27-ാം തീയതി തിയറ്ററുകളിലെത്തുന്ന ചിത്രങ്ങളാണ് രണ്ടും
ഇന്ത്യന്‍ സിനിമയിലെ പ്രധാന റിലീസ് സീസണുകളില്‍ ഒന്നായ പെരുന്നാളിന് ഇക്കുറി വിവിധ ഭാഷകളില്‍ നിന്ന് പ്രധാന ചിത്രങ്ങള്‍ എത്തുന്നുണ്ട്. മലയാളത്തിലെ പ്രധാന റിലീസ് മോഹന്‍ലാല്‍ നായകനാവുന്ന എമ്പുരാനും തമിഴിലേത് വിക്രം നായകനാവുന്ന വീര ധീര സൂരനുമാണ്. എമ്പുരാന്‍ മലയാളി സിനിമാപ്രേമികള്‍ ഏറെക്കാലമായി കാത്തിരുന്ന ചിത്രമാണ്. വീര ധീര സൂരനും സമീപകാല തമിഴ് സിനിമയിലെ ശ്രദ്ധേയ പ്രോജക്റ്റുകളില്‍ ഒന്നാണ്. അഡ്വാന്‍സ് ബുക്കിംഗില്‍ റെക്കോര്‍ഡ് പ്രകടനമാണ് എമ്പുരാന്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഒരേ ദിവസം തിയറ്ററുകളിലെത്തുന്ന മോഹന്‍ലാല്‍, വിക്രം ചിത്രങ്ങളുടെ തമിഴ്നാട്ടിലെ അഡ്വാന്‍സ് ബുക്കിംഗ് സംബന്ധിച്ച കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്.
27-ാം തീയതി തിയറ്ററുകളിലെത്തുന്ന ചിത്രങ്ങളാണ് ഇവ രണ്ടും. പ്രമുഖ ട്രാക്കര്‍മാരായ സിനിട്രാക്കിന്‍റെ കണക്കനുസരിച്ച് എമ്പുരാന്‍ തമിഴ്നാട്ടില്‍ നിന്ന് നേടിയിരിക്കുന്ന, റിലീസ് ദിനത്തിലേക്കുള്ള അഡ്വാന്‍സ് ബുക്കിംഗ് 58 ലക്ഷം ആണ്. വീര ധീര സൂരന്‍ 21 ലക്ഷവും. അതേസമയം ട്രാക്ക് ചെയ്യപ്പെട്ടിരിക്കുന്ന ഷോകളില്‍ കൂടുതല്‍ ഉള്ളത് വീര ധീര സൂരന് ആണ്. വീര ധീര സൂരന്‍ 206 ഷോകളില്‍ നിന്നാണ് 21 ലക്ഷം നേടിയത്. അതേസമയം എമ്പുരാന്‍ 58 ലക്ഷം നേടിയിരിക്കുന്നത് 181 ഷോകളില്‍ നിന്നാണ്.
പൃഥ്വിരാജിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രമായിരുന്ന ലൂസിഫറിന്‍റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. മലയാളത്തില്‍ ഇതുവരെ വന്നിട്ടുള്ളവയില്‍ ഏറ്റവും വലിയ കാന്‍വാസിലും ബജറ്റിലും ഒരുങ്ങിയ ചിത്രവുമാണ് ഇത്. എസ് യു അരുൺ കുമാര്‍ സംവിധാനം ചെയ്തിരിക്കുന്ന വീര ധീര സൂരന്‍ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ്. രണ്ട് ചിത്രങ്ങളിലും സുരാജ് വെഞ്ഞാറമൂട് അഭിനയിച്ചിട്ടുണ്ട് എന്നതും പ്രേക്ഷകര്‍ക്ക് കൗതുകം പകരുന്ന ഘടകമാണ്.
ALSO READ : 'എന്‍റെ വീട്ടുകാരോട് ചെയ്ത ഏറ്റവും വലിയ തെറ്റ്'; മനസ് തുറന്ന് പാർവതി വിജയ്