അതേസമയം, വിമർശനങ്ങൾ കടുക്കുമ്പോഴും അണിയറക്കാർ ആരും ഇതുവരെ പ്രതികരിച്ചിട്ടില്ല.
തിരുവനന്തപുരം: മോഹൻലാൽ-പൃഥ്വിരാജ് സിനിമ എമ്പുരാൻ വെട്ടാൻ തീരുമാനിച്ചിട്ടും തീരാതെ എമ്പുരാൻ വിവാദം. സിനിമക്കെതിരായ വിമർശനം തുടരുകയാണ് സംഘ പരിവാർ അനുകൂലികൾ. അതിനിടെ, സിനിമക്ക് പരസ്യ പിന്തുണയുമായി ഡിവൈഎഫ്ഐ രംഗത്തെത്തി. സിനിമയെ പിന്തുണച്ച് കൊണ്ട് മാനവീയം വീഥിയിൽ ഐക്യ ദാർഢ്യ പരിപാടി ഇന്ന് വൈകുന്നേരം സംഘടിപ്പിക്കും. അതേസമയം, വിമർശനങ്ങൾ കടുക്കുമ്പോഴും അണിയറക്കാർ ആരും ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം, എമ്പുരാൻ്റെ റീ എഡിറ്റഡ് പതിപ്പ് വ്യാഴാഴ്ചയോടെ തിയറ്ററുകളിൽ എത്തും. ആദ്യ മുപ്പത് മിനിറ്റിൽ കാണിക്കുന്ന ഗുജറാത്ത് കലാപ രംഗങ്ങൾ കുറയ്ക്കും. കേന്ദ്ര സർക്കാരിന് എതിരായവരെ ദേശീയ ഏജൻസി കേസിൽ കുടുക്കുന്നതായി കാണിയ്ക്കുന്ന ഭാഗങ്ങളിൽ ചില മാറ്റങ്ങൾ വരുത്തും. ബാബ ബജ്‌രംഗി എന്ന വില്ലന്റെ പേര് മാറ്റാൻ ആലോചന ഉണ്ടെങ്കിലും സിനിമയിൽ ഉടനീളം ആവർത്തിക്കുന്ന ഈ പേര് മാറ്റാൻ സാധിക്കുമോ എന്ന് വ്യക്തമല്ല. സിനിമയിൽ ഭേദഗതി വരുത്തിയാൽ വീണ്ടും സെൻസർ ബോർഡ് കാണണം എന്നാണു ചട്ടം. അതിനാൽ നടപടിക്രമം പൂർത്തിയാക്കി സിനിമയുടെ പരിഷ്കരിച്ച പതിപ്പ് തിയറ്ററിൽ എത്താൻ വ്യാഴാഴ്ച എങ്കിലും ആകും. റീ എഡിറ്റിംഗിന് മുൻപ് ചിത്രം കാണാൻ വൻ തിരക്ക് ആണ് അനുഭവപ്പെടുന്നത്. ഇന്നും നാളെയും പ്രധാന നഗരങ്ങളിൽ സീറ്റില്ലെന്നാണ് റിപ്പോർട്ട്. ഇന്നലെ മുഖ്യമന്ത്രിയും കുടുംബവും ചിത്രം കാണാനെത്തിയിരുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സിനിമയെ പിന്തുണച്ച് എത്തിയെങ്കിലും മാധ്യമങ്ങളോട് പ്രതികരിച്ചില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം