ഗുജറാത്തിലെ ബിജെപി നേതാവിന്‍റെ ഗോഡൗണില്‍ നിന്ന് ഇഡി പിടിച്ച നോട്ടുകെട്ടുകളോ? വീഡിയോയുടെ വസ്തുത- Fact Check

ഗുജറാത്തിലെ എഎപി നേതാവിന്‍റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത, എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയാത്ത പണമാണിതെന്നും ഫേസ്ബുക്കില്‍ പ്രചാരണമുണ്ട്


ഗുജറാത്തില്‍ ബിജെപി നേതാവിന്‍റെ ഗോഡൗണില്‍ ഇഡി നടത്തിയ റെയ്‌ഡില്‍ കണക്കില്‍പ്പെടാത്ത പണം പിടികൂടിയോ? എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയാത്തത്ര നേട്ടുകെട്ടുകള്‍ പിടികൂടിയെന്ന തരത്തില്‍ മലയാളം കുറിപ്പോടെ ഒരു വീഡിയോ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യപ്പെടുന്നത് കാണാം. ഈ വീഡിയോയുടെ വസ്തുത പരിശോധിക്കാം. 

പ്രചാരണം

Latest Videos

'ഗുജറാത്ത് സൂരത്ത് നഗര ബിജെപി നേതാവിന്‍റെ ഗോഡൗണിൽ നിന്നും കറൻസി പിടികൂടി, എണ്ണിതിട്ടപ്പെടുത്താൻ കഴിയാത്ത അത്രയും നോട്ട്കെട്ടുകൾ, നാലോളം മിഷ്യനുകൾ എണ്ണി തിട്ടപ്പെടുത്തികൊണ്ടിരിക്കുന്നു'...എന്നിങ്ങനെ നീളുന്നു വീഡിയോ മലയാളത്തിലുള്ള കുറിപ്പോടെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നതിലെ വിവരങ്ങള്‍. 

വസ്തുതാ പരിശോധന

ഈ പോസ്റ്റിനെ കുറിച്ച് പരിശോധിച്ചപ്പോള്‍ ഇതേ വീഡിയോ, 'ഗുജറാത്ത് സൂരത്ത് നഗര എഎപി നേതാവിന്‍റെ വീട്ടില്‍ നിന്ന് കറന്‍സി പിടികൂടിയതാണ്' എന്ന അവകാശവാദത്തോടെയും പ്രചരിക്കുന്നതാണെന്ന് മനസിലായി. ഇതോടെ വീഡിയോയുടെ വസ്‌തുത വിശദമായി തിരഞ്ഞു.  

ഈ പരിശോധനയില്‍ ലഭിച്ച ഫലം പറയുന്നത് ഈ വീഡിയോയ്ക്ക് ബിജെപിയോ ആംആദ്മിയോ ആയി ബന്ധമില്ലെന്നും, 2022ല്‍ കൊല്‍ക്കത്തയിലെ ഒരു വ്യാപാരിയുടെ പക്കല്‍ നിന്ന് ഇഡി 18 കോടി രൂപ കണ്ടെടുക്കുന്ന ദൃശ്യങ്ങളാണിത് എന്നുമാണ്. അന്നത്തെ ഇഡി റെയ്ഡിന്‍റെ വാര്‍ത്തകള്‍ ദേശീയ മാധ്യമങ്ങളായ എന്‍ഡിടിവിയും, സിഎന്‍എന്‍-ന്യൂസ്18നും പ്രസിദ്ധീകരിച്ചിട്ടുള്ളതാണെന്നും കണ്ടെത്താനായി. വാര്‍ത്തകളുടെ സ്ക്രീന്‍ഷോട്ടുകള്‍ ചുവടെ ചേര്‍ക്കുന്നു. വീഡിയോയുടെ വസ്തുത ഇക്കാര്യങ്ങളില്‍ നിന്ന് വ്യക്തമാണ്. 

നിഗമനം

ഗുജറാത്തിലെ ബിജെപി നേതാവിന്‍റെ ഗോഡൗണില്‍ ഇഡി നടത്തിയ റെയ്ഡില്‍ പിടികൂടിയ കറന്‍സികള്‍ എന്ന ആരോപണത്തോടെ പ്രചരിക്കുന്ന വീഡിയോ വസ്തുതാ വിരുദ്ധമാണ്. ഈ വീഡിയോ കൊല്‍ക്കത്തയിലെ ഒരു വ്യാപാരിയുടെ വിവിധ സ്ഥാപനങ്ങളില്‍ ഇഡി നടത്തിയ റെയ്ഡിന്‍റെതാണ്. 

Read more: ലോകത്തിലെ ഏറ്റവും വലിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പ്രതിമ അനാച്ഛാദനം ചെയ്തോ? വസ്‌തുത അറിയാം- Fact Check

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!