'ജയവർധനെ രോഹിതിനോട് യോജിച്ചില്ല, ഈഗൊ മാറ്റിവെക്കണം'; ഹിറ്റ്മാന്റെ തന്ത്രത്തെ പുകഴ്ത്തി ഹർഭജൻ

രോഹിതിന്റെ തീരുമാനമായിരുന്നു മുംബൈ വിജയത്തില്‍ നിർണായകമായത്

Jayawardene should put aside ego for team says Harbhajan

ത്രില്ലര്‍ പോരിലായിരുന്നു ഡല്‍ഹി ക്യാപിറ്റല്‍സിനെ കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യൻസ് കീഴടക്കിയത്. കരുണ്‍ നായരിന്റെ ബാറ്റിംഗ് മികവില്‍ ഡല്‍ഹി വിജയം ഉറപ്പിച്ചിരുന്നു. 13 ഓവറില്‍ 145-4 എന്ന ശക്തമായ നിലയില്‍ നിന്നായിരുന്നു ഡല്‍ഹി മത്സരം കൈവിട്ടത്. ഏഴ് ഓവറില്‍ 61 റണ്‍സ് മാത്രമായിരുന്നു ഡല്‍ഹിയുടെ ലക്ഷ്യം. 

എന്നാല്‍, കളിയുടെ ഗതി തിരിച്ചത് പുതിയ ബോള്‍ തിരഞ്ഞെടുക്കാനുള്ള മുംബൈയുടെ തീരുമാനമായിരുന്നു. രോഹിത് ശര്‍മയുടെ തലയായിരുന്നു ഇതിനുപിന്നില്‍. കരണ്‍ ശ‍ര്‍മയോട് ഡ‍ഗൗട്ടിലിരുന്ന് പുതിയ പന്ത് ആവശ്യപ്പെടാൻ രോഹിത് നി‍ര്‍ദേശം നല്‍കുകയായിരുന്നു. ഐപിഎല്ലിലെ പുതിയ നിയമം അനുസരിച്ച് പത്ത് ഓവറിന് ശേഷം ബൗളിംഗ് ടീമിന് പുതിയ പന്ത് ആവശ്യപ്പെടാനാകും.

Latest Videos

ഇതിനുശേഷം ഡല്‍ഹിയുടെ വിക്കറ്റുകള്‍ നിരന്തരം പൊഴിയുന്നതായിരുന്നു കണ്ടത്. സംഭവത്തില്‍ ഇപ്പോള്‍ നിരീക്ഷണം നടത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഹര്‍ഭജൻ സിംഗ്.

"രോഹിത് ശ‍ര്‍മയുടെ ആ തീരുമാനം മുംബൈയെ തോല്‍വിയില്‍ നിന്ന് രക്ഷിച്ചു. കരുണ്‍ നായരിനെ പിടിച്ചു നി‍ര്‍ത്താൻ ആര്‍ക്കും സാധിക്കുന്നുണ്ടായില്ല. 13-ാം ഓവര്‍ വരെ ഡല്‍ഹി ജയിക്കുമെന്നാണ് കരുതിയത്. അപ്പോഴാണ് രോഹിത് ജയവര്‍ധനയോട് സ്പിന്നര്‍മാരെ ഉപയോഗിക്കാൻ നിര്‍ദേശിക്കാൻ ആവശ്യപ്പെട്ടത്. എന്നാല്‍, രോഹിതിന്റെ തീരുമാനത്തോട് ജയവര്‍ധനെ ആദ്യം യോജിച്ചിരുന്നില്ലെന്നാണ് ഞാൻ മനസിലാക്കുന്നത്. ജയവര്‍ധനയുടെ പദ്ധതി പ്രകാരം മുന്നോട്ട് പോയിരുന്നെങ്കില്‍ മുംബൈ പരാജയപ്പെടുമായിരുന്നു. എപ്പോഴും ഒരു നായകനെ പോലെ ചിന്തിക്കുന്ന താരമാണ് രോഹിത്. അദ്ദേഹത്തിന്റെ തന്ത്രമാണ് മുംബൈക്ക് വിജയം സമ്മാനിച്ചത്," ഹ‍‍ര്‍ഭജൻ തന്റെ യുട്യൂബ് ചാനലിലൂടെ പറഞ്ഞു.

"പന്തെറിയാനെത്തിയ കരണ്‍ ശർമ മൂന്ന് വിക്കറ്റ് വീഴ്ത്തി മത്സരം മുംബൈക്ക് അനുകൂലമാക്കി. ഇതുപോലെ തിലക് വർമയെ പിൻവലിച്ച് മിച്ചല്‍ സാന്റ്നറെ കളത്തിലെത്തിക്കാനുള്ള നീക്കം രോഹിത് ഡഗൗട്ടിലുണ്ടായിരുന്നെങ്കില്‍ അനുവദിക്കില്ലായിരുന്നു. ജയവര്‍ധനയുടേത് മോശം തീരുമാനമായിരുന്നു. രോഹിതിന്റേത് മികച്ചതും. ടീമിന്റെ നേട്ടങ്ങള്‍ക്കായി പരിശീലകൻ അഹംഭാവം മാറ്റിവെക്കുന്നത് നല്ലതാണ്, രോഹിത് ശര്‍മ ഇത്തരം നീക്കങ്ങള്‍ നടത്തുന്നത് തുടരുമെന്ന് കരുതുന്നു," ഹര്‍ഭജൻ കൂട്ടിച്ചേ‍ര്‍ത്തു.

ഡല്‍ഹിക്കെതിരായ ജയത്തോടെ മുംബൈ പട്ടികയില്‍ ഏഴാം സ്ഥാനത്തേക്ക് കുതിക്കുകയും ചെയ്തു.

vuukle one pixel image
click me!