ഇനി ഗ്രാൻഡ് ടൂർ വിസ; ജി.സി.സി രാജ്യങ്ങളുടെ ടൂറിസം സാധ്യതകളുമായി അറേബ്യൻ ട്രാവൽ മാർക്കറ്റ്
2024 ജനുവരി മുതൽ മാർച്ച് വരെ വെറും മൂന്നു മാസം ദുബൈയിലെത്തിയ ടൂറിസ്റ്റുകളുടെ എണ്ണം അറിയാമോ? 50,1800 സഞ്ചാരികൾ. 83 ശതമാനം ഹോട്ടൽ മുറികളും നിറഞ്ഞു. അതാണ് ടൂറിസത്തിന്റെ പവർ.
250 കോടി ഡോളറിന്റെ ഡീൽ നടക്കുന്നതാണ് അറേബ്യൻ ട്രാവൽ മാർക്കറ്റ്. അതായത് 20,000 കോടിയിലധികം രൂപയുടെ ബിസിനസ്. വെറുമൊരു മരുഭൂമിയിൽ നിന്ന് ദ്വീപും മരതക മുത്തു പോലുള്ള നഗരങ്ങളും പണിതാണ് ദുബൈ ടൂറിസ്റ്റുകളുടെ സ്വർഗമായി മാറിയത്. ലോകത്തെ ഏറ്റവും മനോഹരമായ നഗരം തങ്ങളുടേതാകണമെന്ന ലക്ഷ്യമാണ് ദുബായിയെ വേറിട്ടതാക്കുന്നത്. മനസ്സുവെച്ചാൽ സ്വന്തമാക്കാൻ ആർക്കും കഴിയുമെന്നതാണ് ആ സന്ദേശം. ആ ദുബായിലാണ് ലോകരാജ്യങ്ങളെല്ലാം സഞ്ചാരികളെ വലവീശിപ്പിടിക്കാനെത്തിയത്. അറേബ്യൻ ട്രാവൽ മാർക്കറ്റിലേക്ക്. 2100ലധികം പ്രദർശകരാണ് എത്തിയത്.
മരുഭൂമിയിൽ പോയിട്ടെന്ത് കാണാനാണ് എന്ന് ഇനിയുള്ള കാലത്ത് ആരും ചോദിക്കില്ല. കാരണം ടൂറിസം രംഗത്ത് ജിസിസി രാജ്യങ്ങൾ വിപ്ലവം കൊണ്ടു വരാനാണ് പോകുന്നത്. ഒറ്റ വിസയിൽ 6 രാജ്യങ്ങളിൽ ഒരു മാസം വരെ തങ്ങാവുന്ന ഗ്രാൻഡ് ടൂർസ് വിസ അതിന്റെ തുടക്കം.