
കുടക്: ചിലപ്പോഴൊക്കെ ഭാവനകളേക്കാൾ എത്രയോ മടങ്ങ് ട്വിസ്റ്റുകൾ നിറഞ്ഞതാണ് യഥാര്‍ത്ഥ ജീവിതം എന്ന് പറയാറുണ്ട്. അങ്ങനെ ചില ജീവിക്കുന്ന ഉദാഹരണങ്ങളും നമുക്ക് മുന്നിലേക്ക് എത്താറുണ്ട്. ഇവിടെയും മറിച്ചല്ല അനുഭവം. അഞ്ച് വര്‍ഷത്തോളം ജയിലറയിലെ ഇരുട്ടിൽ കഴിയേണ്ടി വന്ന നിരപരാധിയായ, നിസഹായനായ ഒരു യുവാവിന്റെ കഥയാണ് പറഞ്ഞു വരുന്നത്. കുടക് ജില്ലയിലെ കുശാൽനഗർ താലൂക്കിലെ ബസവനഹള്ളി ഗ്രാമത്തിലാണ് ഈ സംഭവം അരങ്ങേറിയത്.
2019 വരെ ഏറെ സന്തോഷത്തിൽ ഭാര്യ മല്ലികയ്ക്കൊപ്പം ശാന്തമായ ജീവിതം നയിച്ചുവരികയായിരുന്നു സുരേഷ്. കുട്ടികൾക്കൊപ്പമുള്ള ആ കുടുംബ ജീവിതം ഒരു സുപ്രഭാതത്തിൽ മാറിമറിഞ്ഞു. ഭാര്യ മല്ലികയെ കാണാനില്ല. എവിടെയെന്ന് ഒരു തുമ്പുമില്ല. ഒടുവിൽ തന്റെ ഭാര്യക്ക് മറ്റൊരാളുമായി വിവാഹേതര ബന്ധമുണ്ടെന്ന് സുരേഷ് തിരിച്ചറിഞ്ഞു. പൊള്ളുന്ന വേദനയിലും കുട്ടികൾക്ക് വേണ്ടി അയാൾ അവളെ ജീവിതത്തിലേക്ക് തിരികെ വിളിച്ചു. എന്നാൽ ഒന്നും കേൾക്കാൻ മല്ലിക തയ്യാറായിരുന്നില്ല.
ഒടുവിൽ എന്ത് ചെയ്യണമെന്നറിയാതെ 2021ൽ പൊലീസ് സ്റ്റേഷനിൽ ഒരു മിസിങ് കേസ് ഫയൽ ചെയ്തു. പിന്നീടങ്ങോട്ട് സുരേഷിന്റെ ജീവിതത്തിൽ സംഭവിച്ചതെല്ലാം ഒരു ദുസ്വപ്നമെന്ന് പറഞ്ഞാൽ കുറഞ്ഞുപോകുന്ന കാര്യങ്ങളായിരുന്നു. വിധിയുടെ ക്രൂരമായ ട്വിസ്റ്റുകൾ സുരേഷിന്റെ ജീവിതത്തിൽ പെയ്തിറങ്ങി. 2022-ൽ, പെരിയപട്ടണ താലൂക്കിലെ ബെട്ടടപുരയ്ക്ക് സമീപം ഭാര്യയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന് അവകാശപ്പെട്ട് പൊലീസ് സുരേഷിനെ വിളിച്ചുവരുത്തി. മല്ലികയുടെ അമ്മയ്ക്കൊപ്പം എത്തി അത് തന്റെ ഭാര്യയാണെന്ന ധാരണയിൽ ആ അസ്ഥികൂടെ സുരേഷ് തിരിച്ചറിഞ്ഞു. ഹൃദയവേദനയോടെ അദ്ദേഹം അവളുടെ അന്ത്യകർമങ്ങളും നടത്തി.
ഇത് കഴിഞ്ഞതിന് പിന്നാലെയാണ് പൊലീസ് സുരേഷിന് നേരെ തിരിഞ്ഞത്. ആരോപണം ഉന്നയിച്ച് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. താൻ ഭാര്യയെ കൊലപ്പെടുത്തിയിട്ടില്ലെന്ന് പലവട്ടം പറഞ്ഞിട്ടും പൊലീസ് ചെവികൊണ്ടില്ല. മൃതദേഹത്തിന്റെ ഡിഎൻഎ ഫലം പോലും നോക്കാതെ സുരേഷിനെ പ്രതിയാക്കി. ഈ മാസം ആദ്യം മല്ലിയെ കാമുകനൊപ്പം സുരേഷിന്റെ സുഹൃത്തുക്കൾ കണ്ടു. സന്തോഷപൂര്‍വം ജീവിക്കുന്ന മല്ലികയുടെ ദൃശ്യങ്ങൾ പകര്‍ത്തി അഭിഭാഷകൻ മുഖേന കോടതിയിൽ ഹാജരാക്കി. തന്നെ മര്‍ദ്ദിച്ച് കുറ്റം സമ്മതിപ്പിക്കുകയായിരുന്നു എന്ന് സുരേഷ് കോടതിയിൽ പറഞ്ഞു. ഇതിനോടകം അഞ്ച് വര്‍ഷം ഇരുട്ടറയിൽ സുരേഷ് ജീവിതം തള്ളിനീക്കിയിരുന്നു. ഒടുവിൽ കോടതി ഉത്തരവോടെ സുരേഷ് ജയിൽ ജീവിതം അവസാനിപ്പിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam