Web Specials
'ഡൂയിംഗ് നത്തിംഗ്' എന്ന് കേട്ടിട്ടുണ്ടോ? അതായത്, ഒന്നും ചെയ്യാതെയിരിക്കൽ. അങ്ങനെയിരിക്കുന്നത് മോശമായിട്ടാണ് നാം കരുതുന്നത്. എന്നാൽ, അതിനുമുണ്ട് ചില ഗുണങ്ങൾ.
മുഴുവൻ സമയവും ഒന്നും ചെയ്യാതെ മടിപിടിച്ചിരിക്കുന്നതിനെ കുറിച്ചല്ല ഇത്. ഓരോ ദിവസവും ഒന്നും ചെയ്യാതെ ഒരല്പനേരം വെറുതെ ഇരിക്കുന്നതിനെ കുറിച്ചാണ്.
വളരെ തിരക്ക് പിടിച്ച ജീവിതമാണ് ഇന്ന് നമ്മുടേത്. എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കണം. ഒന്നുമില്ലെങ്കിലും ഫോണിൽ നോക്കിയിരിക്കും. എന്നാൽ, ഇതൊന്നുമില്ലാതെ വെറുതെ ഇരുന്നാലോ?
നമ്മുടെ തലച്ചോറിന് താങ്ങാനാവുന്നതിലും അധികം വിവരങ്ങൾ ഇന്ന് നമുക്ക് കിട്ടുന്നുണ്ട്. അതിനാൽ തന്നെ തലച്ചോറിന് ഒരു വിശ്രമം വേണമെങ്കിൽ വെറുതേയിരിക്കേണ്ടത് അത്യാവശ്യമാണ്.
വെറുതെയിരിക്കുന്നത് നമ്മെ ശാന്തരാക്കും. നമുക്ക് എന്താണ് വേണ്ടത്, എന്താണ് വേണ്ടാത്തത് തുടങ്ങിയ ചിന്തകളെയൊക്കെ നമ്മിലേക്ക് തിരികെ എത്തിക്കും.
ഒരുപാട് ജോലി ചെയ്യുന്നത് നല്ലതാണ് എന്ന് പറയാറുണ്ട്. എന്നാൽ, ഇത് നമ്മെ ക്ഷീണിതരാക്കും. നമ്മുടെ ക്രിയേറ്റിവിറ്റിയും പ്രൊഡക്ടിവിറ്റിയും കുറക്കും. അതിനാൽ അല്പം വിശ്രമിക്കാം.
ഇന്ന് പലരുടേയും പ്രശ്നമാണ് ഒന്നിലും ശ്രദ്ധയില്ലായ്മ. ഒരേസമയം ഒരുപാട് കാര്യങ്ങൾ ചെയ്യുന്നതിനാൽ തന്നെ ഒന്നിലും പ്രത്യേകം ശ്രദ്ധ കിട്ടില്ല. വെറുതെ ഇരിക്കുന്നത് നമ്മുടെ ശ്രദ്ധ കൂട്ടും.
വെറുതെയിരിക്കുന്നത് നമ്മുടെ സർഗാത്മകമായ കഴിവുകളെ ഉണർത്തുകയും വർധിപ്പിക്കുകയും ചെയ്യും.