'അത് എനിക്ക് പറ്റില്ല'; രാജമൗലിയുടെ ഓഫര്‍ വേണ്ടെന്നുവെച്ച ചിരഞ്ജീവി, കാരണം

കരിയറിലെ ഏറ്റവും വലിയ ചിത്രത്തിന്‍റെ പണിപ്പുരയിലാണ് രാജമൗലി ഇപ്പോള്‍

chiranjeevi once declined the offer for an ss rajamouli movie here is the reason

ഇന്ത്യന്‍ സിനിമയില്‍ ഇന്ന് ഏറ്റവും പ്രതിഫലം വാങ്ങുന്ന സംവിധായകരിലൊരാളാണ് എസ് എസ് രാജമൗലി. ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ തെലുങ്ക് സിനിമയുടെ തലവര മാറ്റിയ അദ്ദേഹം പിന്നീട് ബാഹുബലി 2, ആര്‍ആര്‍ആര്‍ എന്നീ ചിത്രങ്ങളിലൂടെയും പുനര്‍ വിജയങ്ങള്‍ രചിച്ചു. ഇപ്പോഴിതാ കരിയറിലെ ഏറ്റവും വലിയ ചിത്രത്തിന്‍റെ പണിപ്പുരയിലുമാണ്. ഇന്ത്യയിലെ ഏതൊരു അഭിനേതാവും ആഗ്രഹിക്കുന്ന ഒന്നാണ് രാജമൗലി ചിത്രത്തിലെ ഒരു വേഷം. എന്നാല്‍ അങ്ങനെയൊരു ഓഫര്‍ വന്നപ്പോള്‍ നിരസിച്ച ഒരു സൂപ്പര്‍താരവുമുണ്ട്. തെലുങ്ക് താരം ചിരഞ്ജീവിയാണ് അത്.

ലൂസിഫര്‍ റീമേക്ക് ആയിരുന്ന ഗോഡ്‍ഫാദറിന്‍റെ പ്രൊമോഷന്‍ പരിപാടിയില്‍ പങ്കെടുക്കവെയാണ് മുന്‍പ് ചിരഞ്ജീവി അക്കാര്യം വെളിപ്പെടുത്തിയത്. രാജമൗലിയുടെ ഓഫര്‍ എന്തുകൊണ്ട് സ്വീകരിച്ചില്ല എന്നതിന്‍റെ കാരണവും അദ്ദേഹം വെളിപ്പെടുത്തി. "ഒരു സിനിമ പൂര്‍ത്തിയാക്കാന്‍ ഒരുപാട് കാലമെടുക്കുന്ന സംവിധായകനാണ് അദ്ദേഹം. അത് എനിക്ക് സാധിക്കുമോ എന്ന് ഉറപ്പില്ല. 4-5 വര്‍ഷമൊക്കെ എടുത്താണ് രാജമൗലി ഒരു ചിത്രം പൂര്‍ത്തിയാക്കുന്നത്. ഞാനാണെങ്കിലോ ഒരേ സമയത്ത് നാല് സിനിമകളില്‍ അഭിനയിക്കുന്ന ആളും. കരിയറിലെ ഈ സമയത്ത് മൂന്നോ നാലോ വര്‍ഷമെടുത്ത് ഒരു സിനിമയില്‍ അഭിനയിക്കുന്നത് സാധ്യമല്ല", ചിരഞ്ജീവി പറഞ്ഞിരുന്നു.

Latest Videos

രാജമൗലിക്കൊപ്പം പ്രവര്‍ത്തിച്ച് ഒരു പാന്‍ ഇന്ത്യന്‍ താരം എന്ന നിലയില്‍ സ്വയം തെളിയിക്കണമെന്ന് തനിക്ക് തോന്നിയിട്ടില്ലെന്നും അതേ വേദിയില്‍ ചിരഞ്ജീവി പറഞ്ഞിരുന്നു. അതേസമയം മല്ലിഡി വസിഷ്ഠ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന വിശ്വംഭരയാണ് ചിരഞ്ജീവിയുടെ വരാനിരിക്കുന്ന ചിത്രം. ഫാന്‍റസി ആക്ഷന്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ തൃഷയാണ് നായിക. റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. അതേസമയം മഹേഷ് ബാബു നായകനാവുന്ന 1000 കോടി ചിത്രത്തിന്‍റെ പണിപ്പുരയിലാണ് രാജമൗലി ഇപ്പോള്‍. പൃഥ്വിരാജ് ആണ് ഈ ചിത്രത്തിലെ മറ്റൊരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ALSO READ : ഏഷ്യാനെറ്റില്‍ അടുത്തയാഴ്ച പുതിയ പരമ്പര; 'ടീച്ചറമ്മ'യായി ശ്രീലക്ഷ്‍മി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

vuukle one pixel image
click me!