പ്ലസ് ടു വിദ്യാർത്ഥി വീട്ടിൽ തൂങ്ങിമരിച്ച സംഭവത്തിൽ 3 അധ്യാപകർക്ക് സസ്‍പെൻഷൻ; ഗുരുതര ആരോപണവുമായി കുടുംബം
സ്കൂളിലെ അധ്യാപകർക്കെതിരെ മരിച്ച കുട്ടിയുടെ കുടുംബം ഗുരുതരമായ ആരോപണങ്ങളാണ് ഉയർത്തിയത്. നടപടി ആവശ്യപ്പെട്ട് പൊലീസിലും വിദ്യാഭ്യാസ വകുപ്പിലും പരാതി നൽകുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കണ്ണൂർ: കമ്പിൽ മാപ്പിള ഹയർസെക്കന്ററി സ്കൂളിലെ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ മൂന്ന് അധ്യാപകർക്ക് സസ്‍പെഷൻ. അധ്യാപകരുടെ പീഡനത്തെ തുടർന്നാണ് ഭവത് മാനവ് എന്ന വിദ്യാർത്ഥി ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിച്ചിരുന്നു. ഈ മാസം എട്ടാം തീയതിയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ ഭവതിനെ കണ്ടെത്തിയത്. ഈ മാസം എട്ടിന് സ്കൂളിലേക്ക് ഭവതിന്റെ അമ്മയെ വിളിച്ചിരുന്നു. അവർ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ രണ്ടാം നിലയിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കുട്ടിയെ കാണുന്നത്. അധ്യാപകരായ ഗിരീഷ്, ആനന്ദ്, അനീഷ് എന്നിവരെയാണ് 15 ദിവസത്തേക്ക് ഹയർസെക്കന്‍ററി മേഖലാ ഉപമേധാവി സസ്‍പെൻഡ് ചെയ്‍തിരിക്കുന്നത്.