കുഞ്ഞിനെ പരിചരിക്കുന്നതിനോടൊപ്പം ജീവൻ മരണ പോരാട്ടം നടത്തിയതിനെ കുറിച്ചാണ് ബംബിൾ സ്ഥാപകയുമായുള്ള സംഭാഷണത്തിൽ മേഗൻ മർക്കൽ വെളിപ്പെടുത്തിയത്.
പ്രസവാനന്തരമുണ്ടായ ഭയാനകമായ അനുഭവം പങ്കുവച്ച് ഹാരി രാജകുമാരന്‍റെ ഭാര്യയും മുൻ ഹോളിവുഡ് താരവുമായ മേഗൻ മർക്കൽ. പ്രസവ ശേഷമുണ്ടായ പ്രീ-എക്ലാംസിയയെ കുറിച്ച് പോഡ്‌കാസ്റ്റിലാണ് മേഗന്‍റെ വെളിപ്പെടുത്തൽ. 'കൺഫെഷൻസ് ഓഫ് എ ഫീമെയിൽ ഫൗണ്ടർ' എന്ന പോഡ്‌കാസ്റ്റിൽ, ബംബിൾ സ്ഥാപകയായ വിറ്റ്‌നി വുൾഫ് ഹെർഡുമായുള്ള സംഭാഷണത്തിനിടെയാണ് ഇരുവരും കടന്നുപോയ അവസ്ഥയെ കുറിച്ചുള്ള വെളിപ്പെടുത്തൽ. അപൂർവവും ജീവന് തന്നെ ഭീഷണിയാകാൻ സാധ്യതയുള്ളതുമായ രോഗത്തെ എങ്ങനെ നേരിട്ടു എന്നതിനെക്കുറിച്ചാണ് ഇരുവരും വിശദീകരിച്ചത്.
മാതൃത്വവും കരിയറും സന്തുലിതമായി കൊണ്ടുപോകുന്നതിനെ കുറിച്ച് മേഗനും വിറ്റ്‌നിയും സംസാരിച്ചു. അതിനിടെയാണ് പ്രസവ സമയത്തെ അപൂർവ്വ അനുഭവം ഇരുവരും വെളിപ്പെടുത്തിയത്- "ഞങ്ങൾ രണ്ട് പേർക്കും സമാനമായ അനുഭവങ്ങൾ ഉണ്ടായി. ആ സമയത്ത് ഞങ്ങൾക്ക് പരസ്പരം അറിയില്ലായിരുന്നു, പ്രസവാനന്തരം, ഞങ്ങൾ രണ്ടു പേർക്കും പ്രീ-എക്ലാംസിയ ഉണ്ടായിരുന്നു. തികച്ചും അപൂർവവും ഭയാനകവുമായ അനുഭവമാണത്"- മേഗൻ പറഞ്ഞു. ജീവിക്കുമോ അതോ മരിക്കുമോ എന്നറിയാത്ത അവസ്ഥയെന്ന് വിറ്റ്‌നി കൂട്ടിച്ചേർത്തു. പ്രസവ ശേഷം ഉടൻ തന്നെ രക്തസമ്മർദം അമിതമായി ഉയരുന്നതും മൂത്രത്തിൽ അധിക പ്രോട്ടീൻ കാണപ്പെടുന്നതുമായ അവസ്ഥയാണ് പോസ്റ്റ്പാർട്ടം പ്രീ-എക്ലാംസിയ
കുഞ്ഞിനെ പരിപാലിക്കുന്നതിനൊപ്പം തന്നെ ഗുരുതര സാഹചര്യത്തെ നേരിടേണ്ടി വരുന്നത് എത്രത്തോളം ബുദ്ധിമുട്ടായിരുന്നുവെന്ന് മേഗൻ വിശദീകരിച്ചു. എന്നാൽ ഇപ്പോൾ അഞ്ച് വയസ്സുള്ള മകൻ ആർച്ചിയെ പ്രസവിച്ചതിന് ശേഷമാണോ അതോ മൂന്ന് വയസ്സുള്ള മകൾ ലിലിബെറ്റിനെ പ്രസവിച്ചതിന് ശേഷമാണോ ഈ അവസ്ഥ ഉണ്ടായതെന്ന് മേഗൻ വ്യക്തമാക്കിയില്ല.
ആർച്ചിയെ പ്രസവിച്ചതിനു പിന്നാലെയുള്ള നിങ്ങളുടെ കുടുംബ ചിത്രം താൻ ഒരിക്കലും മറക്കില്ല എന്നാണ് മേഗൻ സംസാരിച്ചതിന് പിന്നാലെ വിറ്റ്നി കൂട്ടിച്ചേർത്തത്. ലോകം മുഴുവൻ ആർച്ചിയെ കാണാൻ കാത്തിരിക്കുകയായിരുന്നു. താനന്ന് അമ്മയാകാനുള്ള തയ്യാറെടുപ്പിലായിരുന്നുവെന്ന് വിറ്റ്നി പറഞ്ഞു. സ്ത്രീകൾ എങ്ങനെയാണ് പ്രസവിച്ച ശേഷം വൈകാതെ എഴുന്നേറ്റ് നിന്ന് പുതിയ വസ്ത്രം ധരിച്ച് കുഞ്ഞിനെ ലോകത്തിന് കാണിച്ചു കൊടുക്കുന്നതെന്ന് താനന്ന് അത്ഭുതപ്പെട്ടിരുന്നുവെന്ന് വിറ്റ്നി പറഞ്ഞു. അതുകേട്ട് മേഗൻ ചിരിച്ചു.
എന്താണ് പ്രീ-എക്ലാംസിയ?
പ്രസവ ശേഷം ഉടൻ തന്നെ രക്തസമ്മർദം അമിതമായി ഉയരുന്നതും മൂത്രത്തിൽ അധിക പ്രോട്ടീൻ കാണപ്പെടുന്നതുമായ, ജീവന് തന്നെ ഭീഷണിയായ അവസ്ഥയാണ് പോസ്റ്റ്പാർട്ടം പ്രീ-എക്ലാംസിയ. ആഗോള തലത്തിൽ രണ്ട് മുതൽ എട്ട് ശതമാനം വരെ സ്ത്രീകളെ ഇത് ബാധിക്കുന്നു. തലവേദന, ഓക്കാനം, ഛര്‍ദി, കാഴ്ച മങ്ങല്‍, വയറിന്‍റെ മുകള്‍ഭാഗത്ത് വേദന, മൂത്രത്തിന്‍റെ അളവ് കുറയുക, രക്തസ്രാവത്തോടു കൂടിയോ അല്ലാതെയോ ഉള്ള ശക്തമായ വയറുവേദന, ദേഹമാസകലം പ്രത്യേകിച്ച് മുഖത്തും വിരലുകളിലും നീര് എന്നിവയാണ് ലക്ഷണങ്ങൾ. പൊതുവെ ഗർഭിണികളുടെ മൂത്രം പരിശോധിച്ചാണ് പ്രസവാനന്തര പ്രീ-എക്ലാംസിയയ്ക്ക് സാധ്യതയുണ്ടോന്ന് എന്ന് നിർണിയിക്കുന്നത്. എന്നാൽ ഗർഭകാലം പുരോഗമിക്കുന്നതിന് അനുസരിച്ച് ടെസ്റ്റുകൾ പലപ്പോഴും കൃത്യമായ ഫലം നൽകാറില്ല. പൊതുവെ പ്രസവം കഴിഞ്ഞ് ഏഴ് ദിവസത്തിനുള്ളിലാണ് പോസ്റ്റ്പാർട്ടം പ്രീ-എക്ലാംസിയ വരാറുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം