ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി 10 വർഷം മുമ്പ് രക്ഷപ്പെട്ട ഇന്ത്യക്കാരന് രണ്ട് കോടി വില പറഞ്ഞ് എഫ്ബിഐ
പത്ത് വര്‍ഷം മുമ്പ് ഒരു രാത്രി കടയുടെ പിന്നിലിട്ട് സ്വന്തം ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയ കൊലയാളി. ലോകത്തിലെ ഏറ്റവും വലിയ അന്വേഷണ ഏജന്‍സിയായ എഫ്ബിഐ പോലും ഭദ്രേഷ് കുമാർ ചേതൻഭായ് പട്ടേലിന് വേണ്ടി ഇരുട്ടില്‍ തപ്പുന്നു.
ഫെഡറൽ കുറ്റകൃത്യങ്ങൾ അന്വേഷിക്കാനും കുറ്റവാളികളെ പിടികൂടാനും നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും മികച്ച കുറ്റകൃത്യ അന്വേഷണ ഏജൻസികളിലൊന്നാണ് യുഎസ്എയുടെ എഫ്ബിഐ അഥവാ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ. എഫ്ബിഐയുടെ 'മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ട ഗുജറാത്തുകാരനായ ഒരു കുറ്റവാളിയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങൾ ചർച്ചയാകുന്നത്.
അമേരിക്കയിൽ ഭാര്യയെ കൊലപ്പെടുത്തിയതിന് ശേഷം ഏകദേശം 10 വർഷമായി ഒളിവിൽ കഴിയുന്ന ഇന്ത്യക്കാരനായ ഭദ്രേഷ് കുമാർ ചേതൻഭായ് പട്ടേൽ എന്ന പിടികിട്ടാപുള്ളിയുടെ വിവരങ്ങൾ അടുത്തിടെയാണ് എസ്ബിഐ പുറത്തുവിട്ടത്. ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയതിന് ശേഷം ഒളിവിൽ പോയ ഭദ്രേഷ് കുമാർ ചേതൻഭായ് പട്ടേലിനെ പിടികൂടാൻ സഹായിക്കണമെന്നായിരുന്നു എഫ്ബിഐയുടെ സമൂഹ മാധ്യമ പോസ്റ്റ്.
കൂടാതെ ഇയാൾ ചെയ്ത കുറ്റകൃത്യത്തെക്കുറിച്ചും കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. 2015 ഏപ്രിൽ 12 -ന് മേരിലാൻഡിലെ ഹാനോവറിലെ ഒരു ഡോനട്ട് ഷോപ്പിൽ ഇരുവരും ജോലി ചെയ്യുന്നതിനിടയിൽ ഭദ്രേഷ് കുമാർ ചേതൻഭായ് പട്ടേൽ തന്‍റെ ഭാര്യയെ ശക്തമായ ഒരു വസ്തു കൊണ്ട് ഒന്നിലധികം തവണ തലയ്ക്കടിക്കുകയും കടയുടെ പിൻമുറിയിൽ വച്ച് കത്തികൊണ്ട് നിരവധി തവണ കുത്തി കൊലപ്പെടുത്തുകയുമായിരുന്നു.
രാത്രി വൈകി നടന്ന കൊലപാതകത്തിന്‍റെ ദൃശ്യങ്ങൾ കടയിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. സംഭവം നടക്കുമ്പോൾ ഇയാൾക്ക് 24 വയസ്സും കൊല്ലപ്പെട്ട ഭാര്യ പാലക്കിന് 21 വയസ്സുമായിരുന്നു പ്രായം. കൊലപാതകത്തിന് ശേഷം കടയുടെ പിൻവാതിലിലൂടെ ഇയാൾ രക്ഷപ്പെടുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തൽ. ദമ്പതികൾ തമ്മിൽ വഴക്കുണ്ടായിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നുണ്ട്.
അവരുടെ വിസയുടെ കാലാവധി സംഭവം നടക്കുന്നതിന് ഒരു മാസം മുമ്പ് അവസാനിച്ചിരുന്നു. കൂടാതെ പാലക് ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിച്ചിരുന്നതായും, അതേസമയം ഭദ്രേഷ്കുമാർ അമേരിക്കയിൽ തുടരാൻ ആഗ്രഹിച്ചിരുന്നു എന്നുമാണ് പോലീസ് പറയുന്നത്. എഫ്ബിഐയുടെ റിപ്പോർട്ട് പ്രകാരം, ന്യൂജേഴ്‌സിയിലെ നെവാർക്കിലാണ് പട്ടേലിനെ അവസാനമായി കണ്ടത്. ഇയാളെ കുറിച്ച് വിവരം നൽകുന്നവർക്ക് എഫ്ബിഐ 2,50,000 ഡോളർ (2,16,50,150 രൂപ) വരെ പാരിതോഷികം പ്രഖ്യാപിച്ചു.
സെയ്ഫ് അലി ഖാന്‍റെ ബാന്ദ്രയിലെ വീട് സന്ദര്‍ശിച്ച എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് ദയാ നായക്, ആരാണ്?