വീടിന് സമീപത്ത് തന്നെയുള്ള ഒരു പ്രീ സ്കൂളിലായിരുന്നു കുട്ടികൾ പോയിരുന്നത്. എന്നാൽ ഇവിടെ ഉദ്ദേശിച്ച രീതിയിലുള്ള പഠനമികവ് കുട്ടികൾ കാണിക്കുന്നില്ലെന്നതിനാൽ മറ്റൊരു സ്കൂളിലേക്ക് മാറ്റാൻ തീരുമാനിച്ചിരിക്കുകയായിരുന്നു.
കാക്കിനാഡ: മത്സരം കൂടിയ ഭാവിയിൽ മക്കളുടെ ഭാവിയേക്കുറിച്ച് ആശങ്ക. ആറും ഏഴും വയസ് പ്രായമുള്ള ആൺമക്കളെ കൊലപ്പെടുത്തിയ ശേഷം 31 കാരൻ ജീവനൊടുക്കി. ആന്ധ്രപ്രദേശിലെ കാക്കിനാഡയ്ക്ക് സമീപമുള്ള രാമനയ്യപേട്ടിലാണ് ഞെട്ടിക്കുന്ന സംഭവം. ഹോളി ആഘോഷങ്ങൾക്കായി അവധി നൽകിയ ദിവസം ആഘോഷങ്ങൾ കഴിഞ്ഞെത്തിയ ശേഷമായിരുന്നു കൊലപാതകം. 31കാരനായ വനപള്ളി ചന്ദ്ര കിഷോർ, മക്കളായ 7 വയസുകാരൻ ജോഷിത്, 6 വയസുകാരൻ നിഖിൽ എന്നിവരാണ് മരിച്ചത്.
കാക്കിനാഡ ഒഎൻജിസി ഓഫീസിലെ അസിസ്റ്റന്റ് ആയിരുന്നു ചന്ദ്രകിഷോറെന്നാണ് സർപവാരം പൊലീസ് വിശദമാക്കുന്നത്. കൈ കാലുകൾ കെട്ടിയിട്ട ശേഷം ശുചിമുറിയിലെ ബക്കറ്റിലെ വെള്ളത്തിൽ കുട്ടികളെ മുക്കി കൊലപ്പെടുത്തിയ ശേഷം യുവാവ് തൂങ്ങിമരിക്കുകയായിരുന്നു. സാമ്പത്തിക ഭദ്രതയുള്ള കുടുംബത്തിലുണ്ടായ സംഭവം മേഖലയെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. 2017ൽ വിവാഹിതരായ ചന്ദ്ര കിഷോർ തനൂജ സായ് റാണി ദമ്പതികൾ തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കളും അയൽവാസികളും വിശദമാക്കുന്നത്.
വീടിന് സമീപത്ത് തന്നെയുള്ള ഒരു പ്രീ സ്കൂളിലായിരുന്നു കുട്ടികൾ പോയിരുന്നത്. എന്നാൽ ഇവിടെ ഉദ്ദേശിച്ച രീതിയിലുള്ള പഠനമികവ് കുട്ടികൾ കാണിക്കുന്നില്ലെന്നതിനാൽ മറ്റൊരു സ്കൂളിലേക്ക് മാറ്റാൻ തീരുമാനിച്ചിരിക്കുകയായിരുന്നു. വെള്ളിയാഴ്ച ഓഫീസിലെ ഹോളി ആഘോഷത്തിൽ പങ്കെടുക്കാനായി ഭാര്യയേയും മക്കളേയും കൂട്ടി ഇയാൾ ഓഫീസിലെത്തിയിരുന്നു. ഇവിടെ എത്തിയ ശേഷം പുതിയ സ്കൂളിലേക്കുള്ള യൂണിഫോമിനുള്ള അളവ് നൽകി വരാമെന്ന് പറഞ്ഞ് ഭാര്യയെ സഹപ്രവർത്തകർക്കൊപ്പം വിട്ട ശേഷം ഇയാൾ പുറത്ത് പോവുകയായിരുന്നു. 10 മിനിറ്റിൽ തിരികെ എത്താമെന്ന് പറഞ്ഞ് പോയ 31കാരനെ കുറേ സമയം കാണാതെ വന്നതോടെ തനൂജ ഇയാളെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ ഫോൺ എടുക്കാതിരുന്ന 31കാരൻ പത്ത് മിനിറ്റിനുള്ളിലെത്താമെന്ന് തനൂജയ്ക്ക് മെസേജ് ചെയ്യുകയായിരുന്നു.
ഇതോടെ ആശങ്ക തോന്നിയ തനൂജ ഇയാളുടെ സഹപ്രവർത്തകരോടൊപ്പം ഭർത്താവിനെയും കുട്ടികളേയും അന്വേഷിക്കാൻ ആരംഭിക്കുകയായിരുന്നു. വീട്ടിലെത്തിയപ്പോൾ വാതിൽ അകത്ത് നിന്ന് പൂട്ടിയിട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. ഇതോടെ വാതിൽ തകർത്ത് അകത്ത് കയറിയപ്പോഴാണ് കുട്ടികളേയും യുവാവിനേയും മരിച്ച നിലയിൽ കണ്ടെത്തിയത്. മത്സരം നിറഞ്ഞ ലോകത്ത് തന്റെ കുട്ടികൾക്ക് ഭാവിയില്ലെന്ന് വിശദമാക്കുന്ന ആത്മഹത്യാ കുറിപ്പ് ഇയാളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം