ആദ്യ 5 പന്തുകളും വൈഡ്,ഐപിഎൽ ചരിത്രത്തിലെ ദൈര്‍ഘ്യമേറിയ ഓവർ, നാണക്കേടിന്‍റെ റെക്കോർഡിട്ട് ഷാര്‍ദ്ദുൽ താക്കൂർ

11 പന്തുകളെറിഞ്ഞ് നാണക്കേടിന്‍റെ റെക്കോര്‍ഡ് തലിയലാക്കിയെങ്കിലും ആ ഓവറില്‍ കൊല്‍ക്കത്ത നായകന്‍ അജിങ്ക്യാ രഹാനെയുടെ നിര്‍ണായക വിക്കറ്റ് എടുത്ത് മത്സരം ലക്നൗവിന് അനുകൂലമാക്കിയിരുന്നു.

Shardul Thakur Creates unwanted Record, Bowls Joint Longest Over In IPL History

കൊല്‍ക്കത്ത: ഐപിഎല്‍ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ മുന്‍നിരയിലുള്ളപ്പോഴും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നാണക്കേടിന്‍റെ റെക്കോര്‍ഡിട്ട് ലക്നൗ സൂപ്പര്‍ ജയന്‍റ്സ് പേസര്‍ ഷാര്‍ദ്ദുല്‍ താക്കൂര്‍. ഇന്നലെ കൊല്‍ക്കത്തക്കെതിരായ മത്സരത്തില്‍ ഒരോവറില്‍ 11 പന്തുകളെറിഞ്ഞാണ് ഷാര്‍ദ്ദുല്‍ നാണക്കേടിന്‍റെ റെക്കോര്‍ഡിനൊപ്പമെത്തിയത്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഓവറുകളെറിഞ്ഞ തുഷാര്‍ ദേശ്‌പാണ്ഡെയുടെയും മുഹമ്മദ് സിറാജിന്‍റെയും റെക്കോര്‍ഡനൊപ്പമാണ് താക്കൂറും എത്തിയത്. 

ഇന്നലെ കൊല്‍ക്കത്തക്കെതിരായ മത്സരത്തിലെ പതിമൂന്നാം ഓവറിലാണ് താക്കൂര്‍ നാണക്കേടിന്‍റെ റെക്കോര്‍ഡ് പേരിലാക്കിയത്. ഇതിന് പുറമെ ഐപിഎല്‍ ചരിത്രത്തിലെ മറ്റൊരു നാണക്കേടും ഇന്നലെ താക്കൂറിന്‍റെ പേരിലായി. ഐപിഎല്ലില്‍ ഒരോവറില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ വൈഡുകളെറിഞ്ഞ ബൗളറെന്ന റെക്കോര്‍ഡാണ് താക്കൂറിന്‍റെ തലയിലായത്. അഞ്ച് വൈഡുകളാണ് താക്കൂര്‍ പതിമൂന്നാം ഓവറില്‍ കൊല്‍ക്കത്തക്കെതിരെ എറിഞ്ഞത്. പതിമൂന്നാം ഓവറിലെ ആദ്യ അഞ്ച് പന്തുകളാണ് താക്കൂര്‍ വൈഡെറിഞ്ഞത്.

Latest Videos

ഓറഞ്ച് ക്യാപ് കൈവിടാതെ പുരാൻ, വിടാതെ പിന്തുട‍ർന്ന് സഹതാരം, രഹാനെ ടോപ് ഫൈവിൽ; സഞ്ജു ആദ്യ 15ല്‍ നിന്ന് പുറത്ത്

തുടര്‍ച്ചയായി നാലു വൈഡുകളെറിഞ്ഞിട്ടുള്ള ജസ്പ്രീത് ബുമ്ര, പ്രവീണ്‍ കുമാര്‍, മഹമ്മദ് സിറാജ്, ഖലീല്‍ അഹമ്മദ് എന്നിവരുടെ മോശം റെക്കോര്‍ഡാണ് ഇന്നലെ താക്കൂര്‍ തിരുത്തിയത്. 11 പന്തുകളെറിഞ്ഞ് നാണക്കേടിന്‍റെ റെക്കോര്‍ഡ് തലിയലാക്കിയെങ്കിലും ആ ഓവറില്‍ കൊല്‍ക്കത്ത നായകന്‍ അജിങ്ക്യാ രഹാനെയുടെ നിര്‍ണായക വിക്കറ്റ് എടുത്ത് മത്സരം ലക്നൗവിന് അനുകൂലമാക്കിയിരുന്നു.അധികമായി എറിഞ്ഞ പതിനൊന്നാം പന്തിലാണ് താക്കൂര്‍ രഹാനെയുടെ വിക്കറ്റ് വീഴ്ത്തിയത് എന്നതും ശ്രദ്ധേയമാണ്.

പതിനേഴാം ഓവറിലെ ആദ്യ പന്തിൽ ആന്ദ്രെ റസലിനെയും വീഴ്ത്തിയ താക്കൂര്‍ നാലോവറില്‍ 52 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തു. ഐപിഎല്‍ താരലേലത്തില്‍ ആരും ടീമിലെടുക്കാതിരുന്ന താക്കൂറിനെ പരിക്കേറ്റ മൊഹ്സിന്‍ ഖാന് പകരക്കാരനായാണ് ലക്നൗ ടീമിലെത്തിച്ചത്.അഞ്ച് മത്സരങ്ങളില്‍ ഒമ്പത് വിക്കറ്റുമായി വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ആറാം സ്ഥാനത്താണിപ്പോൾ താക്കൂര്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

 

vuukle one pixel image
click me!