പരിക്കിനെ തുടര്‍ന്ന് ആദ്യ മൂന്ന് മത്സരങ്ങളിൽ ബാറ്ററായി മാത്രം കളത്തിലിറങ്ങിയ സഞ്ജു നാളെ നായകനായും വിക്കറ്റ് കീപ്പറായും മടങ്ങിയെത്തും.
ഐപിഎല്ലിൽ ആരാധകര്‍ ഏറെയുള്ള ടീമുകളിലൊന്നാണ് രാജസ്ഥാൻ. സഞ്ജു സാംസൺ നയിക്കുന്ന ടീമായതിനാൽ നിരവധി മലയാളി ഫാൻസും രാജസ്ഥാനുണ്ട്. പരിക്കേറ്റതിനാൽ ആദ്യ മൂന്ന് മത്സരങ്ങളിൽ ബാറ്ററായി മാത്രമായിരുന്നു സഞ്ജു ടീമിലുണ്ടായിരുന്നത്. സഞ്ജുവിന്‍റെ അഭാവത്തിൽ റിയാൻ പരാഗാണ് രാജസ്ഥാനെ നയിച്ചത്. ആദ്യത്തെ രണ്ട് മത്സരങ്ങളിൽ പരാജയപ്പെട്ട രാജസ്ഥാൻ അവസാന മത്സരത്തിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ തോൽപ്പിച്ചെങ്കിലും പോയിന്റ് പട്ടികയിൽ 9-ാം സ്ഥാനത്താണ്.
ശനിയാഴ്ച നടക്കുന്ന മത്സരത്തിൽ പഞ്ചാബ് കിംഗ്സാണ് രാജസ്ഥാന്‍റെ എതിരാളി. ബിസിസിഐയുടെ സെന്റര്‍ ഓഫ് എക്സലൻസിൽ നിന്ന് വിക്കറ്റ് കീപ്പിംഗിനുള്ള അനുമതി ലഭിച്ചതോടെ സഞ്ജു കീപ്പറായും നായകനായും ടീമിൽ മടങ്ങിയെത്തും. മറുഭാഗത്ത്, ശ്രേയസ് അയ്യര്‍ നയിക്കുന്ന പഞ്ചാബ് കിംഗ്സിന് തകര്‍പ്പൻ തുടക്കമാണ് ഈ സീസണിൽ ലഭിച്ചിരിക്കുന്നത്. കളിച്ച രണ്ട് മത്സരങ്ങളിലും വിജയിച്ച പഞ്ചാബിനെ മികച്ച ഫോമിൽ ബാറ്റ് ചെയ്യുന്ന ശ്രേയസ് അയ്യര്‍ മുന്നിൽ നിന്ന് നയിക്കുന്നുണ്ട്. നാളെ രാജസ്ഥാനും പഞ്ചാബും ഏറ്റുമുട്ടുമ്പോൾ സഞ്ജുവിനെ എങ്ങനെ പൂട്ടാം എന്നായിരിക്കും പഞ്ചാബിന്‍റെ ചിന്ത.
സഞ്ജുവിനെ പൂട്ടാൻ പഞ്ചാബ് ടീമിൽ ശ്രേയസിന് ഒരു വജ്രായുധമുണ്ട്. സഞ്ജുവിന്‍റെ സുഹൃത്തും മുൻ ടീം അംഗവുമായ ഇന്ത്യയുടെ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹൽ. ഒരുമിച്ച് കളിച്ചുള്ള പരിചയവും നേര്‍ക്കുനേര്‍ വന്നപ്പോഴുള്ള കണക്കുകളും ചഹലിന് അനുകൂലമാണ്. അതിനാൽ തന്നെ നാളത്തെ കളിയിൽ ചഹൽ പവര്‍ പ്ലേയിൽ പന്തെറിയാനുള്ള സാധ്യതയും കൂടുതലാണ്. ഐപിഎല്ലിലെ കണക്കുകൾ പരിശോധിച്ചാൽ സഞ്ജുവിനെതിരെ ചഹൽ 51 പന്തുകൾ എറിഞ്ഞിട്ടുണ്ട്. വെറും 52 റൺസ് മാത്രമാണ് സഞ്ജുവിന് സ്കോര്‍ ചെയ്യാൻ കഴിഞ്ഞത്. അതിൽ 23 പന്തുകളിൽ സഞ്ജുവിന് റൺസ് നേടാനായിട്ടുമില്ല. സ്ട്രൈക്ക് റേറ്റ് ആകട്ടെ 103ഉം.
ഐപിഎല്ലിൽ 5 തവണ സഞ്ജുവിനെ പുറത്താക്കിയ താരമാണ് ചഹൽ. 2020ൽ മാത്രം രണ്ട് തവണ സഞ്ജു ചഹലിന് മുന്നിൽ അടിയറവ് പറഞ്ഞു. 2015, 16, 19 സീസണുകളിൽ ഓരോ തവണയും സഞ്ജുവിനെ ചഹൽ പുറത്താക്കി. 2021ലെ സീസണ്‍ പൂര്‍ത്തിയായതിന് പിന്നാലെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ടീം വിട്ട് ചഹൽ രാജസ്ഥാനിലെത്തി. കഴിഞ്ഞ മൂന്ന് സീസണുകളിലും ചഹൽ രാജസ്ഥാനൊപ്പമായിരുന്നു. അതിനാൽ തന്നെ സഞ്ജുവിനെതിരെ നെറ്റ്സിൽ പന്തെറിഞ്ഞുള്ള ശീലം ചഹലിനുണ്ട്. സഞ്ജുവിന്‍റെ കരുത്തും ദൗര്‍ബല്യങ്ങളും ഒരുപോലെ അറിയുന്ന ചഹലിന്‍റെ പ്രകടനം നാളത്തെ മത്സരത്തിൽ നിര്‍ണായകമാകും. 'മുൻ പരിചയം' മുതലാക്കാൻ സഞ്ജുവിനായാൽ ശ്രേയസിനും കൂട്ടര്‍ക്കും കാര്യങ്ങൾ എളുപ്പമാകുകയുമില്ല.
READ MORE: വൈകി വരുന്ന താരങ്ങളെ പൂട്ടിയ ധോണിയുടെ തന്ത്രം; ശിക്ഷ കേട്ട് കണ്ണ് തള്ളി ടീം അംഗങ്ങൾ, വെളിപ്പെടുത്തൽ