ചിരഞ്ജീവി ചിത്രം വിശ്വംഭരയുടെ റിലീസ് വീണ്ടും വൈകുന്നു. ഒടിടി അവകാശങ്ങൾ വിറ്റുപോകാത്തതാണ് പ്രധാന കാരണം. പ്രമുഖ പ്ലാറ്റ്‌ഫോമുകൾ ഉയർന്ന വിലയ്ക്ക് വാങ്ങാൻ താൽപ്പര്യപ്പെടുന്നില്ല.
ഹൈദരാബാദ്: 2025 ലെ സംക്രാന്തിയിൽ റിലീസ് ചെയ്യാനിരുന്ന ചിരഞ്ജീവി നായകനായ ചിത്രമാണ് വിശ്വംഭര. എന്നാല്‍ ചിത്രത്തിന്‍റെ റിലീസ് മാറ്റിവച്ചു. ചിരഞ്ജീവിയുടെ മകന്‍ രാം ചരണിന്റെ ഗെയിം ചേഞ്ചർ റിലീസിന് വേണ്ടി വിട്ടുകൊടുത്തതാണ് എന്നാണ് അന്ന് വാര്‍ത്ത വന്നിരുന്നത്. എന്നാല്‍ പകരം വിശ്വംഭര റിലീസ് ഡേറ്റൊന്നും പറഞ്ഞിരുന്നില്ല.
കുറച്ചു കാലം മുമ്പ്, നിർമ്മാതാക്കൾ 2025 മെയ് 9 പുതിയ റിലീസ് തീയതിയായി നിശ്ചയിച്ചിരുന്നുവെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നിരുന്നാലും, ഇപ്പോൾ മെയ് റിലീസ് നടന്നേക്കില്ല എന്നാണ് 123 തെലുങ്കിന്‍റെ റിപ്പോര്‍ട്ട് പറയുന്നത്.
കാലതാമസത്തിനുള്ള പ്രധാന കാരണങ്ങളിലൊന്ന് ചിത്രത്തിന്റെ ഒടിടി അവകാശങ്ങൾ ഇതുവരെ വിറ്റുപോയിട്ടില്ല എന്നതാണ്. പ്രധാന സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകൾ നിർമ്മാതാക്കൾ പറഞ്ഞ വിലയിൽ ചിരഞ്ജീവി പടം എടുക്കാന്‍ താൽപ്പര്യം കാണിച്ചിട്ടില്ലെന്നും റിപ്പോർട്ടുണ്ട്. ചിരഞ്ജീവിയുടെ ബോലോ ശങ്കര്‍ അടക്കം അടുത്തിടെ ഇറങ്ങിയ ചിത്രങ്ങള്‍ വന്‍ പരാജയമായിരുന്നു. കൂടാതെ വിശ്വംഭരയുടെതായി വന്ന ടീസര്‍ തന്നെ വലിയതോതില്‍ ട്രോള്‍ ചെയ്യപ്പെട്ടിരുന്നു.
ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ പ്രകാരം, വിശ്വംഭര ഇപ്പോൾ 2025 ജൂലൈയിൽ തിയേറ്ററുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇതിലും നിര്‍മ്മാതാക്കളുടെ ഭാഗത്ത് നിന്നും ശുഭകരമായ സൂചനയല്ലെന്നും റിപ്പോര്‍ട്ടുണ്ട്.
ചിരഞ്‍ജീവിയുടെ വേറിട്ട ഫാന്റസി ത്രില്ലര്‍ ചിത്രമായിരിക്കും വിശ്വംഭര. സംവിധാനം വസിഷ്‍ഠ മല്ലിഡിയാണ്. തൃഷ ചിത്രത്തിലെ നായികയായി എത്തുന്നു എന്നാണ് വിവരം. ചിരഞ്ജീവിയുടെ പ്രതിഫലമായ 75 കോടി അടക്കം 215 കോടിക്ക് മുകളിലാണ് വിശ്വംഭരയുടെ ബജറ്റ് എന്നാണ് വിവരം.
ചെറുകിട, ഇടത്തരം ബജറ്റ് സിനിമകൾ മാത്രമല്ല ബിഗ് ബജറ്റ് സൂപ്പര്‍താര ചിത്രങ്ങള്‍ പോലും ഇപ്പോൾ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകള്‍ എടുക്കുന്നതില്‍ വലിയ സ്ക്രീനിംഗാണ് നടത്തുന്നത്. നിലവിൽ, നെറ്റ്ഫ്ലിക്സുമായുള്ള ചർച്ചകൾ അവസാന നിമിഷം പരാജയപ്പെട്ടതിന് ശേഷം വിശ്വംഭരയുടെ നിർമ്മാതാക്കൾ ഇപ്പോഴും സീ5മായി ചർച്ചകൾ നടത്തുകയാണ് എന്നാണ് വിവരം. പ്രൈം വീഡിയോ ഇതിനകം തങ്ങളുടെ ഈ വര്‍ഷത്തെ ഒടിടി ഡീലുകള്‍ ഉറപ്പിച്ചതിനാല്‍ അവര്‍ ഈ ചിത്രം എടുക്കാന്‍ സാധ്യത കുറവാണ് എന്നാണ് വാര്‍ത്ത.
റോബിൻഹുഡ്: ആദ്യ ദിന കളക്ഷൻ വിവരം, റിലീസ് കളക്ഷന്‍ വാര്‍ണര്‍ക്ക് കൊടുത്ത ശമ്പളത്തോളം പോലും ഇല്ല !
'ഇനിയും തുടര്‍ന്നാല്‍ നടപടി': തെലുങ്ക് സിനിമകളിലെ 'അശ്ലീല നൃത്തചുവടുകള്‍ക്കെതിരെ' വനിത കമ്മീഷന്‍