ബോബി-സഞ്ജയ് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം
'ഉയരെ' എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകനാണ് മനു അശോകന്‍. ടൊവീനോ നായകനാവുന്നതാണ് മനുവിന്‍റെ രണ്ടാംചിത്രം. 'കാണെക്കാണെ' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് 'ഉയരെ'യ്ക്കും തിരക്കഥയൊരുക്കിയ ബോബി-സഞ്ജയ് തന്നെ. ഇപ്പോഴിതാ ചിത്രത്തിന്‍റെ പ്രിവ്യൂ ഷോ കണ്ടതിനു ശേഷമുള്ള മാനസികാവസ്ഥ പ്രേക്ഷകരുമായി പങ്കുവച്ചിരിക്കുകയാണ് നായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ടൊവീനോ തോമസ്.
"ഇന്നലത്തെ പ്രിവ്യൂവിനു ശേഷം ഞങ്ങളെ സംബന്ധിച്ച് കൂടുതല്‍ പ്രതീക്ഷ നല്‍കുന്ന ചിത്രമായിരിക്കുകയാണ് കാണെക്കാണെ. ഈ മനോഹര ചിത്രം നിങ്ങളിലേക്ക് എത്താനായുള്ള കാത്തിരിപ്പാണ് ഇനി. അത് വൈകാതെ സംഭവിക്കുമെന്ന് പ്രത്യാശിക്കുന്നു", ചിത്രത്തില്‍ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന സുരാജ് വെഞ്ഞാറമൂട്, നിര്‍മ്മാതാവ് ടി ആര്‍ ഷംസുദ്ദീന്‍, സംഗീത സംവിധായകന്‍ രഞ്ജിന്‍ രാജ് എന്നിവരോടൊപ്പമുള്ള ചിത്രത്തിനൊപ്പം ടൊവീനോ ഫേസ്ബുക്കില്‍ കുറിച്ചു.
ഐശ്വര്യ ലക്ഷ്‍മി നായികയാവുന്ന ചിത്രത്തില്‍ പ്രേം പ്രകാശ്, ശ്രുതി രാമചന്ദ്രന്‍, ധന്യ മേരി വര്‍ഗീസ്, റോണി ഡേവിഡ് രാജ് തുടങ്ങിയവരും കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഛായാഗ്രഹണം ആല്‍ബി ആന്‍റണി. എഡിറ്റിംഗ് അഭിലാഷ് ബാലചന്ദ്രന്‍. കലാസംവിധാനം ദിലീപ് നാഥ്, വസ്ത്രാലങ്കാരം ശ്രേയ അരവിന്ദ്. വരികള്‍ വിനായക് ശശികുമാര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സമീഷ് സെബാസ്റ്റ്യന്‍, സൗണ്ട് ഡിസൈന്‍ വിഷ്‍ണു ഗോവിന്ദ്, ശ്രീ ശങ്കര്‍, ഡിസൈന്‍ ഓള്‍ഡ് മങ്ക്സ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona