ഗംഭീര തുടക്കമാണ് രോഹിത് - ഗില്‍ സഖ്യം ഇന്ത്യക്ക് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 136 റണ്‍സ് ചേര്‍ത്തു.
കട്ടക്ക്: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയും ഇന്ത്യക്ക്. കടക്ക്, ബരാബതി സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ നാല് വിക്കറ്റിന് ജയിച്ചതോടെയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. 305 റണ്‍സ് വിജയലക്ഷ്യമാണ് ഇംഗ്ലണ്ട് മുന്നോട്ടുവച്ചത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് വേണ്ടി ജോ റൂട്ട് (69), ബെന്‍ ഡക്കറ്റ് (65), ലിയാം ലിവിംസ്റ്റണ്‍ (41) എന്നിവരാണ് മികച്ച പ്രകടനം പുറത്തെടുത്തത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 44.3 ഓവറില്‍ ആറ് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 119 റണ്‍സ് നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഇന്നിംഗ്‌സാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ശുഭ്മാന്‍ ഗില്‍ (60), ശ്രേയസ് അയ്യര്‍ (44), അക്‌സര്‍ പട്ടേല്‍ (41) മികച്ച പ്രകടനം പുറത്തെടുത്തു.
ഗംഭീര തുടക്കമാണ് രോഹിത് - ഗില്‍ സഖ്യം ഇന്ത്യക്ക് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 136 റണ്‍സ് ചേര്‍ത്തു. 17-ാം ഓവറിലാണ് ഇംഗ്ലണ്ടിന് കൂട്ടുകെട്ട് പൊളിക്കാന്‍ സാധിച്ചത്. ജാമി ഓവലര്‍ടണിന്റെ പന്തില്‍ ഗില്‍, ബൗള്‍ഡാവുകയായിരുന്നു. 52 പന്തുകള്‍ നേരിട്ട താരം ഒരു സിക്‌സും ഒമ്പത് ഫോറും നേടി. തുടര്‍ന്ന് ക്രീസിലെത്തിയ വിരാട് കോലി നിരാശപ്പെടുത്തി. ആദില്‍ റഷീദിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഫില്‍ സാള്‍ട്ടിന് ക്യാച്ച് നല്‍കുകയായിരുന്നു താരം. അംപയര്‍ ഔട്ട് വിളിച്ചില്ലെങ്കിലും ഇംഗ്ലണ്ട് റിവ്യൂ ചെയ്തു. റിവ്യൂയില്‍ പന്ത് ബാറ്റിലുരസിയെന്ന് വ്യക്തമായതോടെ അംപയര്‍ക്ക് തീരുമാനം മാറ്റേണ്ടി വന്നു.
വൈകാതെ രോഹിത് സെഞ്ചുറി പൂര്‍ത്തിയാക്കി. ഏകദിനത്തില്‍ തന്റെ 32-ാം സെഞ്ചുറിയാണ് രോഹിത് നേടിയത്. ഫോം കണ്ടെത്താനാവാതെ കുഴയുമ്പോവാണ് സെഞ്ചുറിയുമായി താരം തിരിച്ചെത്തുന്നത്. ഏഴ് സിക്‌സും 12 ഫോറും നേടിയ രോഹിത് 30-ാം ഓവറിലാണ് മടങ്ങുന്നത്. രോഹിത് മടങ്ങിയതോടെ മൂന്നിന് 220 എന്ന നിലയിലായി ഇന്ത്യ. തുടര്‍ന്ന് ശ്രേയസ് - അക്‌സര്‍ പട്ടേല്‍ സഖ്യം 38 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ശ്രേയസ് റണ്ണൗട്ടായി. തുടര്‍ന്നെത്തിയെ കെ എല്‍ രാഹുലും ഹാര്‍ദിക് പാണ്ഡ്യയും 10 റണ്‍സ് വീതമെടുത്ത് മടങ്ങി. ഇന്ത്യ ചെറുതായൊന്ന് പേടിച്ചെങ്കിലും രവീന്ദ്ര ജഡേജയ്‌ക്കൊപ്പം (11) ചേര്‍ന്ന് അക്‌സര്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.
മികച്ച തുടക്കമായിരുന്നു ഇംഗ്ലണ്ടിന്. ഒന്നാം വിക്കറ്റില്‍ ഫിലിപ് സാള്‍ട്ട് (26) - ഡക്കറ്റ് സഖ്യം 81 റണ്‍സ് ചേര്‍ത്തു. ആദ്യ ഏകദിനം കളിക്കുന്ന വരുണാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. രവീന്ദ്ര ജഡേജയ്ക്ക് ക്യാച്ച്. മൂന്നാമതായി ക്രീസിലെത്തിയ ജോ റൂട്ട് നിര്‍ണായക സംഭവാന നല്‍കി. ഡക്കറ്റ് - റൂട്ട് സഖ്യം മികച്ച കൂട്ടുകെട്ടിലേക്ക് നീങ്ങുന്നതിനിടെ രവീന്ദ്ര ജഡേജ ബ്രേക്ക് ത്രൂമായെത്തി. ഡക്കറ്റിനെ, ഹാര്‍ദിക് പാണ്ഡ്യയുടെ കൈകളിലേക്ക് അയച്ചു. തുടര്‍ന്ന് ഹാരി ബ്രൂക്ക് (31) - റൂട്ട് സഖ്യം 66 റണ്‍സ് കൂട്ടിചേര്‍ത്തു.
30-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. ബ്രൂക്കിനെ ഹര്‍ഷിത് റാണ മടക്കുകയായിരുന്നു. ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ക്കും (34) വലിയ സംഭാവന ചെയ്യാന്‍ സാധിച്ചില്ല. തുടര്‍ന്നെത്തിയ ജാമി ഓവര്‍ട്ടണ്‍ (6), ഗസ് അറ്റ്കിന്‍സണ്‍ (3) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ഇതോടെ ഏഴിന് 272 എന്ന നിലയിലായി ഇംഗ്ലണ്ട്. അവസാന മൂന്ന് വിക്കറ്റുകളും റണ്ണൗട്ടില്‍ അവസാനിക്കുകയായിരുന്നു. ആദില്‍ റഷീദ് (14), ലിയാം ലിവിംഗ്‌സ്റ്റണ്‍ (41), മാര്‍ക്ക് വുഡ് (0) എന്നിവരാണ് റണ്ണൗട്ടായത്. സാകിബ് മെഹ്മൂദ് (0) പുറത്താവാതെ നിന്നു. 49.5 ഓവറില്‍ എല്ലാവരും പുറത്തായി. ഇന്ത്യക്ക് വേണ്ടി രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റ് വീഴ്ത്തി. അരങ്ങേറ്റക്കാരന്‍ വരുണ്‍ ചക്രവര്‍ത്തിക്ക് ഒരു വിക്കറ്റാണ് നേടാന്‍ സാധിച്ചത്.