രാജസ്ഥാനിൽ നിന്നും ഗുജറാത്തിൽ നിന്നും എത്തിക്കുന്ന നവജാത ശിശുക്കളെ 5 മുതൽ 10 ലക്ഷം രൂപ അടക്കം വാങ്ങിയാണ് സംഘം ദില്ലിയിലെ ധനിക കുടുംബങ്ങൾക്ക് വിൽപന നടത്തിയിരുന്നത്
ദില്ലി: ദില്ലിയിൽ മനുഷ്യക്കടത്ത് സംഘത്തെ പിടികൂടി പൊലീസ്. മൂന്നുപേരെ അറസ്റ്റ് ചെയ്തു. ഇവരിൽനിന്ന് നാലുദിവസം പ്രായമായ കുഞ്ഞിനെയും കണ്ടെത്തി. ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് കുട്ടികളെ തട്ടിയെടുക്കുന്ന സംഘത്തെയാണ് പിടികൂടിയത്. ദില്ലിയിൽ എത്തിച്ച് കുഞ്ഞുങ്ങളെ വിൽക്കാനുള്ള ശ്രമത്തിനിടയാണ് പിടിയിലായത്. പശ്ചിമ ദില്ലിയിലെ ഉത്തം നഗറിൽ നിന്നാണ് മനുഷ്യക്കടത്ത് സംഘം പിടിയിലായത്.
30 വയസുകാരനായ യാസ്മിൻ, 36കാരിയായ അഞ്ജലി, 47കാരനായ ജിതേന്ദർ എന്നിവരാണ് അറസ്റ്റിലായത്. ഇവർ യഥാക്രമം ഉത്തംനഗർ, മൽവ്യ നഗർ, മദൻഗിർ സ്വദേശികളാണ്. പിടിയിലായ അഞ്ജലിക്കെതിരെ നേരത്തെ സിബിഐ അന്വേഷണം നടന്നിരുന്നു. രഹസ്യ വിവരത്തേ തുടർന്നാണ് ഉത്തംനഗറിൽ നിന്നുള്ള മനുഷ്യക്കടത്ത് സംഘത്തെ പൊലീസ് പിടികൂടുന്നത്. 20ലേറെ ഫോൺ നമ്പറുകൾ വിലയിരുത്തിയ ശേഷമാണ് രഹസ്യ ഇടപാടിനേക്കുറിച്ചുള്ള കൃത്യമായ വിവരം പൊലീസിന് ലഭിക്കുന്നതെന്നാണ് ദ്വാരക ഡിസിപി അങ്കിത് സിംഗ് വിശദമാക്കുന്നത്. ഏപ്രിൽ 8നാണ് ഇവർ ഉത്തം നഗറിൽ എത്തിയതായി പൊലീസ് സ്ഥിരീകരിച്ചത്.
ഇതിന് പിന്നാലെ നടത്തിയ ഊർജ്ജിതമായ തെരച്ചിലിലാണ് മൂന്ന് പേരും അറസ്റ്റിലായത്. വിവിധ സംസ്ഥാനങ്ങളിലേക്ക് നീണ്ടതായിരുന്നു ഇവരുടെ പ്രവർത്തനമെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഇവരുടെ ഗ്യാംങ് നേതാവായ സരോജിനേക്കുറിച്ചും സഹായികളേക്കുറിച്ചുമുള്ള വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. രാജസ്ഥാനിൽ നിന്നും ഗുജറാത്തിൽ നിന്നും എത്തിക്കുന്ന നവജാത ശിശുക്കളെ 5 മുതൽ 10 ലക്ഷം രൂപ അടക്കം വാങ്ങിയാണ് സംഘം ദില്ലിയിലെ ധനിക കുടുംബങ്ങൾക്ക് വിൽപന നടത്തിയിരുന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ വിശദമാക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം