വിജയ് ശങ്കറിന്റെ മെല്ലെപ്പോക്ക്, ഫിനിഷിംഗില്ലാതെ ധോണി; ഡൽഹിയ്ക്ക് മുന്നിൽ തകര്‍ന്ന് തരിപ്പണമായി ചെന്നൈ

കൃത്യമായ ഇടവേളകളിൽ ചെന്നൈയുടെ മുൻനിര വിക്കറ്റുകൾ വീഴ്ത്താനായതാണ് ഡൽഹിയ്ക്ക് മേൽക്കൈ നേടിക്കൊടുത്തത്. 


ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിന് തുടര്‍ച്ചയായ മൂന്നാം തോൽവി. ഡൽഹി ക്യാപിറ്റൽസിനെതിരെ നടന്ന മത്സരത്തിൽ 25 റൺസിനാണ് ചെന്നൈ സ്വന്തം കാണികൾക്ക് മുന്നിൽ അടിയറവ് പറഞ്ഞത്. 184 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈയുടെ ഇന്നിംഗ്സ് 5 വിക്കറ്റ് നഷ്ടത്തിൽ 158 റൺസിൽ  അവസാനിച്ചു. 

പവര്‍ പ്ലേയിൽ തന്നെ മൂന്ന് ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരെ നഷ്ടമായതോടെ ചെന്നൈ അപകടം മണത്തിരുന്നു. രചിൻ രവീന്ദ്രയുടെയും (3) നായകൻ റിതുരാജ് ഗെയ്ക്വാദിന്‍റെയും (5) ഓപ്പണര്‍ ഡെവോൺ കോൺവെയുടെയും (13) വിക്കറ്റുകളാണ് ചെന്നൈയ്ക്ക് തുടക്കത്തിൽ തന്നെ നഷ്ടമായത്. ആ തകര്‍ച്ചയിൽ നിന്ന് കരകയറാൻ പിന്നീട് ചെന്നൈയ്ക്ക് സാധിച്ചില്ല. 

Latest Videos

ഇംപാക്ട് പ്ലെയറായി കളത്തിലിറങ്ങിയ ശിവം ദുബെ 18 റൺസുമായി മടങ്ങി. രവീന്ദ്ര ജഡേജയ്ക്ക് വെറും 2 റൺസ് മാത്രമാണ് നേടാനായത്. വിജയ് ശങ്കറിന്‍റെ മെല്ലെപ്പോക്ക് ചെന്നൈയുടെ തോൽവിയിലെ മറ്റൊരു പ്രധാന ഘടകമായി. 43 പന്തിലാണ് വിജയ് ശങ്കര്‍ അര്‍ധ സെഞ്ച്വറി നേടിയത്. 11-ാം ഓവറിൽ ക്രീസിലെത്തിയ ധോണി പുറത്താകാതെ നിന്നെങ്കിലും മത്സരം ഫിനിഷ് ചെയ്യാൻ സാധിച്ചില്ല. 26 പന്തിൽ 30 റൺസാണ് ധോണി നേടിയത്. 54 പന്തിൽ 5 ബൗണ്ടറികളും ഒരു സിക്സറും സഹിതം 69 റൺസ് നേടിയ വിജയ് ശങ്കറും പുറത്താകാതെ നിന്നു. 

ഡൽഹിയ്ക്ക് വേണ്ടി വിപ്രാജ് നിഗം 4 ഓവറിൽ 27 റൺസ് വഴങ്ങി 2 വിക്കറ്റുകൾ വീഴ്ത്തി. മിച്ചൽ സ്റ്റാര്‍ക്ക്, മുകേഷ് കുമാര്‍, കുൽദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച ഡൽഹി പോയിന്‍റ് പട്ടികയിൽ ഡൽഹി ഒന്നാം സ്ഥാനത്തെത്തി. 4 മത്സരങ്ങളിൽ മൂന്നിലും തോറ്റ ചെന്നൈ 8-ാം സ്ഥാനത്താണ്. 

READ MORE: തിലകിനെ തിരികെ വിളിച്ച തീരുമാനം ഉള്‍ക്കൊള്ളാനാവാതെ സൂര്യകുമാര്‍; എല്ലാം അദ്ദേഹത്തിന്റെ മുഖം പറയും

click me!