ചില ഓട്ടോ, ടാക്സി യൂണിയനുകൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സ്കൂളുകൾക്കോ കോളജുകൾക്കോ അവധി പ്രഖ്യാപിച്ചിട്ടില്ല.
ബെംഗളുരു: കർണാടകയിൽ വിവിധ സംഘടനകൾ ആഹ്വാനം ചെയ്ത 12 മണിക്കൂർ ബന്ദ് ഇന്ന്. രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് ബന്ദ്. കർണാടക - മഹാരാഷ്ട്ര അതിർത്തിയായ ബെലഗാവിയിൽ മറാത്ത സംഘടനകളും കന്നഡ സംഘടനകളും തമ്മിലുണ്ടായ സംഘർഷങ്ങളിൽ പ്രതിഷേധിച്ചാണ് കന്നഡ സംഘടനകൾ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സ്കൂളുകൾക്കോ കോളജുകൾക്കോ അവധി പ്രഖ്യാപിച്ചിട്ടില്ല.
ചില ഓട്ടോ, ടാക്സി യൂണിയനുകൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ചില ബിഎംടിസി ബസ് യൂണിയനുകളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ബസ് ഗതാഗതം വലിയ തോതിൽ തടസ്സപ്പെടാൻ സാധ്യതയില്ല. മെട്രോ സർവീസുകൾ സാധാരണ നിലയിൽ നടക്കും. സ്വകാര്യ വാഹനങ്ങൾ നിരത്തിൽ ഇറങ്ങിയിട്ടുണ്ട്. സംഘർഷങ്ങളൊഴിവാക്കാൻ പൊലീസ് സുരക്ഷ കർശനമാക്കി.
ബെലഗാവിയിൽ കഴിഞ്ഞ മാസം കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (കെഎസ്ആർടിസി) കണ്ടക്ടറെ ആക്രമിച്ചതിന് പിന്നാലെയാണ് സംഘർഷം തുടങ്ങിയത്. മറാത്തി സംസാരിച്ചില്ലെന്ന പേരിൽ മറാത്തവാദ സംഘടനകളുടെ ആളുകൾ കണ്ടക്ടറെ മർദിച്ചെന്നാണ് പരാതി. ബസ് ബെലഗാവിയിൽ നിന്ന് ബാലെകുന്ദ്രിയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. ഇത് പിന്നീട് കന്നട, മറാത്തി സംഘടനകൾ തമ്മിലെ ഭാഷാ സംഘർഷമായി മാറുകയായിരുന്നു. സംഭവത്തെ തുടർന്ന് മഹാരാഷ്ട്രയ്ക്കും കർണാടകയ്ക്കും ഇടയിലുള്ള അന്തർ സംസ്ഥാന ബസ് സർവീസുകൾ നിർത്തിവച്ചിരുന്നു.
സർക്കാർ ഈ ബന്ദിനെ പിന്തുണയ്ക്കില്ലെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ കഴിഞ്ഞ ദിവസം അറിയിച്ചു. ബന്ദ് ശരിയായ നടപടിയല്ലെന്നും പരീക്ഷാ കാലമായതിനാൽ വിദ്യാർത്ഥികളെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബെൽഗാവിയിലും സംഘർഷ സാധ്യതയുള്ള പ്രദേശങ്ങളിലും കൂടുതൽ സുരക്ഷാ സേനയെ വിന്യസിച്ചു.
ഓട്ടോറിക്ഷയിൽ 14 കുട്ടികൾ! വഴിയിൽ തടഞ്ഞ് പൊലീസ്, ഡ്രൈവർക്ക് പിഴ ചുമത്തി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം