പന്തുകൊണ്ട് ചേട്ടൻ, ബാറ്റുകൊണ്ട് അനിയൻ! ലാസ്റ്റ് ഓവര്‍ ത്രില്ലറിൽ മുംബൈയെ വീഴ്ത്തി ആര്‍സിബി

അവസാന ഓവറിലേയ്ക്ക് നീണ്ട ആവേശപ്പോരാട്ടത്തിൽ 12 റൺസിനായിരുന്നു മുംബൈയുടെ വിജയം. 

IPL 2025 Mumbai Indians vs Royal Challengers Bengaluru 07-04-2025 score updates

മുംബൈ: ഐപിഎല്ലിൽ നടന്ന ആവേശപ്പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെ മുട്ടുകുത്തിച്ച് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. അവസാന ഓവറിലേയ്ക്ക് നീണ്ട ത്രില്ലര്‍ മത്സരത്തിൽ 12 റൺസിനായിരുന്നു ബെംഗളൂരുവിന്‍റെ വിജയം. 45 റൺസ് വഴങ്ങി 4 വിക്കറ്റുകൾ വീഴ്ത്തിയ ക്രുനാൽ പാണ്ഡ്യയുടെ പ്രകടനമാണ് ബെംഗളൂരുവിന് കരുത്തായത്. 222 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ മുംബൈയ്ക്ക് 9 വിക്കറ്റ് നഷ്ടത്തിൽ 209 റൺസ് നേടാനേ കഴിഞ്ഞുള്ളൂ. 

പതിവുപോലെ ഇന്നത്തെ മത്സരത്തിലും രോഹിത് ശര്‍മ്മയുടെ വെടിക്കെട്ട് ബാറ്റിംഗ് കാണാനെത്തിയ ആരാധകര്‍ നിരാശരായി. 9 പന്തിൽ 17 റൺസ് നേടി രോഹിത് മടങ്ങി. വൈകാതെ തന്നെ റിയാൻ റിക്കൽട്ടണും 17 റൺസ് നേടി പുറത്തായതോടെ പവര്‍പ്ലേയിൽ മുംബൈയ്ക്ക് പ്രതീക്ഷിച്ച സ്കോര്‍ നേടാനായില്ല. 6 ഓവറുകൾ പൂര്‍ത്തിയായപ്പോൾ മുംബൈ 2 വിക്കറ്റ് നഷ്ടത്തിൽ 54 റൺസ് എന്ന നിലയിലായിരുന്നു. വിൽ ജാക്സും സൂര്യകുമാര്‍ യാദവും മുംബൈ ഇന്നിംഗ്സ് റൺ റേറ്റ് കുറയാതെ മുന്നോട്ടുകൊണ്ടുപോയി. എന്നാൽ 10-ാം ഓവറിൽ ടീം സ്കോര്‍ 79 ൽ നിൽക്കെ വിൽ ജാക്സ് വീണു. ക്രുനാൽ പാണ്ഡ്യയുടെ അപ്രതീക്ഷിത ഷോര്‍ട്ട് ബോൾ ഉയര്‍ത്തിയടിക്കാനുള്ള ജാക്സിന്റെ (22) ശ്രമം ഡീപ് ബാക്വാര്‍ഡ് സ്ക്വയര്‍ ലെഗിൽ നിലയുറപ്പിച്ച വിരാട് കോലിയുടെ കൈകളിൽ അവസാനിച്ചു. 

Latest Videos

5-ാമനായി ക്രീസിലെത്തിയ തിലക് വര്‍മ്മ പതിയെ തുടങ്ങി കത്തിക്കയറുന്ന കാഴ്ചയാണ് പിന്നീട് കാണാനായത്. 12-ാം ഓവറിന്‍റെ രണ്ടാം പന്തിൽ സൂര്യകുമാര്‍ യാദവിന്‍റെ ക്യാച്ച് ആര്‍സിബി കൈവിട്ടു കള‌ഞ്ഞു. സ്ലോ ബോൾ ഉയര്‍ത്തിയടിച്ച സ്കൈ ഔട്ട് ഉറപ്പിച്ചിരുന്നു. എന്നാൽ, ബൗളറായ യാഷ് ദയാലും വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ്മയും തമ്മിലുണ്ടായ ആശയക്കുഴപ്പം കാരണം ഇരുവര്‍ക്കും ക്യാച്ച് കൈപ്പിടിയിലൊതുക്കാൻ സാധിച്ചില്ല. എന്നാൽ ഇതേ ഓവറിന്‍റെ അവസാന പന്തിൽ വീണ്ടുമൊരു സ്ലോ ബോൾ പരീക്ഷിച്ച യാഷ് ദയാൽ വിജയിച്ചു. ഇത്തവണ ഫീൽഡര്‍മാര്‍ക്ക് പിഴച്ചില്ല. ക്യാച്ച് സുരക്ഷിതമായി കൈകളിലൊതുക്കി ലിയാം ലിവിംഗ്സ്റ്റൺ ആര്‍സിബി ഫാൻസിനെ ആവേശത്തിലാക്കി. 12 ഓവറുകൾ പൂര്‍ത്തിയായപ്പോൾ സ്കോര്‍ 4ന് 99. 

13-ാം ഓവര്‍ മുതൽ മുംബൈ ഗിയര്‍ മാറ്റി. 12.2 ഓവറിൽ ടീം സ്കോര്‍ 100 കടന്നു. 3 ഓവറുകളിൽ 15 റൺസ് മാത്രം വഴങ്ങിയ സുയാഷ് ശര്‍മ്മയുടെ അവസാന ഓവറിൽ 2 ബൗണ്ടറികളും ഒരു സിക്സറും സഹിതം 17 റൺസ് പിറന്നു. സുയാഷിന്‍റെ ഓവറിൽ തിലക് വര്‍മ്മയായിരുന്നു അപകടകാരിയെങ്കിൽ തൊട്ടടുത്ത ഓവറിൽ ജോഷ് ഹേസൽവുഡിനെ ഹാര്‍ദിക് പാണ്ഡ്യ തലങ്ങും വിലങ്ങും പായിച്ചു. 2 ബൗണ്ടറികളും 2 സിക്സറുകളും സഹിതം 22 റൺസാണ് ഹാര്‍ദിക് ഈ ഓവറിൽ അടിച്ചെടുത്തത്. 15-ാം ഓവറിൽ സഹോദരന്‍ ക്രുനാൽ പാണ്ഡ്യയെയും ഹാര്‍ദിക് വെള്ളം കുടിപ്പിച്ചു. രണ്ടാം പന്തും മൂന്നാം പന്തും അതിര്‍ത്തി കടത്തി ഹാര്‍ദിക് വാങ്കഡെയെ ആവേശക്കടലാക്കി. വെറും 16 പന്തുകളിൽ പാര്‍ട്ണര്‍ഷിപ്പ് 50 റൺസ് കടന്നു. ഒപ്പം ടീം സ്കോര്‍ 150 ഉം. 15 ഓവറുകൾ പൂര്‍ത്തിയായപ്പോൾ മുംബൈ 4ന് 157 എന്ന നിലയിൽ. 

ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ 16-ാം ഓവറിലും 13 റൺസ് പിറന്നു. ആദ്യ നാല് പന്തുകളിൽ 2 റൺസ് മാത്രം വഴങ്ങിയ ഭുവനേശ്വറിന്റെ അവസാന രണ്ട് പന്തുകളിൽ തിലക് 10 റൺസ് നേടി. 17-ാം ഓവറിൽ തിലക് വര്‍മ്മ അര്‍ധ സെഞ്ച്വറി തികച്ചു. വെറും 26 പന്തുകളിൽ നിന്നാണ് തിലക് 50 റൺസ് നേടിയത്.18-ാം ഓവറിന്റെ നാലാം പന്തിൽ തിലക് വര്‍മ്മ മടങ്ങുമ്പോൾ മുംബൈ ടീമിന് എത്തിപ്പിടിക്കാൻ കഴിയുന്ന ദൂരത്തിൽ വിജയലക്ഷ്യം എത്തിയിരുന്നു. ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ അവസാന മത്സരത്തിൽ റിട്ടയര്‍ഡ് ഔട്ടിന് നിര്‍ബന്ധിതനായ തിലക് വര്‍മ്മ ആര്‍സിബിയ്ക്ക് എതിരെ തകര്‍പ്പൻ പ്രകടനമാണ് പുറത്തെടുത്തത്. നേരിട്ട ആദ്യ പന്ത് തന്നെ സിക്സര്‍ പറത്തി നമാൻ ധിര്‍ വീണ്ടും മുംബൈയ്ക്ക് മേൽക്കൈ നൽകി. 

19-ാം ഓവറിന്‍റെ ആദ്യ പന്തിൽ തന്നെ ഹേസൽ വുഡിനെ അതിര്‍ത്തി കടത്താനുള്ള ഹാര്‍ദ്ദിക്കിന്റെ ശ്രമം പാളി. ലിയാം ലിവിംഗ്സ്റ്റണ് ക്യാച്ച് നൽകി പുറത്തായ ഹാര്‍ദിക് പാണ്ഡ്യ 15 പന്തിൽ 3 ബൗണ്ടറികളും 4 സിക്സറുകളും സഹിതം 42 റൺസ് നേടിയാണ് മടങ്ങിയത്. നിര്‍ണായകമായ രണ്ട് വിക്കറ്റുകൾ വീണതോടെ മുംബൈ പ്രതിരോധത്തിലായി. എന്നാൽ 5-ാം പന്തിൽ ഹേസൽവുഡിനെതിരെ സിക്സര്‍ നേടി മിച്ചൽ സാന്റനര്‍  സമ്മര്‍ദ്ദമകറ്റി. ഇതോടെ ടീം സ്കോര്‍ 200 കടന്നു. 19 ഓവറുകൾ പൂര്‍ത്തിയാകുമ്പോൾ മുംബൈ 203ന് 6 എന്ന നിലയിൽ. അവസാന ഓവറിൽ മുംബൈയുടെ വിജയലക്ഷ്യം 19 റൺസായി ചുരുങ്ങി. 

അവസാന ഓവറിന്‍റെ ആദ്യ പന്തിൽ സാന്റനറെയും തൊട്ടടുത്ത പന്തിൽ ദീപക് ചഹറിനെയും മടക്കിയയച്ച് ക്രുനാൽ പാണ്ഡ്യ സമ്മര്‍ദ്ദം മുംബൈയ്ക്ക് തിരികെ നൽകി. അവസാന 3 പന്തുകളിൽ 17 റൺസ് വേണമെന്നിരിക്കെ നമാൻ ധിര്‍ ബൗണ്ടറി നേടി. മുംബൈയ്ക്ക് ജയിക്കാൻ 2 പന്തുകളിൽ 13. തൊട്ടടുത്ത പന്തിൽ ധിറിനെയും പുറത്താക്കി ക്രുനാൽ പാണ്ഡ്യ മത്സരം ആര്‍സിബിയുടെ വരുതിയിലാക്കി. അവസാന ഓവറിൽ വെറും 6 റൺസ് മാത്രം വിട്ടുകൊടുത്ത ക്രുനാൽ 3 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. ജയത്തോടെ പോയിന്റ് പട്ടികയിൽ ആര്‍സിബി മൂന്നാം സ്ഥാനത്തെത്തി. 5 മത്സരങ്ങളിൽ നാലിലും പരാജയപ്പെട്ട മുംബൈ 8-ാം സ്ഥാനത്താണ്. 

READ MORE: 'അപേക്ഷ നൽകാതെ സാധിക്കുമോ?'; ഇന്ത്യൻ ടീമിന്‍റെ പരിശീലകനാകാൻ താത്പ്പര്യം പ്രകടിപ്പിച്ച് സഹീര്‍ ഖാൻ

vuukle one pixel image
click me!