പെരുന്നാള്‍ പ്രമാണിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം ഈദ് സ്പെഷ്യല്‍ ബിരിയാണികൾ. ഇന്ന് മേരി നേസണ്‍ തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
ഈ പെരുന്നാളിന് തലശ്ശേരി ചിക്കൻ ദം ബിരിയാണി തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ
ചിക്കൻ - 2.5 കിലോഗ്രാം (ബിരിയാണി കഷണം)
ജീര സാംബ അരി - 2 കിലോഗ്രാം
ഉള്ളി - ബിരിയാണിക്ക് 1 കിലോ പകുതി അരിഞ്ഞതും, ഗാർണിഷ് ചെയ്യുന്നതിനായി 2 മുതൽ 3 വരെ ഇടത്തരം വലിപ്പമുള്ളതും അരിഞ്ഞതും
തക്കാളി - 500 ഗ്രാം പകുതിയും അരിഞ്ഞതും
ഇഞ്ചി ചതച്ചത് - 100 ഗ്രാം
വെളുത്തുള്ളി ചതച്ചത് - 100 ഗ്രാം
പച്ചമുളക് - 10 മുതൽ 15 വരെ ചതച്ചത്
മല്ലി ഇല - 100 മുതൽ 150 ഗ്രാം വരെ നന്നായി അരിഞ്ഞത്
പുതിനയില - 100 മുതൽ 150 ഗ്രാം വരെ നന്നായി അരിഞ്ഞത്
നാരങ്ങാനീര് - 9 ടീസ്പൂൺ അല്ലെങ്കിൽ 2 വലിയ നാരങ്ങാനീര്
മഞ്ഞൾപ്പൊടി - 3 ടീസ്പൂൺ
കശ്മീരി മുളകുപൊടി - 1 ടീസ്പൂൺ
ഗരം മസാലപ്പൊടി - 1 ടീസ്പൂൺ
എണ്ണ - 5 ടേബിൾസ്പൂൺ
നെയ്യ് - 1 ടീസ്പൂൺ
കശുവണ്ടി, ഉണക്കമുന്തിരി - 50 മുതൽ 100 ഗ്രാം വരെ വീതം
ഷാഹി ജീര - 2 ടീസ്പൂൺ
കറുവപ്പട്ട - 4 മുതൽ 5 വരെ ഒരു ഇഞ്ച് വലിപ്പം
ഗ്രാമ്പൂ - 10 എണ്ണം
പച്ച ഏലയ്ക്ക - 10 എണ്ണം
കറുത്ത ഏലം - 1 എണ്ണം
ഉപ്പ് - ആവശ്യത്തിന്
തയ്യാറാകുന്ന വിധം
ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേയ്ക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ചുകൊടുത്ത് അണ്ടിപരിപ്പും മുന്തിരിയും വറുത്ത് മാറ്റി വയ്ക്കുക. ഇനി അതേ നെയ്യിൽ തക്കാളി കൂടി ചേർത്ത് വീണ്ടും വഴറ്റിയെടുക്കുക. അതിനുശേഷം ഇതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ഗരം മസാല എന്നിവ ചേർത്ത് വഴറ്റിയെടുക്കുക. ഇത്രയും നന്നായിട്ട് വഴറ്റിയെടുത്തതിനുശേഷം അതിലേയ്ക്ക് ചിക്കൻ നന്നായി കഴുകി വൃത്തിയാക്കി വെച്ചതു കൂടി ചേർത്തു കൊടുക്കുക. ഇനി മുകളിൽ കൊടുത്തിട്ടുള്ള മസാലക്കൂട്ടുകൾ എല്ലാം ചേർത്ത് വീണ്ടും നന്നായിട്ട് വഴറ്റി യോജിപ്പിച്ച് എടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് മല്ലിയിലയും പുതിനയിലയും കൂടി ചേർത്ത് നന്നായിട്ട് വഴറ്റി യോജിപ്പിച്ച് ഇതിന് നല്ലപോലെ മസാലക്കറി ആക്കിയെടുക്കുക എന്നതാണ്. ഇത്രയും ചെയ്തതിനുശേഷം ഇനി അരി വേവിച്ചെടുക്കുന്നതിനായി ഒരു പാത്രത്തിൽ വെള്ളം വച്ച് അതിലേക്ക് കറുവാപ്പട്ട, ഗ്രാമ്പൂ, ഏലയ്ക്ക അതുപോലെ മറ്റു ചേരുവകളും ചേർത്ത് അരി അതിലേക്ക് ഇട്ടുകൊടുത്തു ഉപ്പും നാരങ്ങാ നീരും ചേർത്ത് നല്ലതുപോലെ ഒന്ന് വേവിച്ചെടുക്കുക. വെന്തതിനുശേഷം ആ ചോറ് ഈ ഒരു മസാലയുടെ മുകളിലായിട്ട് ഒന്ന് വിതറി കൊടുക്കാവുന്നതാണ്. ആവശ്യത്തിന് നെയ്യ് കൂടി ചേർത്തു കൊടുക്കാൻ മറക്കേണ്ട. അതിനുമുകളിൽ ആയിട്ട് നെയ്യിൽ വറുത്തെടുത്തിട്ടുള്ള സവാള കൂടി വിതറി കൊടുത്തതിനു ശേഷം ഇതിലേക്ക് പുതിനയിലയും മല്ലിയിലയും ഉപയോഗിച്ച് അലങ്കരിച്ചു കൊടുക്കാവുന്നതാണ്. ഇത്രയും ചെയ്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇത് ദം ആക്കി എടുക്കുന്നതിനായി മൈദമാവ് നല്ലതുപോലെ കുഴച്ചു നമ്മുടെ പാത്രത്തിന്‍റെ വക്കില്‍ ഒട്ടിച്ചു കൊടുത്തതിന് ശേഷം അടച്ചു മുകളില്‍ നല്ല വെയിറ്റ് ഉള്ള പാത്രം വെച്ചു കൊടുക്കുക.