വീടിനു മുന്നിൽ കുത്തിയിരിപ്പ് സമരം തുടർന്ന് നവവധു. 50 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവ് പ്രണവ് സിംഗാളും കുടുംബവും വീട്ടിലേക്കുള്ള പ്രവേശനം തടഞ്ഞതിനാലാണ് പുറത്തു തന്നെ തുടരുന്നതെന്ന് ശാലിനി പറഞ്ഞു. അതേ സമയം വധുവിൽ നിന്ന് ഇതുവരെ പൊലീസിന് ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും, പരാതി ലഭിച്ചുകഴിഞ്ഞാൽ ഉടൻ നടപടിയെടുക്കുമെന്നും ന്യൂ മണ്ടിയിലെ സർക്കിൾ ഓഫീസർ രൂപാലി റാവു പ്രതികരിച്ചു.
ഈ വർഷം ഫെബ്രുവരി 2 ന് ആണ് 30 വയസുകാരിയായ ശാലിനിയുടെയും 32കാരനായ പ്രണവിന്റെയും വിവാഹം കഴിഞ്ഞത്. ഇതിന് ശേഷം ഫെബ്രുവരി 15 ന് ദമ്പതികൾ ഹണിമൂണിന് ഇന്തോനേഷ്യയിലേക്ക് പോയിരുന്നു. പത്ത് ദിവസത്തിന് ശേഷം തിരിച്ചെത്തുകയായിരുന്നു. തിരിച്ചെത്തിയ ശേഷം മാർച്ച് 5 വരെ ശാലിനി ഭർതൃവീട്ടുകാരോടൊപ്പം താമസിച്ചുവെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
തുടർന്ന് ഹോളി ആഘോഷിക്കാൻ ശാലിനി തന്റെ വീട്ടിൽ പോയി. മാർച്ച് 30 ന് തിരിച്ചെത്തിയപ്പോൾ മുതലാണ് ഭർതൃ വീട്ടിലേക്ക് കയറാൻ അനുമതി നിഷേധിച്ചതെന്നും ഇതെത്തുടർന്ന് വീടിന് മുന്നിൽ തന്നെ തുടരുകയാണെന്നും റിപ്പോർട്ട്.
അതേ സമയം സ്ത്രീധന ആരോപണം പാടെ തള്ളുകയാണ് പ്രണവ് സിംഗാളും കുടുംബവും. കുടുംബത്തിന്റെ സുരക്ഷയെ സംബന്ധിച്ച് വലിയ ആശങ്കയിലാണെന്നും പ്രണവ് പ്രതികരിച്ചു. ശാലിനി എന്തൊക്കെ അതിക്രമങ്ങളാണ് കാണിക്കാൻ പോകുന്നതെന്ന് ഞങ്ങൾ ഭയക്കുന്നു. മീററ്റ് ബ്ലൂ ഡ്രം സംഭവത്തിന് ശേഷം ആകെ പേടിച്ചിരിക്കുകയാണ് കുടുംബം. വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് അവൾ ഭീഷണിപ്പെടുത്തുകയാണെന്നും പ്രണവ് പ്രതികരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...