സാധാരണ മനുഷ്യരുടെ ജീവചരിതങ്ങള്‍, അവയ്ക്കുള്ളിലെ ത്രില്ലര്‍ ഇടങ്ങള്‍!

By Pusthakappuzha Book ShelfFirst Published May 25, 2023, 3:45 PM IST
Highlights

പുസ്തകപ്പുഴയില്‍ ഇന്ന് കെ പി ജയകുമാര്‍ എഴുതിയ 'ആ' എന്ന നോവലിന്റെ വായന. വിഷ്ണു കൃഷ്ണന്‍ ആര്‍ എഴുതുന്നു

ഓര്‍മ്മകള്‍ക്ക് ഈ നോവലില്‍ സവിശേഷസ്ഥാനമാണുള്ളത്. മറവി വിഴുങ്ങിയ ഓര്‍മ്മകളെ പൊടിതുടച്ചെടുക്കുകയാണ് നോവലിലുടനീളം. നോവലിസ്റ്റിന്റെ വാക്ക് കടമെടുത്തു പറയുകയാണെങ്കില്‍  'ഓര്‍മ്മകളുടെ ഫിക്‌സഡ്  ഡെപ്പോസിറ്റിന്റെ പലിശ കൊണ്ടാണ് ശരിക്കും മനുഷ്യര്‍ ജീവിക്കുന്നത്.'

 

Latest Videos

മാതൃഭൂമി ബുക്‌സ് പുറത്തിറക്കിയ നോവല്‍ ഓണ്‍ലൈനായി വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം
 

ഓര്‍ക്കാനോ മറക്കാനോ കൂടുതല്‍ എളുപ്പം? രണ്ടിനും അതിന്റെതായ സമയകാലങ്ങളുണ്ട്. ഓര്‍മ്മയുടെയും മറവിയുടെയും ഈ സമയകാലങ്ങളെ പ്രശ്‌നവല്‍കരിക്കുകയാണ് കെ പി ജയകുമാര്‍ എഴുതിയ 'ആ' എന്ന നോവല്‍. 

മറവിയുടെ മാനകരൂപമാണ് ചരിത്രം.സൗകര്യപൂര്‍വ്വമുള്ള മറവിയാണ് പലപ്പോഴും ചരിത്രമായി പരിണമിക്കുന്നത്. അതായിരിക്കും വര്‍ത്തമാന- ഭാവി കാലങ്ങളുടെ ഓര്‍മ്മപുസ്തകം. 1989 കാലഘട്ടത്തില്‍ എഴുതപ്പെടാതെ പോയ / മറന്നു കളഞ്ഞ ഒന്നിലധികം മനുഷ്യരുടെ ജീവിത സത്യങ്ങളാണ് ഈ നോവല്‍ വായനയില്‍ പ്രകടമായി കാണാന്‍ കഴിഞ്ഞത്. എഴുതപ്പെട്ട ചരിത്രത്തെ പഠിക്കുകയും വിശകലനം ചെയ്യുകയും പാടി നടക്കുകയും ചെയ്യുന്ന ഒരു സമൂഹത്തില്‍ മറവിയിലാണ്ട് പോയ ചരിത്രത്തിന് സ്ഥാനമില്ല. ചരിത്രത്തിന് യാതൊരു ഭാരവുമേല്‍പ്പിക്കാതെ കടന്നുപോയ നിരവധി മനുഷ്യരുടെ സ്ഥൂലജീവിതമാണ് നോവല്‍ ആഖ്യാനം ചെയ്യുന്നത്.

ഓര്‍മ്മകള്‍ക്ക് ഈ നോവലില്‍ സവിശേഷസ്ഥാനമാണുള്ളത്. മറവി വിഴുങ്ങിയ ഓര്‍മ്മകളെ പൊടിതുടച്ചെടുക്കുകയാണ് നോവലിലുടനീളം. നോവലിസ്റ്റിന്റെ വാക്ക് കടമെടുത്തു പറയുകയാണെങ്കില്‍  'ഓര്‍മ്മകളുടെ ഫിക്‌സഡ്  ഡെപ്പോസിറ്റിന്റെ പലിശ കൊണ്ടാണ് ശരിക്കും മനുഷ്യര്‍ ജീവിക്കുന്നത്.' ഈ കൃതിയില്‍ പരാമര്‍ശിക്കുന്ന ഒട്ടുമിക്ക കഥാപാത്രങ്ങളും ഓര്‍മ്മകളുടെ പലിശ കൊണ്ട് ജീവിക്കുന്നവരാണ്.    സാധാരണക്കാരുടെ ജീവചരിത്രകാരനായും അവരുടെ ഓര്‍മ്മകളെ കേട്ടെഴുതുന്ന അപരകഥാന്വേഷകനായും നോവലിസ്റ്റ് ഇവിടെ രൂപാന്തരപ്പെടുന്നു.  നോവല്‍ എന്ന ആഖ്യാന രൂപമായി മാത്രമല്ല ഓര്‍മ്മയുടെയും മറവിയുടെയും ആത്മകഥയായിക്കൂടി 'ആ' മാറുന്നു.

 

Illustration: K Shereef 

 

കഥാഘടനയിലെ പാറ്റേണ്‍ ലോക്കുകള്‍

നിരക്ഷരത/സാക്ഷരത, ജനനം/മരണം, ഓര്‍മ്മ/മറവി, സത്യം/മിഥ്യ  എന്നീ നിരവധി ദ്വന്ദ്വങ്ങളുടെ ചൂതാട്ട ഭൂമികയാണ് ഈ നോവല്‍. എന്നാല്‍ അവയുടെ പ്രത്യക്ഷവത്ക്കരണം യാന്ത്രികമായല്ല കൃതിയില്‍ സംഭവിക്കുന്നത്. കഥാഘടനയ്ക്ക് പാറ്റേണ്‍ ലോക്കിന്റെ സ്വഭാവമാണുള്ളത്. മറവിയുടെ അടരുകളില്‍ നിന്നും  ഓര്‍മ്മയുടെ വെളിച്ചം തേടിയിറങ്ങിയ പലരിലൂടെയുമാണ് നോവലിലെ സമസ്യകളുടെ  പാറ്റേണ്‍ ലോക്കുകള്‍ അഴിക്കപ്പെടുന്നത്.

പ്രൊഫ. ജോണ്‍  - കുട്ടപ്പന്‍ - രാജു - ജസമ്മ - ജെസീന്ത- കാജ- അനുരാധ - സമാധാന രാജ് - ഇന്ദുമതി - തേവാരം (പളനി)- ജെസി - വിജയാക്ക എന്നിവരാല്‍ നിര്‍മ്മിക്കപ്പെട്ട പാറ്റേണ്‍ ലോക്ക്  നിര്‍മ്മിക്കുവാനും കൃത്യമായി അഴിച്ചെടുക്കുവാനും  അത്ര എളുപ്പമല്ല. ഒന്നില്‍ നിന്നും അടുത്തതിലേക്കുള്ള ബന്ധം വളരെ നിര്‍ണായകമാണ് . ഭാവനയുടെ കൃത്യമായ ചലനത്തിലൂടെയാണ് നോവലിനുള്ളിലെ പാറ്റേണ്‍ ലോക്കുകള്‍ ഓരോന്നായി തുറക്കപ്പെടുന്നത്. ഉദാഹരണത്തിന് രാജുവിനെക്കുറിച്ചുള്ള അന്വേഷണത്തില്‍ ജെസ്സി പാറ്റേണ്‍ ലോക്കിലെ ഒരു സുപ്രധാനഘടകമാണ്. ജെസ്സിയിലേക്ക് എത്തണമെങ്കില്‍ കഥയിലെ തേവാരം അണ്ണനെ കൃത്യമായി മറികടക്കണം. രാജുവിനെയും  തേവാരം അണ്ണനെയും  ഘടിപ്പിക്കുന്ന പ്രധാന ഇടമായി ജെസ്സി മാറുന്നു.

ഓരോ കഥാപാത്രങ്ങളും അനുഭവങ്ങളുടെ വന്‍കരകളാണ്. ചരിത്രത്തില്‍ നിന്നും പിഴുതുമാറ്റപ്പെട്ട  പ്രൊഫ. ജോണ്‍, ആ പിഴുതു മാറ്റലിന്റെ രക്തക്കറ തളംകെട്ടി കിടക്കുന്ന ഓര്‍മ്മകള്‍ വഹിക്കുന്ന, ഭരണകൂട അധികാരം നടപ്പിലാക്കിയ നീതി നിഷേധത്തിന്റെ  സാക്ഷി മൊഴിയായി ജീവിക്കുന്ന  സദാനന്ദന്‍, നിരക്ഷരത കൊടുംകുറ്റമായി ചാര്‍ത്തപ്പെട്ട് അറസ്റ്റിലായ കുട്ടപ്പന്‍, മരണത്തിലേക്കുള്ള യാത്ര ജീവിതത്തിലേക്കുള്ള  മടക്കയാത്രയായി മാറ്റിയ ജെസീന്ത, അക്ഷരമറിഞ്ഞിരുന്നെങ്കില്‍ നോവലെഴുതുമായിരുന്ന രാജു, ആത്മഹത്യ ചെയ്ത പിതാവിന്റെ പേരില്‍ അറിയപ്പെടുന്ന (സ്മാരകമായി തുടരുന്ന) ശിവകാമി, പളനി മലയില്‍  അപ്രത്യക്ഷയായ അരുണാചലം പാട്ടി എന്നിങ്ങനെ ചെറുതും വലുതുമായ നിരവധി സൂക്ഷ്മജീവിതങ്ങളുടെ  പകര്‍ന്നാട്ടമായി  നോവല്‍ വളരുന്നു.

Illustration: K Shereef 

 

അധികാരാര്‍ത്തിയുടെ അന്വേഷണപഥങ്ങള്‍

സത്യാന്വേഷണത്തിന്റെ-ഒരുതരത്തില്‍ കുറ്റാന്വേഷണത്തിന്റെ -യാഥാര്‍ത്ഥ്യം തേടിയുള്ള യാത്രയില്‍ സമതലത്തില്‍ നിന്നും ഉയര്‍ന്ന തലത്തിലേക്ക് പ്രവേശിക്കുന്ന നോവല്‍ അതേ ഉയര്‍ന്ന തലത്തില്‍ വായനക്കാരുടെ ജിജ്ഞാസയെ പ്രതിഷ്ഠിക്കുന്നു എന്നിടത്താണ് ഇതൊരു അന്വേഷണ നോവലിന്റെ രൂപം സ്വീകരിക്കുന്നത്. പളനിവേലിന്റെയും ജെസീന്തയുടെയും രാജുവിന്റെയും തിരോധാനവും  തുടര്‍ന്നുള്ള അന്വേഷണവും ഈ നോവലിന് ഒരു അപസര്‍പ്പകകൃതിയുടെ  ഘടനാപരമായ പരിവേഷം നല്‍കുന്നു. ഉദ്വേഗത്തെ നിലനിര്‍ത്തിക്കൊണ്ടുപോകുന്ന  കുറ്റാന്വേഷണ നോവലിന്റെ  അതേ ഗിയറില്‍ തന്നെയാണ്  ഈ നോവലും സഞ്ചരിക്കുന്നത്. പല അധ്യായങ്ങളിലും നോവല്‍ വായന തുടരാനുള്ള മേമ്പൊടികള്‍ ആവശ്യം  ചേര്‍ക്കുന്നുമുണ്ട്. വായനക്കാര്‍ക്ക് മുന്നില്‍ നിരത്തുന്ന അത്തരം സൂചനകള്‍ അവരുടെ തുടര്‍ന്നുള്ള വായനയെ സ്വാധീനിക്കുകയും നോവലിനെ കൂടുതല്‍ ഉദ്വേഗഭരിതമാക്കുകയും ചെയ്യുന്നു. എടുത്തു പറയേണ്ട മറ്റൊരു അധ്യായമാണ് ഗെയിം ഹണ്ടിനെക്കുറിച്ച് സൂചിപ്പിച്ചിരിക്കുന്ന ഭാഗം. ത്രില്ലര്‍ സിനിമയുടെ ദൃശ്യഭാഷ ഓരോ വരിയിലും കാണാന്‍ പറ്റുന്ന ഭാഗമാണത്.

ഭരണകൂട- പിതൃ- ധനാധികാരത്തിന്റെ വ്യത്യസ്ത വശങ്ങള്‍ വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ നോവല്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. പ്രൊഫ ജോണിനെ ഒഴിവാക്കിയ ഭരണകൂട അധികാരവും ജെസീന്തക്കും ചേച്ചിക്കും മേലിലുള്ള  പിതാവിന്റെ അധികാരവും 'ശിക്കാര്‍' എന്ന കഥയില്‍ പരാമര്‍ശിക്കുന്ന ധനാധികാരവും അധികാരത്തിന്റെ കെണിനിലങ്ങളില്‍ മൂന്നെണ്ണം മാത്രമാണ്. കണ്ണടച്ച് തുറക്കുന്ന സമയത്തിനുള്ളില്‍  അത് സാധാരണ മനുഷ്യരെ  വിഴുങ്ങിയിരിക്കും. എതിര്‍ക്കാനാകാതെ  അതിന്റെ വീഴുപ്പും പേറി പിന്നീട് മരണജീവിതം നയിക്കുന്നവരാകും അതിന്റെ ഇരകള്‍. മനുഷ്യനെയും  അവന്റെ ഓര്‍മ്മകളെയും  ഇല്ലാതാക്കുവാനും  തല്‍സ്ഥാനത്ത് മറ്റൊരാളെ കൃത്യമായി പ്രതിഷ്ഠിക്കാനും  അധികാരത്തിന് കഴിയും. അധികാരം നിര്‍മ്മിക്കുന്ന  ചരിത്രഭൂപടത്തിന്റെ  പരിധിക്ക് പുറത്താകുന്നവരാണ് ഇതിലെ മിക്ക കഥാപാത്രങ്ങളും. അവരുടെ ഓര്‍മ്മകളും തുറന്നു പറച്ചിലുകളുമാണ് ഈ നോവലിന്റെ അസ്ഥിയും മാംസവും.

അപരന്റെ ജീവിതം അവന്റേതായി മാത്രം ഒതുങ്ങാതെ തീര്‍ത്തും സ്വജീവിതമായി തോന്നുന്ന എന്തോ ഒരു രസക്കൂട്ട് വായനയിലുടനീളം അനുഭവപ്പെടും. അതുകൊണ്ടാണ് കുട്ടപ്പനും രാജുവും  നമുക്ക് ഇടം വലമായി നിന്നുകൊണ്ട് നീതിനിഷേധത്തെ ചോദ്യം ചെയ്യുകയും ഇരുട്ടിന്റെ കാട്ടുവഴികളിലൂടെ കുതിക്കുകയും ചെയ്യുന്ന പ്രതീതി ഉണ്ടാകുന്നത്. അസാധാരണമായ വായനാനുഭവം  സമ്മാനിക്കുന്ന ഈ നോവല്‍ ആഖ്യാനത്തിലും പ്രമേയത്തിലും കഥാപാത്രനിര്‍മ്മിതിയിലും സവിശേഷമായ ജാഗ്രത പുലര്‍ത്തുന്നുണ്ട്.


Also Read: 'ആ' എന്ന നോവലിലെ ഒരു അധ്യായം ഇവിടെ വായിക്കാം
 

click me!