'ഭീതിയുടെ ഈ അന്തരീക്ഷം ആശങ്കപ്പെടുത്തുന്നു'; 'എമ്പുരാന്‍' റീ സെന്‍സറിംഗ് സാഹചര്യത്തെക്കുറിച്ച് മുഖ്യമന്ത്രി

"അണികൾ മാത്രമല്ല, ബിജെപിയുടേയും ആർ എസ് എസിന്‍റേയും നേതാക്കൾ വരെ പരസ്യമായ ഭീഷണികൾ ഉയർത്തുകയാണ്"

kerala chief minister pinarayi vijayan against sangh parivar cyber attack against mohanlal starrer empuraan prithviraj sukumaran

മോഹന്‍ലാല്‍ നായകനായ പുതിയ ചിത്രം എമ്പുരാനെതിരെ ഉയര്‍ന്ന സൈബര്‍ ആക്രമണങ്ങളെക്കുറിച്ചും ചിത്രം റീ സെന്‍സര്‍ ചെയ്യാന്‍ നിര്‍മ്മാതാക്കളെ നിര്‍ബന്ധിതരാക്കിയ സാഹചര്യത്തെക്കുറിച്ചും മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘപരിവാർ സൃഷ്ടിക്കുന്ന ഭീതിയുടെ ഈ അന്തരീക്ഷം ആശങ്കപ്പെടുത്തുന്നതാണെന്ന് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഇന്നലെ എമ്പുരാന്‍ തിയറ്ററിലെത്തി കണ്ടതിന് പിന്നാലെയാണ് പിണറായി വിജയന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റ്.

പിണറായി വിജയന്‍റെ കുറിപ്പ്

Latest Videos

മലയാള സിനിമാ വ്യവസായത്തെ പുതിയ നേട്ടങ്ങളിലേയ്ക്ക് നയിക്കുന്ന എമ്പുരാൻ എന്ന ചിത്രം കാണുകയുണ്ടായി. സിനിമയ്ക്കും അതിലെ അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കുമെതിരെ വ്യാപകമായ വിദ്വേഷ പ്രചരണങ്ങൾ സംഘപരിവാർ വർഗീയത അഴിച്ചു വിടുന്ന സന്ദർഭത്തിലാണ് സിനിമ കണ്ടത്. രാജ്യം കണ്ട ഏറ്റവും നിഷ്ഠൂരമായ വംശഹത്യകളിലൊന്നിനെ സിനിമയിൽ പരാമർശിക്കുന്നതാണ് അതിന്റെ ആസൂത്രകരായ സംഘപരിവാറിനെ രോഷാകുലരാക്കിയിരിക്കുന്നത്. അണികൾ മാത്രമല്ല, ബിജെപിയുടേയും ആർ എസ് എസിന്റേയും നേതാക്കൾ വരെ പരസ്യമായ ഭീഷണികൾ ഉയർത്തുകയാണ്. 

ഈ സമ്മർദ്ദത്തിൽ പെട്ട് സിനിമയുടെ റീസെൻസറിംഗിനും വെട്ടിത്തിരുത്തലുകൾക്കും നിർമ്മാതാക്കൾ നിർബന്ധിതരാകുന്നു എന്ന വാർത്തകൾ വരെ പുറത്തുവന്നിരിക്കുന്നു. സംഘപരിവാർ സൃഷ്ടിക്കുന്ന ഭീതിയുടെ ഈ അന്തരീക്ഷം ആശങ്കപ്പെടുത്തുന്നതാണ്. വർഗീയതയ്ക്കെതിരെ നിലപാടെടുത്തു എന്നതുകൊണ്ടും അതിന്റെ ഭീകരത ചിത്രീകരിച്ചതുകൊണ്ടും ഒരു കലാസൃഷ്ടിയെ ഇല്ലായ്മ ചെയ്യാനും കലാകാരന്മാരെ നീചമായി ആക്രമിക്കാനും വർഗീയവാദികൾക്കു സാധിക്കുന്ന അവസ്ഥ ജനാധിപത്യത്തിനു ഭൂഷണമല്ല. 

ജനാധിപത്യ സമൂഹത്തിൽ പൗരന്റെ ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടതാണ്.  കലാസൃഷ്ടിയേയും കലാകാരനേയും നശിപ്പിക്കാനും നിരോധിക്കാനുമുള്ള അക്രമാസക്തമായ ആഹ്വാനങ്ങൾ ഫാസിസ്റ്റ് മനോഭാവത്തിന്റെ പുത്തൻ പ്രകടനങ്ങളാണ്. അത് ജനാധിപത്യ അവകാശങ്ങളുടെ ലംഘനമാണ്. സിനിമകൾ നിർമ്മിക്കാനും അവ കാണാനും ആസ്വദിക്കാനും  വിലയിരുത്താനും യോജിക്കാനും വിയോജിക്കാനും ഒക്കെയുള്ള അവകാശങ്ങൾ നഷ്ടപ്പെടാതിരിക്കണം.  അതിനായി ജനാധിപത്യ മതേതര മൂല്യങ്ങളിൽ അടിയുറച്ച ഈ നാടിന്റെ ഒന്നിച്ചുള്ള സ്വരം ഉയരണം.

ALSO READ : ശ്രദ്ധേയ കഥാപാത്രമായി ഹരീഷ് പേരടി; 'സമരസ' പൂർത്തിയായി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

vuukle one pixel image
click me!