എന്താണ് ഫ്രീഡം സ്ക്വയര്‍? സംസ്ഥാന ബജറ്റിൽ യുവ സംരംഭകർക്കായി എന്തെല്ലാം

മൂന്നുവര്‍ഷമെങ്കിലും വിജയകരമായി പ്രവര്‍ത്തിച്ചുവരുന്നതുമായ സംരംഭങ്ങള്‍ നടത്തുന്നവര്‍ക്ക് കോ വര്‍ക്കിംഗ് സ്പേസുകള്‍ നിര്‍മ്മിക്കാം

kerala budget 2025co working space for entrepreneurs

സംസ്ഥാനത്ത് കോ വര്‍ക്കിംഗ് സ്പേസുകള്‍ വികസിപ്പിക്കാനുള്ള നിര്‍ദ്ദേശങ്ങളുമായി സംസ്ഥാന ബജറ്റ്. സ്വന്തമായി ഭൂമി കൈവശമുള്ളതും നൂറില്‍ കൂടുതല്‍ പേര്‍ക്ക് തൊഴിലവസരം നല്‍കാന്‍ കഴിയുന്നതും ചുരുങ്ങിയത് മൂന്നുവര്‍ഷമെങ്കിലും വിജയകരമായി പ്രവര്‍ത്തിച്ചുവരുന്നതുമായ സംരംഭങ്ങള്‍ നടത്തുന്നവര്‍ക്ക് കോ വര്‍ക്കിംഗ് സ്പേസുകള്‍ നിര്‍മ്മിക്കാം. ഇതിനായി സംരംഭകര്‍ക്ക് 10 കോടി രൂപവരെ 5% പലിശയില്‍ വായ്പ നല്‍കും. ഇങ്ങനെ സ്ഥാപിക്കുന്ന കോ വര്‍ക്കിംഗ് സ്പേസുകളുടെ 90 ശതമാനവും രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഉപയോഗിച്ച് തുടങ്ങുകയും ആനുപാതികമായ തൊഴില്‍ സൃഷ്ടിക്കുകയും ചെയ്താല്‍ പലിശയുടെ ഒരു ഭാഗം ഇളവ് ചെയ്തു കൊടുക്കും. കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ വഴിയാണ് വായ്പ അനുവദിക്കുക. പ്രാരംഭഘട്ടം എന്ന നിലയില്‍ 10 കോടി രൂപ ബജറ്റില്‍ അനുവദിച്ചു.

വിവിധ കോളേജുകളില്‍ പ്രവര്‍ത്തിക്കുന്ന ഇന്നവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍ററുകള്‍ പരസ്പരം കോര്‍ത്തിണക്കാനുള്ള പദ്ധതിയും ധനമന്ത്രി ബജറ്റില്‍ അവതരിപ്പിച്ചു. ഫ്രീഡം സ്ക്വയര്‍ എന്ന പേരില്‍ നടപ്പിലാക്കുന്ന പദ്ധതി എല്ലാ ജില്ലകളിലും നടപ്പിലാക്കുന്നതിന് രണ്ട് കോടി രൂപ അനുവദിച്ചു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ നടപ്പിലാക്കുന്ന പുതുതലമുറ പരീക്ഷണ തൊഴില്‍ ശാലകളാണ് ഫ്രീഡം സ്ക്വയര്‍. ബിരുദതലത്തില്‍ തന്നെ സ്റ്റാര്‍ട്ടപ്പ് അവബോധം സൃഷ്ടിക്കാനും സംരംഭക അഭിരുചിയുള്ളവരെ കണ്ടെത്താനും ലക്ഷ്യമിട്ട് ആവിഷ്കരിച്ച പദ്ധതിയാണ് ഇന്നവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍റര്‍. മെഡിക്കല്‍-കാര്‍ഷിക ശാസ്ത്ര പഠനം മുതല്‍ പോളിടെക്നിക്, എന്‍ജിനീയറിങ് തുടങ്ങി സംസ്ഥാനത്തൊട്ടാകെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി 502 ഓളം ഐഇഡിസികളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. എഞ്ചിനീയറിംഗ്, പോളിടെക്നിക് കോളേജുകള്‍ക്ക് പുറമെ ആര്‍ട്സ; സയന്‍സ്, മ്യൂസിക്, ലോ, ഫൈന്‍ ആര്‍ട്സ്, ട്രെയിനിംഗ്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളേജുകള്‍, മറ്റ് കോളേജുകള്‍ എന്നിവിടങ്ങളിലും ഐഇഡിസികള്‍ ആരംഭിക്കാനാകും. 

പ്രശസ്ത ഐടി കമ്പനിയായ സോഹോ കോര്‍പ്പറേഷന്‍ കൊട്ടാരക്കരയില്‍ ആരംഭിക്കുന്ന ഐടി പാര്‍ക്ക് വരുന്ന ഏപ്രില്‍ മാസം പ്രവര്‍ത്തനം തുടങ്ങുമെന്ന് ധനമന്ത്രി പറഞ്ഞു. കേരളത്തിലെ ചെറുപട്ടണങ്ങളിലും ഗ്രാമങ്ങളിലും ഐടി വ്യവസായങ്ങള്‍ വിജയകരമായി നടന്നു വരുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സുല്‍ത്താന്‍ബത്തേരി, ചേര്‍ത്തല തുടങ്ങിയ ചെറുപട്ടണങ്ങളില്‍ അടക്കം പ്രവര്‍ത്തിക്കുന്ന ഐടി കമ്പനികളെ കുറിച്ചും ധനമന്ത്രി ബജറ്റില്‍ പരാമര്‍ശിച്ചു

Latest Videos
Follow Us:
Download App:
  • android
  • ios