ക്യാമറയ്ക്ക് മുന്നിൽ വെച്ച് ഒരു പുരുഷ ഉദ്യോഗസ്ഥനാണ് തന്നെ ശാരീരിക പരിശോധനയ്ക്ക് വിധേയയാക്കിയത്. റെസ്റ്റ് റൂം ഉപയോഗിക്കാൻ പോലും അനുവദിച്ചില്ലെന്നും യുവതി ആരോപിക്കുന്നു.
ദില്ലി: അമേരിക്കയിൽ വിമാനത്താവളത്തിൽ ഉദ്യോഗസ്ഥരിൽ നിന്ന് നേരിട്ടത് ദുരനുഭവം പങ്കുവെച്ച് സംരംഭകയായ ഇന്ത്യൻ യുവതി. പൊലീസും ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും (എഫ്ബിഐ) ചേർന്ന് തന്നെ വിമാനത്താവളത്തിൽ എട്ട് മണിക്കൂർ തടഞ്ഞുവച്ചതായി യുവതി ആരോപിച്ചു. ഇന്ത്യ ആക്ഷൻ പ്രോജക്ട്, ചായിപാനി എന്നിവയുടെ സ്ഥാപകയായ. ശ്രുതി ചതുർവേദി എന്ന സംരംഭകയാണ് തനിക്കുണ്ടായ ദുരനുഭവം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പങ്കുവെച്ചത്. അലാസ്കയിലെ വിമാനത്താവളത്തിലാണ് സംഭവം.
പുരുഷ ഉദ്യോഗസ്ഥർ സ്ത്രീത്വത്തെ അപമാനിക്കും വിധം മോശമായി പെരുമാറിയെന്നാണ് യുവതി ആരോപിക്കുന്നത്. ക്യാമറയ്ക്ക് മുന്നിൽ വെച്ച് ഒരു പുരുഷ ഉദ്യോഗസ്ഥനാണ് തന്നെ ശാരീരിക പരിശോധനയ്ക്ക് വിധേയയാക്കിയത്. റെസ്റ്റ് റൂം ഉപയോഗിക്കാൻ പോലും അനുവദിച്ചില്ലെന്നും യുവതി ആരോപിക്കുന്നു. ഹാൻഡ്‌ബാഗിലുണ്ടായിരുന്ന പവർ ബാങ്കിൽ സംശയം തോന്നിയതിനെ തുടർന്നാണ് ഉദ്യോഗസ്ഥർ തന്നെ ഇത്തരത്തിൽ പരിശോധിച്ചതെന്ന് യുവതി പോസ്റ്റിൽ പറയുന്നു
തണുപ്പിനെ പ്രതിരോധിക്കാൻ ധരിച്ച വസ്ത്രം ഒരു പുരുഷ ഉദ്യോഗസ്ഥൻ ഊരിവാങ്ങി, തണുത്ത മുറിയിൽ മണിക്കൂറുകളോളം ഇരുത്തി. എട്ടുമണിക്കൂറോളമാണ് വിമാനത്താവളത്തിൽ തടഞ്ഞുവച്ചത്. ഇതിനെ തുടർന്ന് തന്റെ വിമാന യാത്ര മുടങ്ങിയതായും യുവതി ആരോപിച്ചു. ഒരു ഫോൺ ചെയ്യാൻ പോലും അവർ അനുവദിച്ചില്ല. തന്‍റെ മൊബൈൽ ഫോണും വാലറ്റും ഉദ്യോഗസ്ഥർ കൈവശപ്പെടുത്തിയെന്നും യുവതി എക്സിൽ കുറിച്ചു. വിദേശകാര്യവകുപ്പ് മന്ത്രി എസ് ജയശങ്കറിനെ ഉൾപ്പെടെ ടാഗ് ചെയ്താണ് ശ്രുതി പോസ്റ്റ് പങ്കുവെച്ചത്.
താൻ തിരിച്ച് ഇന്ത്യയിലെത്തിയ ശേഷമാണ് കുറിപ്പ് എക്സിൽ പോസ്റ്റ് ചെയ്തത്. എട്ട് മണിക്കൂരിന് ശേഷം ഉദ്യോഗസ്ഥർ തന്നെയും സുഹൃത്തിനെയും വിട്ടയച്ചു. ഇന്ത്യക്ക് പുറത്ത് ഇന്ത്യക്കാർ നിസ്സാരരാണ്. ഒരു ഫോൺ കോൾ ചെയ്യാൻ പോലും സമ്മതിക്കാതിരുന്നതോടെ അത് തിരിച്ചറിഞ്ഞു. ദുരവസ്ഥയിൽ കൂടെ നിന്നവർക്കും പിന്തുണച്ചവർക്കും നന്ദിയുണ്ടെന്നും ശ്രുതി എക്സിൽ കുറിച്ചു.
Read More : 'ഞാൻ ഫ്ലവറല്ല, ഫയറാണ്'; വഞ്ചിച്ചവർക്കെതിരെ കേസ് നൽകി ബൈജൂസ് രവീന്ദ്രൻ, ശക്തമായി തിരിച്ചുവരുമെന്ന് കുറിപ്പ്