3 കോടി ബജറ്റ്, 50 കോടി കളക്ഷന്‍; 50 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 'ഷോലെ'യിലെ താരങ്ങള്‍ക്ക് ലഭിച്ച പ്രതിഫലം

യുണൈറ്റഡ് പ്രൊഡ്യൂസേഴ്സ്, സിപ്പി ഫിലിംസ് എന്നീ ബാനറുകളില്‍ ജി പി സിപ്പി ആയിരുന്നു ചിത്രത്തിന്‍റെ നിര്‍മ്മാണം


വിനോദത്തിനായി ആളുകള്‍ സിനിമാ തിയറ്ററുകളെ മാത്രം ആശ്രയിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ടെലിവിഷന്‍ ജനകീയമാവുന്നതിന് മുന്‍പേ സിനിമാ തിയറ്ററുകളിലേക്കാണ് ജനം ഒഴിവുസമയം ആനന്ദകരമാക്കാന്‍ എത്തിയിരുന്നത്. വൈഡ് റിലീസ് ഇല്ലാതിരുന്ന അക്കാലത്ത് എത്ര കാലം ഓടി എന്നതാണ് സിനിമകളുടെ വിജയം അളക്കുന്നതിന് ഉണ്ടായിരുന്ന ഒരു മാനദണ്ഡം. ഹിന്ദിയിലും മറ്റും വര്‍ഷങ്ങള്‍ ഓടിയ ചില ജനപ്രിയ ചിത്രങ്ങളുണ്ട്. അതിലൊന്നായിരുന്നു ഷോലെ. ഇന്ത്യന്‍ സിനിമയിലെ തന്നെ എക്കാലത്തെയും ജനപ്രിയ ചിത്രങ്ങളില്‍ ഒന്ന്. ഇപ്പോഴിതാ ചിത്രത്തിലെ താരങ്ങളുടെ പ്രതിഫലം സംബന്ധിച്ച വിവരങ്ങള്‍ വീണ്ടും ശ്രദ്ധ നേടുകയാണ്.

3 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രമാണ് ഷോലെ. യുണൈറ്റഡ് പ്രൊഡ്യൂസേഴ്സ്, സിപ്പി ഫിലിംസ് എന്നീ ബാനറുകളില്‍ ജി പി സിപ്പി ആയിരുന്നു ചിത്രത്തിന്‍റെ നിര്‍മ്മാണം. സലിം- ജാവേദ് തിരക്കഥയൊരുക്കിയ ചിത്രം സംവിധാനം ചെയ്തത് രമേഷ് സിപ്പി ആയിരുന്നു. ധര്‍മേന്ദ്ര, സഞ്ജീവ് കുമാര്‍, ഹേമ മാലിനി, അമിതാഭ് ബച്ചന്‍, ജയ ബാധുരി തുടങ്ങി വന്‍ താരനിര അണിനിരന്ന ചിത്രമാണിത്. ചിത്രത്തില്‍ ഏറ്റവും പ്രതിഫലം വാങ്ങിയത് അമിതാഭ് ബച്ചന്‍ ആയിരുന്നില്ല. മറിച്ച് ധര്‍മേന്ദ്ര ആയിരുന്നു.

Latest Videos

ഒന്നര ലക്ഷം രൂപയാണ് ധര്‍മേന്ദ്രയ്ക്ക് പ്രതിഫലമായി ലഭിച്ചത്. സഞ്ജീവ് കുമാറിന് 1.25 ലക്ഷവും അമിതാഭ് ബച്ചന് ഒരു ലക്ഷവും ലഭിച്ചു. 50,000 രൂപയായിരുന്നു അംജദ് ഖാന്‍റെ പ്രതിഫലം. ഹേമമാലിനിക്ക് 75,000, ജയ ബച്ചന് 35,000, ഗോവര്‍ധന്‍ അസ്രാണിക്ക് 15,000 എന്നിങ്ങനെയുമായിരുന്നു പ്രതിഫലം. മുംബൈയിലെ പ്രശസ്തമായ മിനര്‍വ തിയറ്ററില്‍ അഞ്ച് വര്‍ഷത്തിലേറെയാണ് ഷോലെ പ്രദര്‍ശിപ്പിച്ചത്. അന്നത്തെ സോവിയറ്റ് യൂണിയനില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രത്തിന് അവിടെയും വന്‍ ജനപ്രീതിയാണ് ലഭിച്ചത്. 1994 ല്‍ ഹം ആപ്കേ ഹേ കോന്‍ എന്ന ചിത്രം വരുന്നത് വരെ ഇന്ത്യയിലെ ഏറ്റവും വലിയ പണംവാരി പടമായിരുന്നു ഷോലെ.

ALSO READ : ഏഷ്യാനെറ്റില്‍ അടുത്തയാഴ്ച പുതിയ പരമ്പര; 'ടീച്ചറമ്മ'യായി ശ്രീലക്ഷ്‍മി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!