ചന്ദ്രനിലെ രണ്ട് മഹാഗര്‍ത്തങ്ങള്‍ രൂപംകൊണ്ടത് 10 മിനിറ്റുകള്‍ക്കുള്ളില്‍; ബഹിരാകാശ കൂട്ടയിടിയെ കുറിച്ച് പഠനം

Vallis Schrodinger, Vallis Planck എന്നാണ് ഈ ചാന്ദ്രഗര്‍ത്തങ്ങളുടെ പേര്, ബഹിരാകാശ പാറക്കഷണങ്ങള്‍ പതിച്ചാണ് ഇവ രൂപംകൊണ്ടത്
 

vallis schrodinger and vallis planck formed within less tha 10 minutes on the moon study

ഭൂമിയുടെ സ്വാഭാവിക ഉപഗ്രഹമായ ചന്ദ്രനിലെ രണ്ട് ഭീമാകാരന്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടത് ബഹിരാകാശ പാറകള്‍ പതിച്ച് 10 മിനിറ്റുകള്‍ കൊണ്ടെന്ന് പഠനം. ഭൂമിയിലെ ഏഴ് പ്രകൃതിദത്ത അത്ഭുതങ്ങളിലൊന്നായ ഗ്രാന്‍ഡ് കാന്യനേക്കാള്‍ ആഴമുള്ള ചാന്ദ്രഗര്‍ത്തങ്ങളായ Vallis Schrodinger ഉം, Vallis Planck ഉം രൂപംകൊണ്ടത് ഉല്‍ക്കയോ ധൂമകേതുവോ പോലുള്ള ബഹിരാകാശ അവശിഷ്ടങ്ങള്‍ പതിച്ചാണെന്ന് നേച്ചര്‍ കമ്മ്യൂണിക്കേഷന്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

ചന്ദ്രനിലെ അഗാധ ഗര്‍ത്തങ്ങളായ Vallis Schrödinger, Vallis Planck എന്നിവ രൂപപ്പെട്ടത് അതിവേഗത്തില്‍ പാഞ്ഞെത്തിയ ബഹിരാകാശ അവശിഷ്ടങ്ങള്‍ പതിച്ച് 10 മിനിറ്റുകള്‍ക്കുള്ളിലാണ് എന്നാണ് പഠനം പറയുന്നത്. Vallis Schrodinger-ന് ഏറ്റവും വലിയ ഭാഗത്ത് 270 കിലോമീറ്റര്‍ നീളവും 20 കിലോമീറ്റര്‍ വീതിയും 2.7 കിലോമീറ്റര്‍ ആഴവും കണക്കാക്കുന്നു. അതേസമയം Vallis Planck-ന് 280 കിലോമീറ്റര്‍ നീളവും 27 കിലോമീറ്റര്‍ വീതിയും 3.5 കിലോമീറ്റര്‍ ആഴവുമാണുള്ളത്. ഭൂമിയിലെ പ്രകൃതിദത്ത മഹാത്ഭുതങ്ങളിലൊന്നായ ഗ്രാന്‍ഡ് കാന്യന്‍റെ ഏറ്റവും ആഴമേറിയ ഭാഗത്തിന് 1.9 കിലോമീറ്റര്‍ താഴ്‌ചയേയുള്ളൂ എന്നറിയുക. ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തില്‍ ഏറെ പര്‍വതങ്ങളും ആഴമേറിയ താഴ്‌വരകളുമുള്ള Schrodinger മേഖലയിലാണ് ഇരു ഗര്‍ത്തങ്ങളും സ്ഥിതിചെയ്യുന്നത്. 3.81 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ബഹിരാകാശ പാറക്കഷണങ്ങള്‍ പതിച്ച് 312 കിലോമീറ്റര്‍ വ്യാസത്തില്‍ രൂപംകൊണ്ട Schrodinger തടത്തിന്‍റെ ഭാഗമാണ് ഇരു ഗര്‍ത്തങ്ങളും. 

അമേരിക്കയിലെ അരിസോണ സംസ്ഥാനത്തെ കൊളറാഡോ നദിയിലെ ജലപ്രവാഹത്തെ തുടര്‍ന്ന് 5-6 ദശലക്ഷക്കണക്കിന് വര്‍ഷമെടുത്ത് രൂപംകൊണ്ട അത്ഭുതമാണ് ഗ്രാന്‍ഡ് കാന്യന്‍. എന്നാല്‍ ബഹിരാകാശ അവശിഷ്ടങ്ങള്‍ പതിച്ച് രൂപംകൊണ്ട ചന്ദ്രനിലെ മഹാഗര്‍ത്തങ്ങളില്‍ നിന്ന് അതിന്‍റെ പിറവിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാനാകും എന്ന പ്രതീക്ഷ ലൂണാര്‍ ആന്‍ഡ് പ്ലാനറ്ററി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഭൗമശാസ്ത്രജ്ഞനായ ഡേവിഡ് ക്രിങ് സ്പേസ് ഡോട് കോമിനോട് പങ്കുവെച്ചു. നേച്ചര്‍ കമ്മ്യൂണിക്കേഷന്‍ പ്രസിദ്ധീകരിച്ച പഠനത്തിന്‍റെ പ്രധാന രചയിതാവ് കൂടിയാണ് ഡേവിഡ് കിങ്. ഭാവിയില്‍ ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തില്‍ എയ്റ്റ്‌കെൻ തടത്തിനടുത്ത് ഇറങ്ങുന്ന സഞ്ചാരികള്‍ക്ക് അവിടുള്ള ഗര്‍ത്തങ്ങളെ കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ കണ്ടെത്താനാകും എന്നാണ് വിശ്വാസം. 

Read more: 'ആഗോളതാപനം 2 ഡിഗ്രി സെൽഷ്യസിൽ പരിമിതപ്പെടുത്തുക ഇനി അസാധ്യം, ഭൂമിയുടെ ഭാവി അപകടത്തിൽ'- പഠനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം


 

Latest Videos
Follow Us:
Download App:
  • android
  • ios