ജീവനക്കാരന് കമ്പനിയില്‍ നിന്ന് 7.14 കോടിയുടെ ലോട്ടറി അടിച്ചു; പക്ഷേ, സമ്മാനത്തുക തിരികെ കൊടുക്കണമെന്ന് ആവശ്യം
കമ്പനി തങ്ങളുടെ ജീവനക്കാര്‍ക്ക് വേണ്ടി നടത്തിയ പരിപാടിക്കിടെ 500 ലോട്ടറി ടിക്കറ്റുകളും വിതരണം ചെയ്തിരുന്നു. അതിലൊരു ടിക്കറ്റിന് സമ്മാനം അടിച്ചു.
കമ്പനികൾ തങ്ങളുടെ ജീവനക്കാരെ പ്രചോദിപ്പിക്കാനും പ്രൊഡക്ട്റ്റിവിറ്റി കൂട്ടാനുമായി ജീവനക്കാര്‍ക്ക് പലവിധ സമ്മാനങ്ങളും പദ്ധതികളും പ്രഖ്യാപിക്കാറുണ്ട്. അത്തരത്തില്‍ ചൈനയിലെ സെജിയാങ് പ്രവിശ്യയിലെ നിംഗ്ബോയിലെ ഒരു കമ്പനി തങ്ങളുടെ ജീവനക്കാര്‍ക്ക് വേണ്ടി ഒരു വാർഷിക വർഷാവസാന പാർട്ടി നടത്തി. പാര്‍ട്ടിയില്‍ വച്ച് ജീവനക്കാര്‍ക്കായി 500 അധികം ലോട്ടറി ടിക്കറ്റുകളും കമ്പനി വിതരണം ചെയ്തു. ഇതില്‍ ഒരു ടിക്കറ്റിനായിരുന്നു 6 ദശലക്ഷം യുവാൻ (ഏകദേശം 7.14 കോടി രൂപ) സമ്മാനം ലഭിച്ചത്. എന്നാല്‍, സമ്മാനത്തുക എല്ലാവര്‍ക്കും ഒരു പോലെ വീതിച്ച് നല്‍കാനായി തിരിച്ച് തരണമെന്ന് കമ്പനി ആവശ്യപ്പെട്ടു.
2019 -ലായിരുന്നു ഈ സംഭവം നടന്നത്. ഇപ്പോൾ ചൈനയില്‍ വീണ്ടുമൊരു സ്പ്രിംഗ് ഫെസ്റ്റിവൽ അടുത്തുവരികയാണ്. സ്പ്രിംഗ് ഫെസ്റ്റിവലിനോടനുബന്ധിച്ചാണ് ഇത്തരം സമ്മാന പരിപാടികൾ കമ്പനികൾ നടത്താറ്. പല കമ്പനികളും ഇത്തവണത്തെ സ്പ്രിംഗ് ഫെസ്റ്റിനായി പുതിയ സമ്മാനപദ്ധതികൾ ഒരുക്കുന്നതിനിടെ ചൈനീസ് സമൂഹ മാധ്യമങ്ങളില്‍ ഈ പഴയ സംഭവം വീണ്ടും ചര്‍ച്ചയാവുകയായിരുന്നു. കുറയുന്ന ലോട്ടറി ടിക്കറ്റ് വിൽപ്പന വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് കമ്പനികളുടെ ഈ തന്ത്രമെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ ആരോപിക്കുന്നു.
ഇതോടെ കോര്‍പ്പറേറ്റ് കമ്പനികളുടെ ജീവക്കാരോടുള്ള സമീപനവും പലരും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചു. സമ്മാന തുക ജീവനക്കാര്‍ക്ക് എല്ലാവര്‍ക്കുമായി വിതരണം ചെയ്യാനായിരുന്നെങ്കില്‍ പിന്നെ എന്തിനാണ് അത്തരമൊരു നാടകം എന്ന് നിരവധി പേരാണ് ചോദിച്ചത്. ജീവനക്കാരന്‍, ഒടുവില്‍ തനിക്ക് കിട്ടിയ സമ്മാനത്തുക കമ്പനിക്ക് തിരികെ കൊടുക്കേണ്ടിവന്നെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.
മരിച്ച പട്ടിയുടെ ലൈസന്‍സ് നമ്പറില്‍ അടിച്ചത് 42 ലക്ഷത്തിന്‍റെ ലോട്ടറി
യുഎസില്‍ കഴിഞ്ഞ ബുധനാഴ്ച ഒരു ലോട്ടറി ഫലം ഏറെ കൌതുകം ജനിപ്പിച്ചു. യുഎസിലെ ടിഫിനിലെ എൻ വാഷിംഗ്ടൺ സ്ട്രീറ്റിലെ പിറ്റ് സ്റ്റോപ്പിൽ കഴിഞ്ഞ ബുധനാഴ്ച നടന്ന പിക്ക് 5 ലോട്ടറിക്കായി, ഒഹായോക്കാരനായ റോജേഴ്സ് സോർസ് കഴിഞ്ഞ വർഷം തന്നെ ഒരു ടിക്കറ്റ് വാങ്ങിയിരുന്നു. റോജേഴ്സ് സോർസ് ലോട്ടറിക്കായി തെരഞ്ഞെടുത്ത സംഖ്യ അദ്ദേഹത്തിന്‍റെ മരിച്ച് പോയ ജർമ്മൻ ഷെപ്പേർഡിന്‍റെ ലൈസൻസ് പ്ലേറ്റ് നമ്പറായിരുന്നു, 1-0-8-2-2 എന്ന സംഖ്യയാണ് സോർസ് ലോട്ടറിക്കായി നല്‍കിയത്.
'ഞാൻ പിക്ക് 5 -നായി രണ്ട് സെറ്റ് നമ്പറുകളാണ് തെരഞ്ഞെടുത്തത്. വിജയിച്ച നമ്പർ യഥാർത്ഥത്തിൽ എന്‍റെ ജർമ്മൻ ഷെപ്പേർഡിന്‍റെ ലൈസൻസ് പ്ലേറ്റ് നമ്പറായിരുന്നു. അവൾ ഇപ്പോൾ ഞങ്ങളോടൊപ്പമില്ല,' ലോട്ടറി വിജയത്തിന് പിന്നാലെ സോര്‍സ് മാധ്യമങ്ങളോട് പറഞ്ഞു. 'ടിക്കറ്റ് ഫലം നറുക്കെടുക്കുമ്പോൾ ഞാന്‍ ടിവി കണ്ട് കൊണ്ട് ഇരിക്കുകയായിരുന്നു. ഫലം വന്നപ്പോൾ ഞാന്‍ മരവിച്ച് പോയി. അത് ശരിക്കും എനിക്കാണ് അടിച്ചതെന്ന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.