ഐക്കണിക് റെനോ ഡസ്റ്റർ എസ്‌യുവി വീണ്ടും എത്തുന്നു. ടാറ്റ സഫാരി, ഹ്യുണ്ടായി അൽകാസർ എന്നിവയെ വെല്ലുവിളിക്കാൻ 7 സീറ്റർ ഡസ്റ്ററും ഉണ്ടാകും. 2026-ൽ 5-സീറ്റർ ഡസ്റ്റർ പ്രതീക്ഷിക്കാം.
ഐക്കണിക് റെനോ ഡസ്റ്റർ എസ്‌യുവിയുടെ തിരിച്ചുവരവ് തീർച്ചയായും വാഹന പ്രേമികളുടെ പ്രധാന ഓട്ടോമോട്ടീവ് ഇവന്റുകളിൽ ഒന്നാണ്. ടാറ്റ സഫാരി, എംജി ഹെക്ടർ പ്ലസ്, ഹ്യുണ്ടായി അൽകാസർ എന്നിവയെ വെല്ലുവിളിക്കാൻ മൂന്ന് നിര ഇരിപ്പിട ക്രമീകരണത്തോടെ ഡസ്റ്ററും അവതരിപ്പിക്കുമെന്നതാണ് കൂടുതൽ ശ്രദ്ധേയമായ കാര്യം. ഇന്ത്യയിലെ ലോഞ്ച് ടൈംലൈനിനെക്കുറിച്ച് ഔദ്യോഗിക വിശദീകരണങ്ങൾ ഒന്നും നിലവിൽ ഇല്ല. എങ്കിലും പുതിയ റെനോ ഡസ്റ്റർ 5-സീറ്റർ 2026-ൽ എത്താൻ സാധ്യതയുണ്ട്. ഡാസിയ ബിഗ്‌സ്റ്ററിനെ അടിസ്ഥാനമാക്കിയുള്ള ഡസ്റ്റർ 7-സീറ്റർ പതിപ്പ് ഉടൻ പുറത്തിറങ്ങും.
പുതിയ റെനോ ഡസ്റ്ററിൽ 1.3 ലിറ്റർ HR13 ടർബോ പെട്രോൾ എഞ്ചിൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്, ഇത് 156 bhp പരമാവധി പവർ ഉത്പാദിപ്പിക്കും. കിഗറിന്റെ 1.0 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനുകളും കാർ നിർമ്മാതാവ് തിരഞ്ഞെടുത്തേക്കാം. രണ്ടാമത്തേത് താഴ്ന്ന വകഭേദങ്ങൾക്കായി മാറ്റിവയ്ക്കാം. പുതിയ തലമുറ ഡസ്റ്റർ ഡീസൽ എഞ്ചിൻ പൂർണ്ണമായും ഉപേക്ഷിക്കും എന്നാണ് റിപ്പോർട്ടുകൾ.
മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകളോടെയാണ് എസ്‌യുവി വരുന്നത്. ഇന്ത്യ-സ്പെക്ക് പതിപ്പിൽ ഓൾ-വീൽ ഡ്രൈവ് സിസ്റ്റവും ഇക്കോ, ഓട്ടോ, സ്നോ, മഡ്/സാൻഡ്, ഓഫ്-റോഡ് എന്നിങ്ങനെ ഒന്നിലധികം ഭൂപ്രദേശ മോഡുകളും ഉണ്ടായിരിക്കാം.
മോഡുലാർ സിഎംഎഫ്-ബി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള പുതിയ റെനോ ഡസ്റ്റർ, നിരവധി നൂതന സവിശേഷതകളാൽ സമ്പന്നമായ ഒരു ഉയർന്ന നിലവാരമുള്ള ഇന്റീരിയർ വാഗ്ദാനം ചെയ്യും. എതിരാളികൾ വാഗ്ദാനം ചെയ്യുന്ന അഡ്വാൻസ്‍ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം സ്യൂട്ട് കണക്കിലെടുക്കുമ്പോൾ, റെനോ അതിന്റെ പുതിയ എസ്‌യുവിയെ ഈ സുരക്ഷാ സവിശേഷത കൊണ്ട് സജ്ജീകരിച്ചേക്കാം. 6-സ്പീക്കർ അർക്കാമിസ് 3D സൗണ്ട് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ പിന്തുണയുള്ള 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 7 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, രണ്ട് യുഎസ്ബി-സി പോർട്ടുകൾ, ഒന്നിലധികം എയർബാഗുകൾ തുടങ്ങിയ സവിശേഷതകളും പാക്കേജിന്റെ ഭാഗമാകാം. 7 സീറ്റർ ഡസ്റ്റർ അതിന്റെ പ്ലാറ്റ്‌ഫോം, ഡിസൈൻ ഭാഷ, സവിശേഷതകൾ, പവർട്രെയിൻ എന്നിവ അതിന്റെ 5 സീറ്റർ സഹോദരനുമായി പങ്കിടും. എന്നിരുന്നാലും, ഇത് തീർച്ചയായും 5 സീറ്റർ ഡസ്റ്ററിനേക്കാൾ നീളവും വിശാലവുമായിരിക്കും.