കാട് ഇറങ്ങുന്നവരും കാട് ഇറക്കുന്നവരും; കാടേറിയ അനുഭവത്തില്‍ നിന്നും ഒരു കുറിപ്പ്
മനുഷ്യ - മൃഗ സംഘര്‍ഷങ്ങൾ നാൾക്കുനാൾ വർദ്ധിക്കുകയാണ്. അവയ്ക്ക് പരിഹാരമില്ലെങ്കില്‍ അത് വലിയ അപകടങ്ങള്‍ക്ക് വഴിതെളിക്കും. ഇരുപത് വര്‍ഷത്തെ കാടനുഭവത്തില്‍ നിന്നും ശബരി ജാനകി എഴുതുന്നു.
കാടും മനുഷ്യനും പരസ്പരം ഇഴ ചേർന്നു നിൽക്കേണ്ട രണ്ട് ബിംബങ്ങളാണ്. കാടില്ലാതെ മനുഷ്യന് നിലനിൽപ്പില്ല. ഈ വസ്തുത നിലനില്‍ക്കെ തന്നെ മനുഷ്യന്‍റെ ജീവനും നിലനിൽപ്പിനും ഇതേ കാട് തന്നെ ഭീഷണിയാകുന്നുവെങ്കിൽ ആ പാരസ്പര്യത്തിൽ ഉലച്ചിൽ സംഭവിച്ചിട്ടുണ്ടാകണം. കാരണക്കാരല്ല ഇരകൾ എന്നുള്ളതാണ് ഇവിടുത്തെ പ്രധാന പ്രശ്നം. യുദ്ധകാലാടിസ്ഥാനത്തിൽ കേന്ദ്ര - സംസ്ഥാന സർക്കാറുകൾ ഈ വിഷയത്തിൽ ഇടപെട്ടില്ലെങ്കിൽ വനം - വന്യജീവി സംരക്ഷണ നിയമങ്ങളുടെ ഫലം ചോർന്നു പോവുകയും മനുഷ്യർ ഈ നിയമത്തിനെതിരെ കലാപകൊടി പിടിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കപ്പെടുകയും ചെയ്യും. എന്തുകൊണ്ട് വന്യജീവികൾ കാടിറങ്ങുന്നു? എന്തുകൊണ്ട് കാടിനോട് ചേർന്ന് ജീവിക്കുന്ന മനുഷ്യർക്ക് അവയൊരു ഭീഷണിയാകുന്നു? കാടേറിയ 20 വർഷത്തെ അനുഭവങ്ങളില്‍ നിന്ന് ഒരു കുറിപ്പ്.
പ്രധാന കാരണങ്ങൾ രണ്ടാണ്. ഒന്ന് കാടിനുണ്ടായ മാറ്റം, രണ്ട് വന്യജീവികളുടെ സ്വഭാവത്തിലെ മാറ്റം.
കാടിനുണ്ടായ മാറ്റം
15 - 20 വർഷം മുമ്പ് വയനാടൻ കാട്ടിലൂടെ സഞ്ചരിച്ചിട്ടുള്ള ആരും അനുഭവിച്ചിട്ടുള്ള കാര്യമാണ് വയനാടൻ കാടിന്‍റെ കുളിരും പച്ചപ്പും. ധാരാളം മുളങ്കാടുകളും പുൽമൈതാനങ്ങളും മൊട്ടക്കുന്നുകളും അരുവികളും വെള്ളക്കെട്ടുകളും കുളങ്ങളും എല്ലാമുണ്ടായിരുന്ന ആ തണുത്ത വയനാടൻ കാട്. അന്ന്, വേനൽ കാലത്ത് പോലും രാത്രിയായാൽ ചെറിയൊരു കുളിരുണ്ടാവും. പക്ഷേ, അതിന്ന് വെറുമൊരോർമ്മ മാത്രം. ഇന്ന്, വയനാടൻ കാടിന്‍റെ അന്തരീക്ഷം പാടെ മാറി.
(ചിത്രങ്ങൾ: ശബരി ജാനകി)
വടക്ക് - കിഴക്ക് ഡക്കാൻ പീഠഭൂമിയിൽ നിന്നുള്ള വരണ്ട കാലാവസ്ഥ കുറേശ്ശെയായി വയനാടൻ കാടിനെ വിഴുങ്ങാൻ തുടങ്ങിയിരിക്കുന്നു. കടുത്ത ചൂടാണ് ഇന്ന് വയനാടിന്. പ്രത്യേകിച്ച് വേനൽ കാലത്ത്. മുളകൾ കരിഞ്ഞുണങ്ങി. ഫെബ്രുവരി ആവുന്നതോടെ കാടിനുള്ളിലെ ജലസ്രോതസ്സുകൾ വറ്റി വരണ്ടു തുടങ്ങും. ഫെബ്രുവരി കഴിഞ്ഞാൽ കേരളത്തിലെ ഒട്ടുമിക്ക കാടുകളും ചുട്ടുപഴുക്കും. പിന്നാലെ മനുഷ്യരിടുന്ന കാട്ടുതീ കാടിനെ തന്നെ ഇല്ലാതാക്കുന്നു. ഇതിനിടെ വന്യജീവികൾ എന്ത് ചെയ്യും?
വെള്ളത്തിനും ഭക്ഷണത്തിനുമായി മൃഗങ്ങൾ കാടിറങ്ങും. കാടിറങ്ങുന്ന മൃഗങ്ങൾക്ക് എളുപ്പത്തിൽ ഭക്ഷണം കിട്ടിത്തുടങ്ങിയാൽ, ആനകൾ ഉൾപ്പെടെയുള്ള മൃഗങ്ങൾ അതൊരു ശീലമാക്കും. പിന്നെ കൂടെക്കൂടെ കാടിറങ്ങും. കാട്ടിലെ മൃഗങ്ങളുടെ ദാരിദ്ര്യം, നാട്ടിലെ മനുഷ്യരോടുള്ള സംഘർഷമായി മാറും.
വൃക്ഷങ്ങളുടെ കാര്യവും സമാനമാണ്. വയനാടിന്‍റെ സ്വാഭാവിക വനസമ്പത്ത് നശിച്ചു കഴിഞ്ഞു. വന്യജീവികൾക്ക് ആഹാരം ആവേണ്ടിയിരുന്ന പല സസ്യങ്ങളും ഇല്ലാതായിക്കൊണ്ടിരിക്കുന്നു. പകരം ഒരു ജീവിക്കും തിന്നാൻ പറ്റാത്ത മഞ്ഞക്കൊന്ന (Senna), അരിപ്പു ചെടി (Lantana) ഉൾപ്പെടെയുള്ള സസ്യങ്ങൾ കാട് കീഴടക്കി. സങ്കടമാവും ഇപ്പോൾ വയനാടൻ കാടിനുള്ളിലൂടെ സഞ്ചരിച്ചാൽ. പുൽമേടുകളും വയലുകളും എല്ലാം ഈ അധിനിവേശ സസ്യങ്ങൾ കീഴടക്കി കഴിഞ്ഞു.
ഇത് വയനാടന്‍ കാടിന്‍റെ കാര്യം മാത്രമല്ല, കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള എല്ലാ വനമേഖലയുടെയും അവസ്ഥ ഒന്നുതന്നെ. പറമ്പിക്കുളത്തും തേക്കടിയിലും ചിന്നാറിലും ചെന്തുരുണിയിലുമെല്ലാം ഇത്തരത്തിലുള്ള അധിനിവേശ സസ്യങ്ങൾ ധാരാളം കാണാം. കാടിനുള്ളിൽ ഭക്ഷണം ഇല്ലാതെയാകുമ്പോൾ മൃഗങ്ങൾക്ക് കാടിറങ്ങാന്‍ മറ്റെന്ത് കാരണം വേണം?
(ചിത്രങ്ങൾ: ശബരി ജാനകി)
സ്വഭാവ മാറ്റം
മനുഷ്യ - വന്യജീവി സംഘർഷങ്ങള്‍ കൂടുകയാണ്. വന്യജീവികൾ മനുഷ്യനെ പണ്ടേ പോലെ പേടിക്കുന്നില്ലെന്ന് തന്നെ. മുമ്പ് ഇതായിരുന്നില്ല അവസ്ഥ. കാടകത്ത് മനുഷ്യന്‍റെ ഒരു ചെറിയ സാമീപ്യം പോലും വന്യജീവികളെ ഭയപ്പെടുത്തിയിരുന്നു. ആന അടക്കമുള്ള മൃഗങ്ങൾ പോലും കാടിനുള്ളിൽ മനുഷ്യരുടെ അനക്കം കേട്ടാൽ ദൂരെയ്ക്ക് മാറിനിന്നു. മൃഗങ്ങൾക്കും മനുഷ്യർക്കുമിടയില്‍ ഭയത്തിന്‍റെ അദൃശ്യമായ ഒരു അതിർത്തി നിലനിന്നു. എന്നാൽ, അടുത്തകാലത്തായി മനുഷ്യ - മൃഗ സംഘർഷങ്ങൾ വര്‍ദ്ധിക്കാന്‍ ഒരു കാരണം അവയുടെ സ്വഭാവത്തിലെ മാറ്റമാണ്.
ഓരോ ജീവി വർഗ്ഗത്തിനും അവയുടെ സ്വഭാവ സവിശേഷതകള്‍ ജനിതക ഘടനകളിലൂടെ പാരമ്പര്യമായി കൈമാറ്റം ചെയ്യപ്പെടുന്നു. മറ്റ് മൃഗങ്ങളോടുള്ള ഭയവും ഇത്തരത്തില്‍ കൈമാറ്റം ചെയ്യപ്പെടുന്നു. വന്യജീവി സംരക്ഷണ നിയമങ്ങൾ കർശനമാക്കുന്നതിന് മുമ്പ് നമ്മുടെ കാടുകളില്‍ മൃഗ വേട്ടകൾ നടന്നിരുന്നു. ഒപ്പം, കൃഷിയിടത്തിലേക്ക് ഇറങ്ങുന്ന വന്യമൃഗങ്ങളെ കർഷകര്‍ തോക്ക് ഉപയോഗിച്ച് നേരിട്ടു. ഇത് മനുഷ്യരുമായി നേരിട്ടുള്ള ഒരു ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ മൃഗങ്ങളെ പ്രേരിപ്പിച്ചു. എന്നാൽ, വന്യജീവി സംരക്ഷണ നിയമങ്ങൾ കർശനമായി നടപ്പിലാക്കാൻ തുടങ്ങിയതോട് കൂടി നായാട്ട് ഒരു പരിധിവരെ ഇല്ലാതായി. കൃഷിയിടത്തിലേക്ക് ഇറങ്ങുന്ന വന്യജീവികളെ ഉപദ്രവിച്ച് ഓടിക്കുന്ന രീതിയും അവസാനിച്ചു.
നേരിട്ടുള്ള എതിര്‍പ്പുകൾ കുറഞ്ഞതോടെ മനുഷ്യരോടുള്ള ഭയം മൃഗങ്ങളില്‍ നിന്നും പതുക്കെ ഇല്ലാതായി. സാമൂഹിക ജീവികളായ ആനകളുടെ കാര്യം തന്നെ എടുക്കാം. കൂട്ടത്തിലെ മുതിർന്ന ആനകൾ പാലിക്കുന്ന ചിട്ടകളാണ് കുട്ടിയാനകളും പിന്തുടരുന്നത്. മുമ്പ്, മനുഷ്യനെ കണ്ടാൽ വഴിമാറുക എന്നതായിരുന്നു മുതിർന്ന ആനകൾ കുട്ടിയാനകൾക്ക് നൽകിയിരുന്ന സന്ദേശം. എന്നാൽ, ഇന്ന് മുതിർന്ന ആനകൾ മനുഷ്യരുമായി ഏറ്റുമുട്ടുന്നത് കണ്ടാണ് അവര്‍ വളരുന്നത് തന്നെ. ഇത് ചെറുപ്പത്തിലെ തന്നെ മനുഷ്യനോടുള്ള ഭയം ഇല്ലാതാക്കുന്നു. രണ്ട് പതിറ്റാണ്ടിന്‍റെ കാടനുഭവങ്ങളില്‍ അത്തരം ചില അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. വന്യജീവികളുടെ സ്വഭാവത്തില്‍ കാലാനുസൃതമായമായി വരുന്ന മാറ്റങ്ങളെ കുറിച്ച് നമ്മുക്ക് വിശദമായ പഠനം ആവശ്യമാണ്. എങ്കില്‍ മാത്രമേ ഒരു ശരിയായ പരിഹാരത്തിലേക്ക് നമ്മുക്ക് എത്തിചേരാന്‍ കഴയൂ.
(ചിത്രങ്ങൾ: ശബരി ജാനകി)
ടൂറിസവും ഇല്ലാതെയാകുന്ന കാടും
ടൂറിസം, മനുഷ്യ - മൃഗ സംഘർഷങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ മറ്റൊരു കാരണമാകുന്നു. കാടിനോട് ചേർന്നും കാടിനുള്ളിലുമുള്ള അനിയന്ത്രിതമായ റിസോർട്ട് നിർമ്മാണങ്ങൾ. കേരളത്തിലെ എല്ലാ വന്യജീവി സങ്കേതങ്ങലിലും ഇത് കാണാം. ഇവിടെ പ്രശ്നം രണ്ടാണ്. ഒന്ന്, കാടിനോട് ചേർന്ന് മനുഷ്യവാസം കൂടുന്നു. രണ്ട്, ഇത്തരം ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള വാഹനങ്ങളുടെ ഒഴുക്ക്. ഇത് രണ്ടും വന്യജീവികളുടെ സ്വാഭാവിക ജീവിതത്തിന് ഭീഷണിയാണ്. മൃഗങ്ങളെ അസ്വസ്ഥമാക്കുന്ന, പ്രകോപിപ്പിക്കുന്ന പ്രധാന കാരണങ്ങൾ.
കാടകത്ത് തന്നെ മൃഗങ്ങളുടെ സ്വാഭാവിക വാസസ്ഥലങ്ങൾ കുറഞ്ഞു വരുന്നു. മനുഷ്യന്‍റെ കടന്നുകയറ്റം കാരണം സ്വാഭാവിക വനമേഖലകൾ ചെറിയ തുരുത്തുകളായി തീർന്നു. വനത്തിനുള്ളിലും വനത്തോട് ചേർന്നുമുള്ള ക്വാറികള്‍, വനത്തിനുള്ളിലൂടെയുള്ള റോഡുകൾ എല്ലാം, സ്വാഭാവിക ആനത്താരകളെ പോലും ഇല്ലാതെയാക്കി. വിശാലമായ ഒറ്റയൊരു കാടിനെ പല തുരുത്തുകളിലേക്ക് ചുരുക്കുന്നു. മൃഗങ്ങളെ അവയുടെ സ്വാഭാവികതയിലേക്ക് വിടേണ്ടതുണ്ട്. ഈ ഭൂമിയില്‍ പരസ്പരം ഇഴചേര്‍ന്ന് നില്‍ക്കേണ്ടവര്‍ പോരടിക്കുമ്പോൾ നമ്മുക്കിനി പരിഹാരം തേടുകയല്ല ഇനി വേണ്ടത്. പ്രവര്‍ത്തിയാണ്. അതല്ലായെങ്കില്‍ പ്രശ്നം കൂടുതല്‍ രൂക്ഷമാകും.
(വന്യജീവി ഫോട്ടോഗ്രാഫറും നിലമ്പൂർ കരിമ്പുഴ വന്യജീവി സങ്കേതം അഡ്വൈസറി ബോർഡ് മെമ്പറുമാണ് ലേഖകൻ)