പാൻ കാർഡ് ആരംഭിച്ചത് എപ്പോൾ? ആർക്കൊക്കെ വേണം, എങ്ങനെ അപേക്ഷിക്കാം; അറിയേണ്ടതെല്ലാം

എന്താണ് പാൻ കാർഡ്? ആർക്കൊക്കെ വേണം, എങ്ങനെ അപേക്ഷിക്കാമെന്ന് തുടങി പാൻകാർഡിനെ കുറിച്ച് അറിയേണ്ടതെല്ലാം 

What is PAN card, It's Importance, and How to Apply

ന്ത്യയിൽ ഏതൊരു പൗരന്റെയും സാമ്പത്തിക രേഖകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പാൻ കാർഡ്, അഥവാ പെര്‍മനന്‍റ് അക്കൗണ്ട് നമ്പര്‍. ആദായ നികുതി വകുപ്പാണ് പാന്‍ കാർഡ് നൽകുക. ബാങ്കില്‍ ഒരു അക്കൗണ്ട് തുടങ്ങാനും നികുതി അടയ്ക്കാനും തുടങ്ങി ഭൂരിഭാഗം സാമ്പത്തിക കാര്യങ്ങൾക്കും പാൻ കാർഡ് ആവശ്യമാണ്. നികുതിദായകരുടെ വിവരങ്ങൾ ശേഖരിച്ചു വെക്കുന്നതിനാണ് ആദായ നികുതി വകുപ്പ് പാൻ കാർഡ് അവതരിപ്പിച്ചത്. രാജ്യത്തെ ഓരോ നികുതിദയാകനും നൽകുന്ന ഈ നമ്പർ അദ്വിതീയമാണ്. അതായത് ഒരു സീരിയൽ നമ്പറിൽ ഒരു കാർഡ് മാത്രമേ രാജ്യത്ത് ഉണ്ടാകൂ എന്നർത്ഥം.

പാൻ കാർഡ് നൽകുന്നതിലൂടെ ഓരോ നികുതിദായകന്റെയും സാമ്പത്തിക ഇടപാടുകൾ ക്രോഡീകരിച്ച് അവലോകനം ചെയ്യാൻ ആദായനികുതി വകുപ്പിന് എളുപ്പത്തിൽ കഴിയും. ഓരോ വ്യക്തിയുടെയും അല്ലെങ്കിൽ കമ്പനിയുടെയും പേരിലുള്ള പാൻ കാർഡ് നമ്പറിൽ ആയിരിക്കും ഇവരുടെ സാമ്പത്തിക ഇടപാടുകൾ രേഖപ്പെടുത്തുക. അങ്ങനെ വരുമ്പോൾ നികുതി സംബദ്ധമായ എല്ലാ വിവരങ്ങളും ആദായ നികുതി വകുപ്പിന് എളുപ്പത്തിൽ പരിശോധിക്കാനും നികുതി വെട്ടിപ്പുകൾ തടയാനും സാധിക്കും.  ഇത് തന്നെയാണ് പാൻ കാർഡ് അവതരിപ്പിച്ചതിന് പിന്നിലുള്ള പ്രധാന ലക്ഷ്യവും. അനധികൃത പണമിടപാടുകളും കള്ളപ്പണവും തടയുക എന്ന ലക്ഷ്യത്തോടെയാണ് ആദായനികുതി വകുപ്പ് പാൻ കാർഡ് വ്യവസ്ഥകൾ നിർമ്മിച്ചിട്ടുള്ളത്.

പാൻ കാർഡ് ആദ്യമായി അവതരിപ്പിച്ചത് എപ്പോൾ?

രാജ്യത്ത് പാൻ കാർഡ് പാൻ ആദ്യമായി അവതരിപ്പിച്ചത് 1972 ലാണ്. എന്നാൽ ഇത് നിയമാനുസൃതമാക്കിയത് 1976 ലാണ്. അതുവരെ ആദായനികുതി വകുപ്പ് ഒരു ജനറൽ ഇൻഡെക്സ് രജിസ്റ്റർ നമ്പർ അല്ലെങ്കിൽ ജിഐആർ നമ്പർ ആയിരുന്നു നികുതിദായകന് നൽകിയിരുന്നത്. പാൻ കാർഡ് നമ്പറുകൾ 1985 വരെ നൽകിയിരുന്നത് മാനുവലായിട്ടായിരുന്നു. ഈ നമ്പറുകൾ ആധികാരികമായിട്ടല്ല എന്നുള്ള ആരോപണങ്ങൾ ഉണ്ടായിരുന്നു. തുടർന്ന് ഈ രീതിയിലുള്ള പാൻ നമ്പറുകൾ നൽകുന്നത് അവസാനിപ്പിച്ചു. അമേരിക്ക, ബ്രിട്ടൻ തുടങ്ങി വിവിധ രാജ്യങ്ങളിലെ പാൻ കാർഡിന് സമാനമായ സംവിധാനത്തെ കുറിച്ച്  പഠിച്ചതിന് ശേഷം 1995 ൽ  നിലവിൽ ഉള്ള പാൻ കാർഡ് അവതരിപ്പിച്ചു.

ആദ്യകാലങ്ങളിൽ ആദായനികുതി അടയ്ക്കാനും ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുമെല്ലാം മാത്രമായിരുന്നു പാൻ കാർഡ് ആവശ്യമായിരുന്നത്. എന്നാൽ ഇനി ഒരു പക്ഷെ നിത്യേനയുള്ള എല്ലാ സാമ്പത്തിക ഇടപാടുകൾക്കും പാൻ കാർഡ് ആവശ്യമായി വന്നേക്കാം.
ആദായ നികുതി വകുപ്പ് നൽകുന്ന പത്തക്ക നമ്പർ കാണുമ്പോൾ നിസാരമാണെങ്കിലും അതിൽ ഒരു വ്യകിതിയെ സംബന്ധിച്ച നിരവധി പ്രധാന കാര്യങ്ങൾ അടങ്ങിയിട്ടുണ്ട്. പാൻ കാർഡിൽ പാൻ നമ്പർ അല്ലാതെ പാൻ കാർഡ് ഉടമയുടെ പേര്, ജനനത്തീയതി, പിതാവിന്റെയോ പങ്കാളിയുടെയോ പേര്, ഫോട്ടോ എന്നിവ ഉണ്ടാകും. അതുകൊണ്ട് തന്നെ പലപ്പോഴും പാൻ കാർഡ് ഒരു തിരിച്ചറിയൽ രേഖയായും ഉപയോഗിക്കാറുണ്ട്.

പാൻ കാർഡ് നമ്പർ കാണുന്ന ഒരു വ്യക്തിക്ക് അതെന്താണെന്ന് പെട്ടന്ന് മനസിലാകണമെന്നില്ല. പാൻ ഘടനയെ കുറിച്ച് ധാരണയില്ലാത്തവർക്ക് ഈ അക്കങ്ങൾക്ക് പിറകിൽ ഒളിച്ചിരിക്കുന്ന വലിയ വിവരങ്ങൾ എന്നും രഹസ്യമായിരിക്കും. പാൻ ഉടമകൾ ആദ്യം മനസിലാക്കേണ്ട ഒരു കാര്യമുണ്ട്, പാൻ എന്നാൽ ഒരു വ്യക്തിക്ക് ഒരു തവണ മാത്രം ഇഷ്യൂ ചെയ്യുന്നതാണ്. അതായത് ഒരാൾക്ക് ഒരു പാൻ നമ്പർ മാത്രമേ ഉണ്ടാകുകയുള്ളൂ. ഈ നമ്പറിൽ എപ്പോഴും ആദ്യത്തെ 5 എണ്ണം അക്ഷരങ്ങളായിരിക്കും. അടുത്ത 4 എണ്ണം അക്കങ്ങളാണ്, ഒടുവിൽ അവസാനത്തേതും അക്ഷരമായിരിക്കും. അതിനാൽ, ഈ 10 നമ്പറുകളിൽ എന്ത് വിവരങ്ങളാണ് മറഞ്ഞിരിക്കുന്നത് പലർക്കും മനസിലാക്കാൻ പറ്റില്ല.

പാൻ കാർഡിൽ എഴുതിയിരിക്കുന്ന 10 അക്ഷരങ്ങളുടെ അർത്ഥമെന്താണ്?

പാൻ കാർഡ് ഉള്ളവർ എപ്പോഴെങ്കിലും നിങ്ങളുടെ പാൻ കാർഡ് ശ്രദ്ധാപൂർവ്വം നോക്കിയിട്ടുണ്ടോ? ഏതൊരാളുടെയും പാൻ കാർഡിലെ ആദ്യത്തെ മൂന്ന് പ്രതീകങ്ങൾ ഇംഗ്ലീഷ് അക്ഷരമാലയിലുള്ളതാണെന്ന് ശ്രദ്ധിച്ചാൽ മനസിലാക്കാൻ കഴിയും. നാലാമത്തെ അക്ഷരം നിങ്ങൾ ഏത് തരത്തിലുള്ള ഉടമയാണെന്ന് ചൂണ്ടികാണിക്കുന്നതാണ്. അതായത് 10 തരത്തിലുള്ള ഉടമകളിൽ നിന്നും നിങ്ങൾ ആരാണെന്നുള്ളതിനെ സൂചിപ്പിക്കുന്നതാണ് ഇത്.

സി - കമ്പനി
പി - വ്യക്തി
എച്ച് - എച്ച്‌യു‌എഫ് (ഹിന്ദു അവിഭക്ത കുടുംബം)
എഫ് - സ്ഥാപനം
എ - വ്യക്തികളുടെ അസോസിയേഷൻ
ടി - ട്രസ്റ്റ്
ബി - വ്യക്തികളുടെ ബോഡി (ബി‌ഒ‌ഐ)
എൽ - ലോക്കൽ അതോറിറ്റി
ജെ - ആർട്ടിഫിഷ്യൽ ജുഡീഷ്യൽ വ്യക്തി
ജി - സർക്കാർ

എല്ലാ വ്യക്തിഗത നികുതിദായകര്‍ക്കും, നാലാമത്തെ അക്ഷരം പി ആയിരിക്കും. പാൻ കാർഡ് നമ്പറിന്റെ അഞ്ചാമത്തെ പ്രതീകം അക്ഷരമാലയാണ്. ഇത് കാർഡ് കുടുംബപ്പേരിന്റെ ആദ്യ അക്ഷരമാണ്. അല്ലെങ്കിൽ രണ്ടാമത്തെ പേരിന്റെ ആദ്യ അക്ഷരമാണ്. ഇത് പാൻ കാർഡ് ഉടമയെ മാത്രം ആശ്രയിച്ചിരിക്കുന്നു. ഇനി പാൻ കാർഡിലെ അടുത്ത  4 പ്രതീകങ്ങൾ നമ്പറുകൾ ആണ്. 0001 മുതൽ 9999 വരെയുള്ള ഏതെങ്കിലും 4 അക്കങ്ങൾ ആയിരിക്കും ഇത്. ഈ നമ്പറുകൾ നിലവിൽ ആദായ നികുതി വകുപ്പിൽ പ്രവർത്തിക്കുന്ന ഒരു ശ്രേണിയെ പ്രതിനിധീകരിക്കുന്നതായിരിക്കും. അവസാനത്തെ അല്ലെങ്കിൽ പത്തമത്തെ പ്രതീകം ആദ്യത്തെ 5 അക്ഷരങ്ങളുടെയും 4 അക്കങ്ങളുടെയും ആകെ തുകയായിരിക്കും. ഈ ഘടനയിൽ അല്ല നിങ്ങളുടെ പാൻ കാർഡ് ഉള്ളതെങ്കിൽ അത് സാധുതയുള്ളത് ആകണമെന്നില്ല.

ഭിന്നലിംഗക്കാര്‍ക്ക് പാൻ കാർഡ്

2018 ലാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സ്, പാന്‍ കാര്‍ഡുകള്‍ക്കായുളള അപേക്ഷയില്‍ ഭിന്നലിംഗക്കാര്‍ക്ക് അവസരം നൽകിയത്. ആണ്‍, പെണ്‍ എന്നീ കോളങ്ങളോടൊപ്പം ട്രാന്‍സ്‍ജെന്‍ഡര്‍ എന്ന കോളവും അപേക്ഷയിൽ വന്നു. ആദായ നികുതി നിയമത്തിലെ  139 എ, 2955 എന്നീ വകുപ്പുകൾ അടിസ്ഥാനമാക്കിയതാണ് പുതിയ അപേക്ഷ അവതരിപ്പിച്ചത്. ഇതോടെ ഭിന്നലിംഗക്കാര്‍ക്ക് പാന്‍കാര്‍ഡ്  ലഭിക്കുന്നത് സുഗമമായി.  

പാൻ കാർഡ് ഏതൊക്കെ കാര്യങ്ങൾക്ക് നിർബന്ധമാണ്?

രാജ്യത്ത് നിലവിൽ പാൻ കാർഡ് ഏതൊക്കെ കാര്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ട്? നിർബന്ധമായും പാൻ കാർഡ് വേണമെന്ന് ആവശ്യപ്പെടുന്നത് എന്തൊക്കെ കാര്യങ്ങൾക്കാണ്‌?

* 50,000- രൂപയ്ക്ക് മുകളിൽ നിക്ഷേപം നടത്തുമ്പോൾ ബാങ്കിൽ പാൻ കാർഡ് വിവരങ്ങൾ നൽകണം,
50,000- രൂപയ്ക്ക് മുകളിലുള്ള ഡ്രാഫ്റ്റിന് അപേക്ഷിക്കുമ്പോൾ പാൻ കാർഡ് നിർബന്ധമാണ്
ക്രെഡിറ്റ് കാർഡിനോ മ്യൂച്ചൽ ഫണ്ട് പോലുള്ള നിക്ഷേപ പദ്ധതികൾക്കോ അപേക്ഷിക്കുമ്പോൾ പാൻ കാർഡ് ആവശ്യമാണ്.
ഒരു ലക്ഷത്തിനു മുകളിൽ വിലയുള്ള ആസ്തികളുടെ ഇടപാടുകൾ നടത്തുമ്പോൾ പാൻ കാർഡ് നിർബന്ധമാണ്.
അഞ്ച് ലക്ഷത്തിൽ കൂടുതൽ മൂല്യമുള്ള സ്ഥലം വാങ്ങുകയോ വിൽക്കുകയോ ചെയ്യുകയാണെങ്കിൽ പാൻ കാർഡ് വേണം.  
മോട്ടോർ വാഹനങ്ങൾ വാങ്ങുകയോ വിൽക്കുകയോ ചെയ്യുമ്പോൾ പാൻ കാർഡ് വിവരങ്ങൾ നൽകണം  
കയറ്റുമതി അല്ലെങ്കിൽ ഇറക്കുമതി ചെയ്യുമ്പോൾ പാൻ കാർഡ് നിർബന്ധമാണ്      
25,000 രൂപയ്ക്കു മുകളിലുള്ള വിദേശയാത്രയാണ് നടത്തുന്നതെങ്കിൽ പാൻ കാർഡ് വേണം

എത്ര തരം പാൻ കാർഡുകൾ ഉണ്ട്?

രാജ്യത്ത് ഒരു പൗരന് ഒരു പാൻ കാർഡ് മാത്രമേ ഉണ്ടാകൂ എന്ന് നേരത്തെ പറഞ്ഞു. എന്നാൽ രാജ്യത്ത് ഒരു തരത്തിലുള്ള പാൻ കാർഡ് മാത്രമല്ല ഉള്ളത്. നിലവിൽ എത്ര തരത്തിലുള്ള പാൻ കാർഡുകൾ രാജ്യത്തുണ്ട്?

രാജ്യത്തെ ഓരോ വ്യക്തികൾക്കുമുള്ള പാൻകാർഡ്
രാജ്യത്തുള്ള കമ്പനികൾക്കുള്ള പാൻ കാർഡ്
വിദേശ പൗരന്മാർക്കുള്ള പാൻ കാർഡ്
വിദേശ കമ്പനികൾക്കുള്ള പാൻ കാർഡ്

ഇതിൽ വ്യക്തികൾക്കുള്ള പാൻ കാർഡുകളിൽ വ്യക്തിയുടെ ഫോട്ടോ, പേര്, പിതാവിന്റെ പേര്, ജനനത്തീയതി, ഒപ്പ്, ക്യുആർ കോഡ്, പാൻ  നൽകിയ തീയതി, പാൻ നമ്പർ എന്നിവ ഉണ്ടായിരിക്കും. ഇനി കമ്പനികൾക്ക് നൽകുന്ന പാൻ കാർഡുകളിൽ കമ്പനിയുടെ പേര്, രജിസ്ട്രേഷൻ തീയതി, പാൻ നമ്പർ, ക്യുആർ കോഡ്, പാൻ നൽകിയ തീയതി എന്നിവ ഉണ്ടായിരിക്കും. എന്നാൽ ഇതിൽ വ്യക്തിഗത പാൻ കാർഡിൽ നിന്നും വ്യത്യസ്തമായി ഒരു ഫോട്ടോയോ ഒപ്പോ ഉണ്ടായിരിക്കില്ല.

പാൻ കാർഡ് എപ്പോഴെങ്കിലും കാലഹരണപ്പെടുമോ? അല്ലെങ്കിൽ ഇത് പുതുക്കേണ്ട ആവശ്യമുണ്ടോ?

ഒരു വ്യക്തിക്ക് പാൻ കാർഡ് ഉണ്ടെങ്കിൽ, അത് ആജീവനാന്തം സാധുതയുള്ളതാണ്. അത് പുതുക്കേണ്ട ആവശ്യമില്ല. ഒരു പാൻ കാർഡ് റദ്ദാക്കുക ആ പാൻകാർഡിന്റെ ഉടമയുടെ മരണത്തോട് കൂടി മാത്രമായിരിക്കും. അതായത് ഒരിക്കൽ ഇഷ്യൂ ചെയ്‌താൽ, നിങ്ങളുടെ ജീവിതകാലം മുഴുവൻ ആ പാൻ കാർഡ് മതി.

അതിനാൽ, പാൻ കാർഡുകൾ കലഹരപ്പെടുന്നതിനെ കുറിച്ചുള്ള സന്ദേശങ്ങൾ നിങ്ങളെ തേടി വരികയാണെങ്കിൽ ശ്രദ്ധിക്കുക. പലപ്പോഴും ആളുകളെ കബളിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഇത്. കോളുകളിലൂടെയോ സന്ദേശങ്ങളിലൂടെയോ തട്ടിപ്പുകാർ പാൻ കാർഡ് പുതുക്കുന്നതിന് ആവശ്യപ്പെട്ടേക്കാം. അതിനാൽ പാൻ കാർഡ് വിവരങ്ങൾ കൈമാറാതെ ഇരിക്കുക. കാരണം, ഒരു പാൻ കാർഡിൽ ഉടമയുടെ വിവരങ്ങൾ അടങ്ങിയിട്ടുള്ള 10 അക്ക ആൽഫാന്യൂമെറിക് നമ്പർ ഉണ്ട്. ഒപ്പം കാർഡ് ഉടമയുടെ ഒപ്പ്, ഫോട്ടോ, വിലാസം എന്നിവയും ഇതിൽ അടങ്ങിയിരിക്കുന്നു. അതിനാൽത്തന്നെ കാർഡിലെ വിവരങ്ങൾ ഉപയോഗിച്ച് തട്ടിപ്പ് നടത്താനുള്ള സാധ്യതയും വർധിക്കുന്നു.

ആദായ നികുതി നിയമം 1961 ലെ സെക്ഷൻ 139 എ പ്രകാരം ഒരാൾക്ക് ഒരു പാൻ കാർഡ് മാത്രമേ കൈവശം വയ്ക്കാൻ അനുവാദമുള്ളൂ എന്നത് ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ പേരിൽ ഒരു പാൻ കാർഡ് ഇതിനകം നൽകിയിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് പുതിയതിന് അപേക്ഷിക്കാൻ കഴിയില്ല. അങ്ങനെ ചെയ്യുന്നത് സെക്ഷൻ 139 എ യുടെ ലംഘനമാണ്.
 
പാൻ കാർഡ് സറണ്ടർ ചെയ്യേണ്ടത് എപ്പോൾ?

ചില അവസരങ്ങളിൽ പാൻ കാർഡ് സറണ്ടർ ചെയ്യണ്ടതായി വന്നേക്കാം. അതായത്. ഒന്നിലധികം പാൻ കാർഡ് കൈവശം വെച്ചാൽ, പാൻ കാർഡിലെ തെറ്റായ വിശദാംശങ്ങൾ, അല്ലെങ്കിൽ ആദായനികുതി വകുപ്പ് അംഗീകരിച്ച മറ്റ് കാരണങ്ങളാൽ പാൻ കാർഡ് സറണ്ടർ  ചെയ്യേണ്ടി വരും

നിലവിൽ ഉപയോഗത്തിലുള്ള നിങ്ങളുടെ പാൻ എങ്ങനെ സറണ്ടർ ചെയ്യും ?

1. ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക എൻഎസ്‌ഡിഎൽ പോർട്ടലിലേക്ക് പോയി 'പാൻ കാർഡിനായി ഓൺലൈനായി അപേക്ഷിക്കുക ' എന്നതിൽ ക്ലിക്ക് ചെയ്യുക.

2. അടുത്തതായി, 'അപ്ലിക്കേഷൻ തരം' എന്ന വിഭാഗത്തിന് താഴെ നൽകിയിട്ടുള്ള, 'നിലവിലുള്ള പാൻ ഡാറ്റയിലെ തിരുത്തൽ' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

3. പാൻ റദ്ദാക്കൽ ഫോം സ്ക്രീനിൽ ദൃശ്യമാകും. ആവശ്യമായ വിശദാംശങ്ങൾ പൂരിപ്പിക്കുക കൂടാതെ നിങ്ങൾ സറണ്ടർ ചെയ്യാൻ ആഗ്രഹിക്കുന്ന പാൻ കാർഡ് വിവരങ്ങളും സൂചിപ്പിക്കുക.

4. 'സമർപ്പിക്കുക' എന്നതിൽ ക്ലിക്ക് ചെയ്യുക.

5. അവസാനമായി, ഓൺലൈൻ പേയ്‌മെന്റ് നടത്തി ഭാവിയിലെ ആവശ്യങ്ങൾക്കായി ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക.  

ഒന്നിൽ കൂടുതൽ പാൻ കാർഡ് ഉണ്ടെങ്കിൽ എന്ത് ചെയ്യും?

ആദായനികുതി വകുപ്പിന്റെ നിയമപ്രകാരം ഒരാൾക്ക് ഒന്നിൽ കൂടുതൽ പാൻകാർഡുകൾ കൈവശം വയ്ക്കാൻ പാടില്ല. ഓരോ വ്യക്തിക്കും അവരുടേതായ ഒരു പാൻ കാർഡ് മാത്രമേ ആദായനികുതി വകുപ്പ് അനുവദിക്കുകയുള്ളു. നിങ്ങൾക്ക് ഒന്നിൽ കൂടുതൽ പാൻ കാർഡുകൾ ഉണ്ടെങ്കിൽ, ആദായ നികുതി നിയമത്തിന്റെ ലംഘനമായി കണക്കാക്കുന്നതിനാൽ പിഴയും നിയമപരമായ പ്രത്യാഘാതങ്ങളും നേരിടേണ്ടി വരും.

 ഒന്നിൽ കൂടുതൽ പാൻ കാർഡുകൾ ഉണ്ടെങ്കിൽ പിഴ എന്തായിരിക്കും?

ഒരു വ്യക്തിക്ക് ഒന്നിൽ കൂടുതൽ പാൻ കാർഡുകൾ ഉണ്ടെങ്കിൽ, 1961 ലെ ആദായനികുതി നിയമത്തിലെ 272 ബി വകുപ്പ് പ്രകാരം ആദായ നികുതി  വകുപ്പിന് അവർക്കെതിരെ നടപടികൾ ആരംഭിക്കാവുന്നതാണ്. ഈ നിയമപ്രകാരം വ്യക്തിക്ക് 10,000 രൂപ പിഴ ചുമത്താവുന്നതാണ്.

പാൻ കാർഡിൽ മാറ്റങ്ങൾ വരുത്താൻ കഴിയുമോ?

പാൻ കാർഡിൽ എന്തൊരു മാറ്റം വരുത്തുമ്പോഴും അത് നാഷണൽ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡിന്റെ വെബ്സൈറ്റ് വഴിയാണ് നടത്തേണ്ടത്. അല്ലെങ്കിൽ യുടിഐഎസ്എൽ പോർട്ടൽ വഴിയും നടത്താവുന്നതാണ്  

കുട്ടികൾക്ക് പാൻ കാർഡ് ആവശ്യമുണ്ടോ?

ആദായ നികുതി ഫയൽ ചെയ്യുന്നതിന് ആവശ്യമായ ഒരു രേഖയായോ, കെവൈസി പൂർത്തിയാക്കുന്നതിന് ആവശ്യമായ തെളിവായോ ആണ് പലപ്പോഴും പാൻ കാർഡ് ഉപയോഗിക്കപ്പെടുന്നത്. അതിനാൽത്തന്നെ ഇത് മുതിർന്ന വ്യക്തികൾക്കാണ് കൂടുതലും ആവശ്യം വരിക. എന്നാലും പാൻ കാർഡ് മുതിർന്നവർക്ക് മാത്രമുള്ളതല്ല. 18 വയസ്സിന് താഴെയുള്ള പ്രായപൂർത്തിയാകാത്തവർക്കും പാൻ കാർഡ് ലഭിക്കും. പക്ഷെ അവരുടെ മാതാപിതാക്കളോ രക്ഷിതാക്കളോ ഇതിനു അപേക്ഷിക്കണം. കൂടാതെ, പ്രായപൂർത്തിയാകാത്തവർക്ക് നൽകുന്ന പാൻ കാർഡിൽ അവരുടെ ഫോട്ടോയോ ഒപ്പോ ഉൾപ്പെടാത്തതിനാൽ 18 വയസ്സ് തികയുമ്പോൾ,  വ്യക്തികൾ അവരുടെ പാൻ കാർഡ്  പുതുക്കാൻ അപേക്ഷിക്കണം,

കുട്ടികൾക്ക് എപ്പോഴാണ് പാൻ കാർഡ് വേണ്ടത്?

1. നിക്ഷേപം: നിങ്ങൾ കുട്ടിയുടെ പേരിൽ നിക്ഷേപിക്കുകയാണെങ്കിൽ

2. നിക്ഷേപങ്ങൾക്കുള്ള നോമിനി: നിങ്ങളുടെ നിക്ഷേപങ്ങൾക്ക് നിങ്ങളുടെ കുട്ടിയെ നോമിനിയാക്കാൻ.

3. ബാങ്ക് അക്കൗണ്ടുകൾ: നിങ്ങളുടെ കുട്ടിയുടെ പേരിൽ ഒരു ബാങ്ക് അക്കൗണ്ട് തുറക്കുമ്പോൾ.

4. വരുമാനം: പ്രായപൂർത്തിയാകാത്ത വ്യക്തിക്ക് വരുമാന സ്രോതസ്സ് ഉണ്ടെങ്കിൽ.

കുട്ടികൾക്കുള്ള പാൻ കാർഡിന് എങ്ങനെ അപേക്ഷിക്കാം

ഓൺലൈൻ അപേക്ഷ

1. ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക എൻഎസ്‌ഡിഎൽ വെബ്സൈറ്റ് സന്ദർശിച്ച് ഫോം 49A ഡൗൺലോഡ് ചെയ്യുക

2. ഫോം 49A പൂരിപ്പിക്കുക, നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം വായിക്കുക, ശരിയായ വിഭാഗം തിരഞ്ഞെടുത്ത് എല്ലാ വ്യക്തിഗത വിവരങ്ങളും പൂരിപ്പിക്കുക.

3. കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ്, ആവശ്യമായ രേഖകൾ, മാതാപിതാക്കളുടെ ഫോട്ടോ എന്നിവ അപ്‌ലോഡ് ചെയ്യുക.

4. മാതാപിതാക്കളുടെ ഒപ്പ് അപ്‌ലോഡ് ചെയ്ത് ഫീസ് അടക്കുക.

5. അപേക്ഷാ നില ട്രാക്ക് ചെയ്യുന്നതിന് ഫോം സമർപ്പിക്കുകയും രസീത് നമ്പർ സ്വീകരിക്കുകയും ചെയ്യുക.

6. പരിശോധിച്ചുറപ്പിച്ചതിന് ശേഷം, 15 ദിവസത്തിനുള്ളിൽ നിങ്ങൾക്ക് പാൻ കാർഡ് ലഭിക്കും.

പാൻകാർഡ് ആരെങ്കിലും ദുരുപയോഗം  ചെയ്യുന്നുണ്ടോ? എങ്ങനെ മനസിലാക്കാം?

വിവിധ സാമ്പത്തിക ഇടപാടുകൾക്ക്  പാൻ കാർഡ് കൂടിയേ തീരൂ. പാൻ കാർഡിൽ അടങ്ങിയിരിക്കുന്ന വ്യക്തിഗത വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. തട്ടിപ്പുകാർ പാൻ കാർഡ് വിവരങ്ങൾ ഉപയോഗിച്ച് സാമ്പത്തിക ഇടപാടുകൾ നടത്തി പണം തട്ടാൻ ശ്രമിക്കാറുണ്ട്. ഇത്തരത്തിൽ നിങ്ങളുടെ പാൻ വിവരങ്ങൾ ദുരുപയോഗം ചെയ്തതായി കരുതുന്നുണ്ടെങ്കിൽ എന്തുചെയ്യും? ഉടമയ്ക്ക് ഉണ്ടാകുന്ന നഷ്ടങ്ങൾ പരിഹരിക്കാൻ ഉടനെ നടപടി എടുക്കേണ്ടത് അനിവാര്യമാണ്. എന്നാൽ അതിലും പ്രധാനപ്പെട്ട കാര്യം ഇത്തരത്തിൽ ദുരുപയോഗം ചെയ്യപ്പെട്ടത് തിരിച്ചറിയുക എന്നുള്ളതാണ്. നിങ്ങളുടെ പാൻ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാൻ കഴിയും?

നിങ്ങളുടെ പാൻ നമ്പർ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോ എന്ന് കണ്ടെത്താനുള്ള മാര്ഗങ്ങള് ഇതാ;

 ബാങ്ക് സ്റ്റേറ്റ്‌മെൻ്റുകളും ക്രെഡിറ്റ് കാർഡ് ബില്ലുകളും ഉൾപ്പെടെ നിങ്ങളുടെ എല്ലാ സാമ്പത്തിക വിവരങ്ങളും കൃത്യമായി നിരീക്ഷിക്കുക. നിങ്ങൾക്ക് അറിയാത്ത ഇടപാടുകൾ നടക്കുന്നുണ്ടോ എന്ന് ഇതിലൂടെ തിരിച്ചറിയാൻ കഴിയും. .

നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ട് നിരീക്ഷിക്കുക. ഇതിനായി സിബിലിൽ നിന്നോ മറ്റേതെങ്കിലും ക്രെഡിറ്റ് ബ്യൂറോയിൽ നിന്നോ നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ട് പരിശോധിക്കുക.

സംശയാസ്പദമായതോ അനധികൃതമായതോ ആയ ഇടപാടുകൾ കണ്ടെത്തിയാൽ, ക്രെഡിറ്റ് ബ്യൂറോ അല്ലെങ്കിൽ ബന്ധപ്പെട്ട ബാങ്ക് അല്ലെങ്കിൽ ധനകാര്യ സ്ഥാപനവുമായി ബന്ധപ്പെടുക.

ആദായ നികുതി അക്കൗണ്ട് പരിശോധിക്കുക. ഇതിനായി ആദായനികുതി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് പോയി നിങ്ങളുടെ പാൻ കാർഡ് വിശദാംശങ്ങൾ ഉപയോഗിച്ച് നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുക.

നിങ്ങൾക്ക് അറിയാത്ത ഏതെങ്കിലും സാമ്പത്തിക ഇടപാട് നിങ്ങളുടെ പേരിൽ നടക്കുന്നുണ്ടോ എന്നറിയാൻ നിങ്ങളുടെ ഫോം 26എഎസിൻ്റെ വിശദാംശങ്ങളും പരിശോധിക്കാവുന്നതാണ്.

പാൻ നമ്പർ ദുരുപയോഗം ചെയ്യപ്പെടുകയാണെങ്കിൽ എന്തുചെയ്യണം?

സംശയാസ്പദമായ ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ നിങ്ങളുടെ ബാങ്കിനെയോ ധനകാര്യ സ്ഥാപനത്തെയോ അറിയിക്കുക. പ്രശ്നം അന്വേഷിക്കാൻ അവർക്ക് നിങ്ങളെ സഹായിക്കാനാകും. നിങ്ങളുടെ പാൻ കാർഡ് ദുരുപയോഗം ചെയ്യപ്പെട്ടതിന് തെളിവുണ്ടെങ്കിൽ, നിങ്ങളുടെ ലോക്കൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകുക. മാത്രമല്ല,  പാൻ കാർഡ് ദുരുപയോഗം ചെയ്തതായി സംശയിക്കുന്നതായി അറിയിക്കാൻ ആദായനികുതി വകുപ്പുമായി ബന്ധപ്പെടണം. ഇതിനായി അവരുടെ കസ്റ്റമർ കെയർ ഹെൽപ്പ് ലൈൻ പ്രയോജനപ്പെടുത്താം.

എങ്ങനെ റിപ്പോർട്ട് ചെയ്യാം?

എൻഎസ്‌ഡിഎൽ എന്ന ഔദ്യോഗിക പോർട്ടൽ സന്ദർശിക്കുക

ഹോം പേജിൽ കസ്റ്റമർ കെയർ വിഭാഗം കണ്ടെത്തുക, അതിൽ ഒരു ഡ്രോപ്പ്-ഡൗൺ മെനു ഉണ്ടാകും

ഡ്രോപ്പ്-ഡൗൺ മെനുവിൽ നിന്ന് 'പരാതികൾ/ അന്വേഷണങ്ങൾ'  എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

പരാതി ഫോമിൽ ആവശ്യമായ എല്ലാ വിശദാംശങ്ങളും പൂരിപ്പിക്കുക. ക്യാപ്‌ച കോഡ് നൽകി 'സമർപ്പിക്കുക' അമർത്തുക.

പാൻ - ആധാർ ബന്ധിപ്പിക്കുക

പാൻ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ കാർഡ് പ്രവർത്തന രഹിതമാകുമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചിട്ടുണ്ട്. പാൻ പ്രവർത്തനരഹിതമായാൽ സാമ്പത്തിക ഇടപാടുകളിൽ  പ്രതിസന്ധികൾ നേരിട്ടേക്കാം. ഉദാഹരണത്തിന്, 1000 രൂപയിൽ കൂടുതൽ നിക്ഷേപിക്കുന്നത് പോലെയുള്ള ചില സാധാരണ ബാങ്കിംഗ് ഇടപാടുകൾ നടത്തേണ്ടി വരുമ്പോൾ പോലും തടസങ്ങൾ നേരിട്ടേക്കാം. ഓഹരികൾ വാങ്ങാനോ വിൽക്കാനോ കഴിയില്ല. പാൻ പ്രവർത്തനരഹിതമാകുന്നതോടെ, വ്യക്തിക്ക് ചെയ്യാൻ കഴിയാത്ത ചില സാമ്പത്തിക ഇടപാടുകളുണ്ട്. എന്നാൽ ചില ഇടപാടുകൾ നടത്താൻ സാധിക്കും. അത്തരം സാമ്പത്തിക ഇടപാടുകൾക്ക് ഉയർന്ന നികുതി നിരക്ക് ബാധകമാകുകയും ചെയ്യും.

പ്രവർത്തനരഹിതമായ പാൻ ഉള്ള ഒരു വ്യക്തിക്ക് ചെയ്യാൻ കഴിയാത്ത 10 സാമ്പത്തിക ഇടപാടുകൾ

i) ബാങ്കിലോ സഹകരണ ബാങ്കിലോ ഒരു അക്കൗണ്ട് തുറക്കൽ പ്രയാസകരമാകും
ii)  ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡിനായി അപേക്ഷിക്കുന്നത്.
iii)  ഡീമാറ്റ് അക്കൗണ്ട് തുറക്കൽ
iv) ഒരു ഹോട്ടലിലോ റെസ്റ്റോറന്റിലോ ബില്ലിന്  50,000 രൂപ.രൂപയിൽ കൂടുതലുള്ള തുക പണമായി നൽകുന്നത്.
v) വിദേശ കറൻസി വാങ്ങുന്നതിനുള്ള പേയ്‌മെന്റ്.
vi) മ്യൂച്വൽ ഫണ്ടിലേക്ക് 50,000 രൂപയിൽ കൂടുതലുള്ള തുകയുടെ പേയ്മെന്റ്.
vii) കടപ്പത്രങ്ങളോ ബോണ്ടുകളോ ഏറ്റെടുക്കുന്നതിന് 50,000 രൂപയിൽ കൂടുതലുള്ള തുകയുടെ പേയ്‌മെന്റ്.
viii) റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നൽകിയ ബോണ്ടുകൾ ഏറ്റെടുക്കുന്നതിന് 50,000 രൂപയിൽ കൂടുതലുള്ള തുകയുടെ പേയ്‌മെന്റ്.
ix) ബാങ്കിലോ സഹകരണ ബാങ്കിലോ ഒരു ദിവസം 50,000  രൂപയിൽ കൂടുതലുള്ള നിക്ഷേപങ്ങൾ.  
x) ഒരു ദിവസം 50,000 രൂപയിൽ കൂടുതലുള്ള തുകയ്ക്കുള്ള ബാങ്ക് ഡ്രാഫ്റ്റുകൾ അല്ലെങ്കിൽ പേ ഓർഡറുകൾ അല്ലെങ്കിൽ  ചെക്കുകൾ എന്നിവ വാങ്ങുന്നത്

പാൻ കാർഡ് നഷ്‌ടപ്പെട്ടാൽ എന്തുചെയ്യും?

അഥവാ നിങ്ങളുടെ പാൻ കാർഡ് നഷ്‌ടപ്പെട്ടാൽ എന്തുചെയ്യും? വിഷമിക്കേണ്ട കാര്യമില്ല, കാരണം നിങ്ങളുടെ വീട്ടിലിരുന്ന് വീണ്ടും അപേക്ഷിച്ചാൽ ഡ്യൂപ്ലിക്കേറ്റ് കാർഡ് ലഭിക്കും. പാൻ കാർഡ് ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുള്ള ഒരു സുപ്രധാന സാമ്പത്തിക രേഖയായതിനാൽ അത് നഷ്ടപ്പെട്ട വിവരം അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. അതിനുശേഷം, ഒരു ഡ്യൂപ്ലിക്കേറ്റ് പാൻ കാർഡിന് അപേക്ഷിക്കാൻ ഈ ലളിതമായ ഘട്ടങ്ങൾ പാലിക്കുക:

1. എൻഎസ്‌ഡിഎല്ലിന്റെ ഔദ്യോഗിക വെബ്സൈറ്റ് ( https://www.protean-tinpan.com/) സന്ദർശിക്കുക

2. "നിലവിലുള്ള പാൻ കാർഡ് ഡാറ്റയിലെ മാറ്റങ്ങൾ/തിരുത്തൽ" എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുക.

3. നിങ്ങളുടെ പേര്, ജനനത്തീയതി, മൊബൈൽ നമ്പർ എന്നിവ നൽകുക, ഒരു ടോക്കൺ നമ്പർ ജനറേറ്റ് ചെയ്യുകയും നിങ്ങളുടെ ഇമെയിലിലേക്ക് അയയ്ക്കുകയും ചെയ്യും.

4. "വ്യക്തിഗത വിശദാംശങ്ങൾ" എന്നതിൽ ക്ലിക്ക് ചെയ്ത്  ഇ-കെവൈസി അല്ലെങ്കിൽ ഇ-സൈൻ വഴി ആവശ്യമായ എല്ലാ വിവരങ്ങളും സമർപ്പിക്കുക.

5. നിങ്ങളുടെ വിശദാംശങ്ങൾ പരിശോധിക്കുന്നതിന്, നിങ്ങളുടെ വോട്ടർ ഐഡി കാർഡ്, പാസ്പോർട്ട്, എസ്എസ്എൽസി സർട്ടിഫിക്കറ്റ് മുതലായവയുടെ ഒരു പകർപ്പ് എൻഎസ്ഡിഎൽ ഓഫീസിലേക്ക് അയയ്ക്കുക.

6. ഇ-കെവൈസിക്ക്, ലഭിച്ച ഒടിപി വെബ്സൈറ്റിൽ നൽകുക.

7. ഇ-പാൻ അല്ലെങ്കിൽ ഫിസിക്കൽ പാൻ എന്നിവയിൽ നിന്ന് നിങ്ങൾക്ക് ആവശ്യമുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക.

8. നിങ്ങളുടെ വിലാസം പൂരിപ്പിച്ച് പണമടയ്ക്കുക.

9. ഇന്ത്യയിൽ താമസിക്കുന്നവർ നിലവിൽ 50 രൂപയും വിദേശത്ത് താമസിക്കുന്നവർ 959 രൂപയും അടയ്‌ക്കേണ്ടിവരും.

10. 15 മുതൽ 20 ദിവസത്തിനുള്ളിൽ നിങ്ങളുടെ ഫിസിക്കൽ പാൻ കാർഡ് ലഭിക്കും.

11. ഇ-പാൻ കാർഡ് 10 മിനിറ്റിനുള്ളിൽ ലഭ്യമാകും, നിങ്ങൾക്ക് അതിന്റെ ഡിജിറ്റൽ കോപ്പി സേവ് ചെയ്യാം.

സ്വർണം വാങ്ങാനും പാൻ കാർഡ്

2002ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) പ്രകാരം, പണം ഉപയോഗിച്ച് സ്വർണം വാങ്ങുന്നതിനെ നിയന്ത്രിക്കുന്ന നിയമങ്ങൾ സർക്കാർ കൊണ്ടുവന്നിട്ടുണ്ട്. ഈ നിയമപ്രകാരം, ഒരു ഉപഭോക്താവ് 10 ലക്ഷം രൂപയോ അതിൽ കൂടുതലോ മൂല്യമുള്ള സ്വർണം കാശായി നൽകി വാങ്ങുകയാണെങ്കിൽ ആ ഉപഭോക്താവിന്റെ  കെവൈസി,  പാൻ കാർഡ്  നൽകണം.

നിശ്ചിത പരിധിക്കപ്പുറം പണമിടപാടുകൾ നടത്താൻ ആദായനികുതി നിയമങ്ങൾ അനുവദിക്കുന്നില്ല.  1961ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 269എസ്ടി പ്രകാരം, ഒരാൾക്ക് ഒരു ദിവസം  2 ലക്ഷം രൂപയിൽ കൂടുതൽ പണം നൽകി സ്വർണം വാങ്ങാൻ കഴിയില്ല. ആദായനികുതി നിയമത്തിലെ സെക്ഷൻ 271 ഡി പ്രകാരം, പിഴ നൽകേണ്ടി വരും.

2 ലക്ഷം രൂപയ്ക്ക് മുകളിൽ സ്വർണം വാങ്ങണമെങ്കിൽ പാൻ കാർഡോ ആധാറോ നൽകേണ്ടത് നിർബന്ധമാണ്. 1962 ലെ ആദായനികുതി ചട്ടങ്ങളിലെ റൂൾ 114 ബി പ്രകാരം 2 ലക്ഷം രൂപയോ അതിൽ കൂടുതലോ മൂല്യമുള്ള ഇടപാടുകൾക്ക് സ്വർണം വാങ്ങുന്നതിന് പാൻ  നിർബന്ധമാണ്.

 പാന്‍ 2.0

നിലവിലെ പാന്‍കാര്‍ഡ് സോഫ്റ്റ്‌വെയർ 15  മുതൽ 20 വര്ഷം വരെ പഴക്കമുള്ളതാണെന്നും അത് നവീകരിക്കേണ്ട ആവശ്യം ഉണ്ടെന്നും കണ്ടതോടെ പാന്‍ 2.0 നടപ്പാക്കാന്‍ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ആദായ നികുതി വകുപ്പിന്‍റെ പാന്‍ 2.0 പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയതോടെ  ക്യുആര്‍ കോഡ് സൗകര്യമുള്ള ഒരു പുതിയ പാന്‍ കാര്‍ഡ് ആയിരിയ്ക്കും ഇനി.നികുതിദായകര്‍ക്ക് പൂര്‍ണമായി ഡിജിറ്റല്‍ ആയി പാന്‍ സേവനം ലഭ്യമാക്കുന്നതിനായാണ് പുതിയ കാര്‍ഡ് നല്‍കുന്നത്. 1435 കോടി രൂപയാണ് ഈ പദ്ധതിക്കായി സര്‍ക്കാര്‍ ചെലവഴിക്കുന്നത്.

പുതിയ പാന്‍ കാര്‍ഡ് എങ്ങനെ ലഭിക്കും?

പാന്‍ കാര്‍ഡ് ഉള്ളവര്‍ക്ക് ഒരു പുതിയ പാന്‍ കാര്‍ഡ് ലഭിക്കും. ഇതിന് ഫീസൊന്നും നല്‍കേണ്ടതില്ല. ഉടമയുടെ വിലാസത്തില്‍ കാര്‍ഡ് എത്തിക്കും.  പാന്‍ കാര്‍ഡ് ഇല്ലാത്തവര്‍ പുതിയ പാന്‍ കാര്‍ഡിന് അപേക്ഷിക്കേണ്ടിവരും. രാജ്യത്ത് ഇതുവരെ 78 കോടി പാനുകള്‍ വിതരണം ചെയ്തിട്ടുണ്ട്, അതില്‍ 98 ശതമാനം പാനും വ്യക്തിഗത തലത്തിലാണ് നല്‍കിയത്.

ക്യൂആർ കോഡുള്ള റീപ്രിൻ്റ് ചെയ്ത പാൻ കാർഡ് ലഭിക്കാൻ എങ്ങനെ അപേക്ഷിക്കാം

ഘട്ടം 1: https://www.onlineservices.nsdl.com/paam/ReprintEPan.html പോർട്ടൽ സന്ദർശിക്കുക
ഘട്ടം 2: പാൻ, ആധാർ, ജനനത്തീയതി തുടങ്ങി ആവശ്യമായ വിവരങ്ങൾ നൽകുക. ആവശ്യമായ ബോക്സുകൾ ടിക്ക് ചെയ്ത്  'സമർപ്പിക്കുക' എന്നതിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 3: സ്‌ക്രീനിൽ ഒരു പുതിയ വെബ്‌പേജ് തുറക്കും. അതിൽ നിങ്ങൾ നൽകിയ വിവങ്ങൾ കൃത്യമാണെന്ന് പരിശോധിക്കുക. ഒറ്റത്തവണ പാസ്‌വേഡ് (OTP) ലഭിക്കാൻ ക്ലിക്ക് ചെയ്യുക. മൊബൈൽ നമ്പറിലും ഇമെയിൽ ഐഡിയിലും രണ്ടിലും ഒടിപി ലഭിക്കും.
ഘട്ടം 4: ലഭിക്കുന്ന ഒടിപിക്ക് 10 മിനിറ്റ് മാത്രമേ സാധുതയുള്ളൂ. ഒടിപി നൽകി സാധൂകരിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 5: ഒടിപി സാധൂകരിക്കപ്പെട്ടുകഴിഞ്ഞാൽ, പേയ്‌മെൻ്റ് നൽകാനുള്ള പേജ് തുറക്കും.  ക്യുആർ കോഡ് ഉപയോഗിച്ച് പാൻ കാർഡ് റീപ്രിൻ്റിന് അപേക്ഷിക്കുന്നതിന് നിങ്ങൾക്ക് 50 രൂപ അടയ്ക്കാം.  'ഞാൻ സേവന നിബന്ധനകൾ അംഗീകരിക്കുന്നു' എന്നതിലെ ടിക്ക് ബോക്‌സ് തിരഞ്ഞെടുത്ത് സമർപ്പിക്കുക എന്നതിൽ ക്ലിക്കുചെയ്യുക.
ഘട്ടം 6: പേയ്‌മെൻ്റ് നടത്തിക്കഴിഞ്ഞാൽ, ഒരു അക്‌നോളജ്‌മെൻ്റ് രസീത് ലഭിക്കും. 24 മണിക്കൂറിന് ശേഷം എൻഎസ്‌ഡിഎൽ വെബ്‌സൈറ്റിൽ നിന്ന് ഇ-പാൻ ഡൗൺലോഡ് ചെയ്യാൻ ഇത് അനുവദിക്കുന്നതിനാൽ ഈ അക്‌നോളജ്‌മെൻ്റ് രസീത് സൂക്ഷിച്ച് വെക്കുക
പുതിയ പാൻ കാർഡ് 15-20 ദിവസത്തിനകം  രജിസ്റ്റർ ചെയ്ത വിലാസത്തിൽ ലഭിക്കും

പ്രവാസികൾക്ക് പാൻ കാർഡ്

പ്രവാസികള്‍ക്ക് നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യണമെങ്കിലോ നാട്ടില്‍ എന്തെങ്കിലും ബിസിനസ് ഇടപാടുകള്‍ നടത്തണമെങ്കിലോ പാന്‍കാര്‍ഡ് നിര്‍ബന്ധമാണ്. ആവശ്യമായ രേഖകളും നിശ്ചിത ഫീസും സഹിതം ഫോം നമ്പര്‍ 49 എ സമര്‍പ്പിച്ചുകൊണ്ട് ഒരു പ്രവാസിക്ക് പാന്‍ കാര്‍ഡിന് അപേക്ഷിക്കാം. പാന്‍കാര്‍ഡ് സേവന കേന്ദ്രങ്ങള്‍ വഴിയോ, യുടിഐഐഎസ്എല്‍ വഴി ഓണ്‍ലൈനായോ അപേക്ഷ നല്‍കാം.

പ്രവാസികള്‍ക്ക് പാന്‍കാര്‍ഡ് ലഭിക്കണമെങ്കില്‍ എന്തെല്ലാം രേഖകള്‍ ആവശ്യമുണ്ട്?

പാസ്പോര്‍ട്ടിന്‍റെ പകര്‍പ്പ് പാന്‍ അപേക്ഷാ ഫോമിനൊപ്പം തിരിച്ചറിയല്‍ രേഖയായി നല്‍കണം. വിലാസത്തിന്‍റെ തെളിവായി ഇനിപ്പറയുന്ന ഏതെങ്കിലും രേഖകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്:

1) പാസ്പോര്‍ട്ടിന്‍റെ പകര്‍പ്പ്

2) താമസിക്കുന്ന രാജ്യത്തെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്‍റിന്‍റെ പകര്‍പ്പ്

3) എന്‍ആര്‍ഇ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്‍റിന്‍റെ പകര്‍പ്പ്

എന്‍ആര്‍ഐ അപേക്ഷകര്‍ക്ക് സ്വന്തമായി ഇന്ത്യന്‍ വിലാസം ഇല്ലെങ്കില്‍, വിദേശത്തെ വീടോ, ഓഫീസ്േ വിലാസമായി നല്‍കാം. വിദേശത്തേക്കാണ് പാന്‍കാര്‍ഡ് അയയ്ക്കേണ്ടതെങ്കില്‍ അതിന്റെ ഫീസ് ഉൾപ്പടെ നൽകണം. 

Latest Videos
Follow Us:
Download App:
  • android
  • ios