അല്ലു അർജുൻ ചിത്രം പുഷ്പ 3 2028ൽ റിലീസ് ചെയ്യുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു.
ഹൈദരാബാദ്:അല്ലു അര്‍ജുന്‍ നായകനായി എത്തിയ പുഷ്പ 2 ഇന്ത്യന്‍ സിനിമയിലെ തന്നെ വലിയൊരു വിജയമായിരുന്നു. 1800 കോടിയോളം ബോക്സോഫീസില്‍ ഗ്രോസ് നേടിയ ചിത്രം. അല്ലു അര്‍ജുനെ പാന്‍ ഇന്ത്യ സ്റ്റാര്‍ എന്ന അടുത്ത ലെവലില്‍ എത്തിച്ചിരുന്നു. മൈത്രി മൂവി മേക്കേര്‍സാണ് ചിത്രം നിര്‍മ്മിച്ചത്. ഇപ്പോഴിതാ പുഷ്പ 3 എപ്പോള്‍ വരും എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് നിര്‍മ്മാതാക്കള്‍.
റോബിന്‍ഹുഡ് എന്ന നിതിന്‍ ചിത്രത്തിന്‍റെ ഈവന്‍റില്‍ സംസാരിക്കവെയാണ് മൈത്രി മൂവിമേക്കേര്‍സ് പങ്കാളി വൈ രവിശങ്കര്‍ പുഷ്പ 3 എപ്പോള്‍ വരും എന്ന കാര്യം വ്യക്തമാക്കിയത്. 2028ല്‍ മാത്രം ആയിരിക്കും സുകുമാര്‍ അല്ലു അര്‍ജുന്‍ കൂട്ടുകെട്ടില്‍ പുഷ്പയുടെ മൂന്നാം ഭാഗം എത്തുവെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്.
അല്ലു അര്‍ജുന്‍ അടുത്തതായി ചെയ്യാന്‍ പോകുന്ന ചിത്രം അറ്റ്ലിയുമായി ചേര്‍ന്നാണ്. അത് പൂര്‍ത്തിയാക്കി ത്രിവിക്രവുമായി ചേര്‍ന്ന് ചിത്രം ചെയ്യും. തെലുങ്കിലെ ഹിറ്റ് ജോഡിയാണ് ത്രിവിക്രം അല്ലു അര്‍ജുന്‍ ജോഡി. ഇവര്‍ ഒന്നിച്ച് എത്തിയ ജൂലൈ (2012), സണ്‍ ഓഫ് സത്യമൂര്‍ത്തി (2015), വൈകുണ്ഠപുരം (2019) എന്നിവ വലിയ ഹിറ്റുകളായിരുന്നു.
ഈ രണ്ട് ചിത്രങ്ങളും പൂര്‍ത്തിയാക്കുവാന്‍ രണ്ട് കൊല്ലം എടുക്കുമെന്നും അതിന് ശേഷം മാത്രം ആയിരിക്കും പുഷ്പ 3 ആലോചിക്കുവെന്നും വൈ രവിശങ്കര്‍ വ്യക്തമാക്കി. ഇപ്പോഴത്തെ അവസ്ഥയില്‍ 2028ല്‍ ചിത്രം പുറത്തിറക്കാന്‍ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നും ഇദ്ദേഹം പറഞ്ഞു.
അതേ സമയം സുകുമാര്‍ ബോളിവുഡില്‍ ചിത്രം സംവിധാനം ചെയ്യാന്‍ പോകുന്നു എന്ന തരത്തില്‍ വാര്‍ത്തകളുണ്ട്. ബോളിവുഡിലെ ഒരു സൂപ്പര്‍താരം സുകുമാറിനെ സമീപിച്ചതായാണ് വിവരം. അല്ലു അര്‍ജുന്‍ അറ്റ്ലി ചിത്രം ഏപ്രില്‍ മാസത്തില്‍ അല്ലുവിന്‍റെ ജന്മദിനത്തിന് പ്രഖ്യാപിച്ചേക്കും എന്നും വിവരമുണ്ട്.