കഴിഞ്ഞ ദിവസം നടന്ന ലഖ്നൗ - സൺറൈസേഴ്സ് മത്സരത്തിന് പിന്നാലെയാണ് ഹര്‍ഭജൻ ടി20 ക്രിക്കറ്റിലെ മികച്ച താരത്തെ വെളിപ്പെടുത്തിയിരിക്കുന്നത്.
ടി20 ക്രിക്കറ്റിലെ മികച്ച താരത്തെ തിരഞ്ഞെടുത്ത് മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ്. ഇന്ത്യൻ താരങ്ങളായ രോഹിത് ശര്‍മ്മയോ വിരാട് കോഹ്ലിയോ ഓസ്ട്രേലിയൻ താരം ട്രാവിസ് ഹെഡോ അല്ല ടി20 ക്രിക്കറ്റിൽ ഹര്‍ഭജന്റെ മികച്ച താരം. കഴിഞ്ഞ ദിവസം നടന്ന ലഖ്നൗ - സൺറൈസേഴ്സ് മത്സരത്തിന് പിന്നാലെയാണ് ഹര്‍ഭജൻ ടി20 ക്രിക്കറ്റിൽ നിലവിൽ ആരാണ് മികച്ചതെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.
ലഖ്നൗ താരം നിക്കോളാസ് പൂരാനാണ് ഇക്കാലത്തെ ഏറ്റവും മികച്ച ടി20 താരമെന്നാണ് ഹര്‍ഭജൻ പറഞ്ഞിരിക്കുന്നത്. ലഖ്നൗവിന്‍റെ ട്രംപ് കാര്‍ഡാണ് പൂരാനെന്നും അദ്ദേഹം സമൂഹ മാധ്യമമായ എക്സിൽ കുറിച്ചു. കഴിഞ്ഞ ദിവസം നടന്ന വാശിയേറിയ മത്സരത്തിൽ കരുത്തരായ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ലഖ്നൗ 5 വിക്കറ്റിന് വിജയിച്ചിരുന്നു. ഓപ്പണര്‍ മിച്ചൽ മാര്‍ഷിന്റെയും നിക്കോളാസ് പൂരാന്‍റെയും വെടിക്കെട്ട് ബാറ്റിംഗാണ് ലഖ്നൗവിന്റെ വിജയത്തിൽ നിര്‍ണായകമായത്.
191 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്നൗ 5 വിക്കറ്റുകളും 23 പന്തുകളും ബാക്കി നിര്‍ത്തിയാണ് വിജയിച്ചത്. 26 പന്തുകൾ നേരിട്ട പൂരാൻ 6 ബൗണ്ടറികളും 6 സിക്സറുകളും സഹിതം 70 റൺസാണ് അടിച്ചെടുത്തത്. 31 പന്തിൽ 52 റൺസുമായി മിച്ചൽ മാര്‍ഷ് പൂരാന് മികച്ച പിന്തുണ നൽകുകയും ചെയ്തു. ഇതിനിടെ ലഖ്നൗവിന് വേണ്ടി 1,000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ താരം എന്ന നേട്ടവും പൂരാനെ തേടിയെത്തി. 31 മത്സരങ്ങളിൽ നിന്ന് 45.54 ശരാശരിയിൽ 1,002 റൺസാണ് പുരാൻ നേടിയത്. 184.53 ആണ് സ്ട്രൈക്ക് റേറ്റ്. കെ.എൽ രാഹുലാണ് ലഖ്നൗവിന് വേണ്ടി 1,000 റൺസ് തികച്ച ആദ്യ താരം. 38 മത്സരങ്ങളിൽ നിന്ന് 1410 റൺസാണ് രാഹുൽ ഇതുവരെ സ്വന്തമാക്കിയത്.
READ MORE: ഇന്ന് ഹൈ വോൾട്ടേജ് പോരാട്ടം; ആർസിബിയ്ക്ക് എതിരെ ചെന്നൈ നിരയിൽ പ്രധാന താരങ്ങളിലൊരാൾ ഉണ്ടാകില്ല