ഹരിത വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ ഇടംനേടാൻ മറൈൻ ഡ്രൈവ്; ക്ലീന്‍ ഡ്രൈവ് നടത്തി

കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തിലാണ് ക്ലീന്‍ ഡ്രൈവ് നടന്നത്. 


കൊച്ചി: മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി എറണാകുളം മറൈന്‍ ഡ്രൈവ് ഹരിത ടൂറിസം കേന്ദ്രമാക്കി മാറ്റും. ഇതിന്റെ മുന്നോടിയായി ക്ലീന്‍ ഡ്രൈവ് നടത്തി. കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന ക്ലീന്‍ ഡ്രൈവ് കൊച്ചി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോക്ടര്‍ ആര്‍ എസ് ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ശുചീകരണ തൊഴിലാളികള്‍, ജിസിഡിഎ കുടുംബശ്രീ ശുചീകരണ തൊഴിലാളികള്‍, എറണാകുളം മാര്‍ക്കറ്റിലെ സിഐടി യൂ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കാളികളായി. 

അതേസമയം, അടുത്തിടെ ഹിൽ പാലസ് മ്യൂസിയം ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചിരുന്നു. അനൂപ് ജേക്കബ് എംഎൽഎയാണ് പ്രഖ്യാപനം നടത്തിയത്. ഹിൽ പാലസ് ക്യാമ്പസിനെ ഹരിത വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിന് പുരാവസ്തു വകുപ്പും പൈതൃക പഠനകേന്ദ്രവും തൃപ്പൂണിത്തുറ നഗരസഭയും ഹരിത കേരള മിഷനും സംയുക്തമായി നിരവധി പ്രവർത്തനങ്ങളാണ് നടത്തിയത്. തൃപ്പൂണിത്തുറ നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജൈവമാലിന്യ സംസ്കരണത്തിനായി രണ്ട് യൂണിറ്റ് ബയോഡൈജസ്റ്ററുകളും, ഒരു മിനി എം.സി.എഫും (മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി) നാല് ബോട്ടിൽ ബൂത്തുകളും ഹിൽ പാലസിൽ അനുവദിച്ചിട്ടുണ്ട്. കൂടാതെ, അജൈവ മാലിന്യങ്ങൾ ശേഖരിച്ച് ഹരിത കർമ്മ സേനയ്ക്ക് യൂസർ ഫീസ് നൽകിക്കൊണ്ട് കൈമാറുന്നതിനുള്ള സംവിധാനവും ഹിൽ പാലസ് ക്യാമ്പസിൽ ഒരുക്കിയിട്ടുണ്ട്.

Latest Videos

മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി സൂചിപ്പാറ വെള്ളച്ചാട്ടവും അടുത്തിടെ ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചിരുന്നു. മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു ഹരിത ടൂറിസം പ്രഖ്യാപനത്തിനുള്ള സർട്ടിഫിക്കറ്റ് വന സംരക്ഷണ സമിതി സെക്രട്ടറി സംഗീതിന് കൈമാറി. ജൈവ - അജൈവ മാലിന്യങ്ങളുടെ ശാസ്ത്രീയ സംസ്‌കരണം, സൗന്ദര്യവത്കരണം, വൃത്തിയുള്ള പരിസരം തുടങ്ങിയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് സൂചിപ്പാറയെ ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചത്. 

READ MORE:  രാക്ഷസൻമാരുടെ കാലടികൾ പതിഞ്ഞയിടമെന്ന് വിശ്വാസം; രാക്ഷസപ്പാറ പൈതൃക സഞ്ചാര കേന്ദ്രമാക്കണം എന്ന ആവശ്യം ശക്തം

click me!