"അന്ന് സോഷ്യൽ മീഡിയ ഇന്നത്തെപ്പോലെ പോപ്പുലർ അല്ല"
അസമില്‍ നിന്ന് കേരളത്തിലെത്തി ഇന്ന് സെലിബ്രിറ്റി മേക്ക് അപ്പ് ആർടിസ്റ്റുകളിൽ മുൻനിരയിൽ നിൽക്കുന്നവരിലൊരാളാണ് ജാന്‍മണി ദാസ്. മലയാളം സിനിമാരംഗത്തും വിനോദമേഖലയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ജാന്‍മണിക്ക് സാധിച്ചിട്ടുണ്ട്. മുൻനിര അഭിനേതാക്കളടക്കം പലരെയും ജാൻമണി മേക്കപ്പ് ചെയ്തിട്ടുമുണ്ട്. മഞ്ജു വാര്യർ അടക്കം ഉള്ളവർക്ക് മേക്കപ്പ് ചെയ്തപ്പോളുള്ള അനുഭവമാണ് ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ ജാൻമണിദാസ് പറയുന്നത്. മഞ്ജു വാര്യർക്ക് ആദ്യമായി മേക്കപ്പ് ചെയ്യാൻ പോയപ്പോൾ ഒരു സൂപ്പർസ്റ്റാറിന്റെ മുഖത്താണ് ചായമിടുന്നതെന്ന് തനിക്ക് അറിയില്ലായിരുന്നു എന്നും ജാൻമണി പറയുന്നു.
''വനിതയുടെ ഫോട്ടോഷൂട്ടിനു വേണ്ടി പൂർണിമ ഇന്ദ്രജിത്ത് ആണ് മഞ്ജുച്ചേച്ചിക്ക് മേക്കപ്പ് ചെയ്യാൻ എന്നെ ആദ്യം വിളിക്കുന്നത്. ഞാൻ കേരളത്തിൽ വന്ന സമയത്തൊന്നും മഞ്ജു വാര്യർ അഭിനയിക്കുന്നില്ലല്ലോ. അതുകൊണ്ട് ഇതാരാണെന്ന് എനിക്കറിയില്ലായിരുന്നു. ആ ഫോട്ടോഷൂട്ട് കുറേപ്പേർ ശ്രദ്ധിച്ചു. വളരെ പ്രൊഫഷണൽ ആയാണ് ചേച്ചി അത് ചെയ്തത്. ചിത്രങ്ങൾക്കു താഴെ എന്റെ ഫോൺ നമ്പർ കൊടുത്തിട്ടുണ്ടായിരുന്നു. അതുകണ്ട് ഒരുപാടു പേർ എന്നെ വിളിച്ച് നന്നായിട്ടുണ്ട് എന്നൊക്കെ പറഞ്ഞു.
അന്ന് സോഷ്യൽ മീഡിയ ഇന്നത്തെപ്പോലെ പോപ്പുലർ അല്ല. ആ സമയത്തും ആ ഫോട്ടോഷൂട്ട് വൈറൽ ആയി. എന്താ സംഭവിക്കുന്നത് എന്നൊന്നും എനിക്ക് മനസിലായില്ല. ഇത് ഏതെങ്കിലും സീരിയൽ നടിയാണോ എന്നൊക്കെ ഞാൻ പൂർണിമച്ചേച്ചിയെ വിളിച്ചു ചോദിച്ചു. എന്താ ജാനൂ ഇത്, അത് മമ്മൂട്ടിയെയും മോഹൻലാലിനെയുമൊക്കെപ്പോലെ ഒരു സൂപ്പർ സ്റ്റാറാണ് എന്നു ചേച്ചി പറഞ്ഞപ്പോൾ ഞാൻ ഞെട്ടി. അന്ന് എന്റെ അറിവില്ലായ്മ കൊണ്ട് ചോദിച്ചതാണ്. ഇപ്പോ ആറോളം സിനിമകളിൽ മഞ്ജുച്ചേച്ചിക്കൊപ്പം വർക്ക് ചെയ്തിട്ടുണ്ട്. എന്നോട് ഒരുപാട് സ്നേഹമാണ്'', ജാൻമണി ദാസ് പറഞ്ഞു
325 ഓളം ആർടിസ്റ്റുകൾക്ക് ഇതുവരെ മേക്കപ്പ് ചെയ്തിട്ടുണ്ടെന്നും ജാൻമണി അഭിമുഖത്തിൽ പറഞ്ഞു. ''കേരളത്തിൽ വന്നതിനു ശേഷം ആദ്യം മേക്കപ്പ് ചെയ്യുന്നത് ലിസി പ്രിയദർശനാണ്. ലിസിക്കും കല്യാണിക്കും അന്ന് മേക്കപ്പ് ചെയ്തിരുന്നു. കല്യാണിക്ക് അന്ന് മേക്കപ്പ് ചെയ്യാനേ ഇഷ്ടമല്ലായിരുന്നു. ലിസി എന്റെ ലക്ക് ചാം ആണ്'' ജാൻമണി ദാസ് കൂട്ടിച്ചേർത്തു.
ALSO READ : ഒരു കേക്ക് പറഞ്ഞ കഥ; 'കേക്ക് സ്റ്റോറി' ട്രെയ്‍ലര്‍ എത്തി