മുംബൈ ഭീകരാക്രമണക്കേസിൽ ഇന്ത്യ തേടുന്ന പാക്ക് വംശജനായ കനേഡിയൻ പൗരൻ തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറാമെന്ന് യുഎസ് സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു
ദില്ലി: മുംബൈ ഭീകരാക്രമണ കേസിലെ സൂത്രധാരൻ തഹാവൂർ റാണയെ ഇന്ന് ഇന്ത്യയിൽ എത്തിക്കും. റാണയെ കൊണ്ടുവരാനായി അയച്ച പ്രത്യേക വിമാനം അമേരിക്കയിൽ നിന്ന് പുറപ്പെട്ടു. തിഹാർ ജയിയിൽ റാണയെ പാർപ്പിക്കാൻ സൗകര്യം ഒരുക്കാൻ കേന്ദ്രം നിർദേശം നൽകി. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിൻറെ നേരിട്ടുള്ള നിരീക്ഷണത്തിലാണ് നീക്കം.
2019ലാണ് പാക്കിസ്ഥാൻ വംശജനും കനേഡിയൻ പൗരനുമായ തഹാവൂർ റാണയെ കൈമാറണെന്ന് ആവശ്യപ്പെട്ട് ഇന്ത്യ അമേരിക്കയ്ക്ക് അപേക്ഷ നൽകിയത്. മുംബൈ ഭീകരാക്രമണ കേസിലെ സൂത്രധാരനായ റാണക്കെതിരായ തെളിവുകളും കൈമാറി. ഡൊണൾഡ് ട്രംപ് നരേന്ദ്ര മോദി കൂടിക്കാഴ്ചയിലും ഈ വിഷയം ചർച്ചയായി. ഇന്ത്യയ്ക്ക് കൈമാറുന്നതിനെതിരെ തഹാവുർ റാണ അമേരിക്കയിലെ വിവിധ കോടതികളിൽ അപേക്ഷ നൽകിയിരുന്നു. ഇവ തള്ളിയതോടെ കഴിഞ്ഞ നവംബറിൽ റാണ അമേരിക്കൻ സുപ്രീംകോടതിയെ സമീപിച്ചു.
ഇന്ത്യയിൽ എത്തിയാൽ മതത്തിന്റെ പേരിൽ തന്നെ പീഡിപ്പിക്കുമെന്ന് റാണ യുഎസ് സുപ്രീംകോടതിയിൽ വാദിച്ചിരുന്നു. അപേക്ഷ തള്ളിയ അമേരിക്കൻ സുപ്രീംകോടതി 2025 ജനുവരി 25ന് റാണയെ ഇന്ത്യയ്ക്ക് കൈമാറാൻ അനുമതി നൽകി. എൻഐഎ അടക്കം വിവിധ ഏജൻസികളിലെ ഉദ്യോഗസ്ഥരുടെ സംഘമാണ് റാണയെ കൊണ്ടു വരാൻ യുഎസിലെത്തിയത്. തീഹാർ ജയിലിലും മുംബൈയിലെ ജയിലിലും റാണയെ പാർപ്പിക്കാനുള്ള തയ്യാറെടുപ്പ് തുടങ്ങാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ത്യയിൽ എത്തിക്കുന്ന റാണ തുടക്കത്തിൽ എൻഐഎയുടെ കസ്റ്റഡിയിലായിരിക്കും.
2008ൽ മുംബൈ ഭീകരാക്രമണം നടക്കുന്നതിന് മുൻപുള്ള ദിവസങ്ങളിൽ റാണ മുംബൈയിൽ ഉണ്ടായിരുന്നു. റാണ ഇന്ത്യ വിട്ട് ദിവസങ്ങൾക്കുള്ളിലാണ് ഭീകരാക്രമണം നടക്കുന്നത്. മുംബൈ ഭീകരാക്രമണത്തിന്റെ പ്രധാന ഗൂഢാലോചനക്കാരിൽ ഒരാളായ പാക്ക്-അമേരിക്കൻ ഭീകരൻ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയുമായി ചേർന്ന് അമേരിക്കയിൽ അക്രമണങ്ങൾ നടത്താൻ പദ്ധതി ഇടുന്നതിനിടെയാണ് റാണ പിടിയിലാകുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം