ഓരോ ജില്ലകളിലും പ്രത്യേക സംഘങ്ങളെ രൂപീകരിച്ച് അന്വേഷണം, പാതി വില തട്ടിപ്പ് കേസ് ഇന്ന് ക്രൈം ബ്രാഞ്ചിന് കൈമാറും

അനന്തുകൃഷ്ണന്‍ രൂപീകരിച്ച എന്‍ ജി ഒ കോണ്‍ഫെഡറേഷന്‍റെ ഉപദേശകനായിരുന്ന വിരമിച്ച ഹൈക്കോടതി ജഡ്ജി സി എന്‍ രാമചന്ദ്രന്‍ നായരെ കേസിൽ പൊലീസ് പ്രതി ചേർത്തിട്ടുണ്ട്

Special teams formed in each district to investigate half price scam case handed over to Crime Branch today

തിരുവനന്തപുരം: പാതി വില തട്ടിപ്പ് കേസ് ഇന്ന് ക്രൈം ബ്രാഞ്ചിന് കൈമാറും. ക്രൈം ബ്രാഞ്ചിന്‍റെ സാമ്പത്തിക കുറ്റ കൃത്യ വിഭാഗത്തിന് കൈമാറി ഡി ജി പി ഇന്ന് ഉത്തരവിറക്കും. ഓരോ ജില്ലകളിലും പ്രത്യേക സംഘങ്ങളെ രൂപീകരിച്ചായിരിക്കും കേസന്വേഷണം. സാമ്പത്തിക തട്ടിപ്പ് കേസിൽ ആനന്ദ് കുമാറിനെ പൊലിസ് വൈകാതെ ചോദ്യം ചെയ്യും. പ്രതിമാസം അനന്തുകൃഷ്ണന്‍റെ സംഘടനയിൽ നിന്നും ആനന്ദ് കുമാർ പ്രതിഫലം വാങ്ങിയതിന്‍റെ രേഖകൾ ലഭിച്ച സാഹചര്യത്തിലാണ് ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്.

പാതിവില തട്ടിപ്പ്: റിട്ട.ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായരും അനന്തകുമാറും പ്രതികൾ; പെരിന്തൽമണ്ണ പൊലീസ് കേസെടുത്തു

അതേസമയം അനന്ദു കൃഷ്ണന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ചോദ്യം ചെയ്യൽ പൂർത്തിയാക്കി വിശദമായ റിപ്പോർട്ട് സഹിതം അനന്തുവിനെ ഇന്ന് പൊലീസ് മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കും. അനന്തു നൽകിയ മൊഴിയിലെ ആധികാരികത പരിശോധിക്കാൻ ഇയാളുടെ സ്ഥാപനത്തിലെ ജീവനക്കാരെയും വിളിച്ചുവരുത്തിയിട്ടുണ്ട്. ഇവരെ ഒരുമിച്ചിരുത്തി വിവരങ്ങൾ തേടിയാവും അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുക. വിവിധ രാഷ്ട്രീയ കക്ഷികൾക്ക് തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ലക്ഷങ്ങൾ നൽകിയിട്ടുണ്ടെന്ന് അനന്തു പറഞ്ഞെങ്കിലും നേതാക്കളുടെ പേര് വിവരങ്ങൾ കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല. അനന്തുവിന്‍റെ പണമിടപാട് സംബന്ധിച്ച് കൂടുതൽ പരിശോധനകൾ ആവശ്യമാണെന്നും ബാങ്കുകളോട് വിശദാംശങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മൂവാറ്റുപുഴ പൊലീസ് അറിയിച്ചു. അഞ്ച് ദിവസം കസ്റ്റഡിയിൽ ഉണ്ടായിരുന്ന അനന്തുവിനെ വിവിധ ഇടങ്ങളിൽ എത്തിച്ച് തെളിവ ശേഖരണം നടത്തിയിരുന്നു. ഇയാളുടെ എറണാകുളത്തുള്ള ഫ്ലാറ്റും ഓഫീസുകളും സീൽ ചെയ്ത പൊലീസ്, വിശദ പരിശോധനയ്ക്കായി സെർച്ച് വാറണ്ടിനായി കോടതിയിൽ ഇന്ന് അപേക്ഷയും നൽകും.

അനന്തുകൃഷ്ണന്‍ രൂപീകരിച്ച എന്‍ ജി ഒ കോണ്‍ഫെഡറേഷന്‍റെ ഉപദേശകനായിരുന്നു വിരമിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായരെ കേസിൽ പൊലീസ് പ്രതി ചേർത്തിട്ടുണ്ട്. അനന്തുവിന്‍റെ തട്ടിപ്പിന് ഇരയായ അങ്ങാടിപ്പുറം കെ എസ് എസ് എന്ന സംഘടനയുടെ ഭാരവാഹികള്‍ നല്‍കിയ പരാതിയിലാണ് രാമചന്ദ്രന്‍ നായരെ കൂടി പ്രതിയാക്കി പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്തത്. സായിഗ്രാമം മേധാവി ആനന്ദകുമാറടക്കം എന്‍ ജി ഒ കോണ്‍ഫെഡറേഷന്‍റെ അഞ്ച് ഭാരവാഹികളെ കൂടി പ്രതി ചേര്‍ക്കാന്‍ മൂവാറ്റുപുഴ പൊലീസും തീരുമാനിച്ചിട്ടുണ്ട്. അതേസമയം ആരോപണങ്ങള്‍ രാമചന്ദ്രന്‍നായര്‍ നിഷേധിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios